ഒരു പശുവാല്‍ കഥ

വേനലിന്റെ ആധിക്യം വെള്ളാനിക്കോട് പരിസരമാകെയുള്ള കിണറുകളെ വറ്റിച്ചു കളഞ്ഞു. ഇനിയും ആകെ വറ്റാതെയുള്ളത് രഞ്ചുവിന്റെ വീട്ടിലെ കിണറാണ്. കനാല്‍ തൊട്ടരികിലൂടെ പോകുന്നതുകൊണ്ട് ആ കിണര്‍ വറ്റാറില്ല. ഇക്കാരണംകൊണ്ട് വെള്ളം കോരാന്‍ വരുന്ന കൂട്ടുകാരുടെ മുമ്പിലൂടെ രഞ്ചു രണ്ടു കൈകളും അരയില്‍ കുത്തി പുരികം മേപ്പോട്ട് പൊക്കിത്താഴ്ത്തി ഗമയോടെ നടക്കും. കുഞ്ഞുവിനും ജൈസനും രഞ്ചുവിന്റെ ആ നില്‍പ്പ് കാണുന്നതേ കലിയാണ്.

ഒരു ദിവസം ഡെല്ലയും  ആല്‍ബിയും വെള്ളം കോരാന്‍ രഞ്ചുവിന്റെ വീട്ടിലേക്കു പോയി. പതിവ് പോലെ രഞ്ചു മുള്ളന്‍കൊഞ്ച് മുടി ചീകിപ്പൊക്കി അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. തൊട്ടടുത്ത തൊഴുത്തില്‍ അമ്മിണിപ്പശു മ്പേ... വച്ച് കരഞ്ഞു വിളിക്കുന്നുണ്ട്. ഇതുകണ്ട് ആല്‍ബി ഓടിപ്പോയി കനാലരികിലെ കാട്ടുപൊന്തയില്‍ നിന്ന് കുറെ വള്ളിപ്പുല്ല് പറിച്ച് അമ്മിണിക്ക് കൊടുത്തു. രഞ്ചുവിന് ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ''എന്റെ വീട്ടിലെ കാര്യം നീ അന്വേഷിക്കേണ്ട'' എന്നും പറഞ്ഞ് രഞ്ചു ആല്‍ബിയെ ഒറ്റ തള്ള്! പ്ധോം...ദാ കിടക്കുന്നു ആല്‍ബി പശുവിന്റെ കാല്‍ച്ചുവട്ടില്‍. ഇതെല്ലാം കണ്ടു ഒന്നും ചെയ്യാന്‍ കഴിയാതെ ഡെല്ല തരിച്ച്ചുനിന്നുപോയി. അമ്മിണിപ്പശു കണ്ണുകള്‍ ചിമ്മിയടച്ച്ചു അരികിലേക്ക് മാറിനിന്നു. പതിയെ എണീറ്റ ആല്‍ബി പെങ്ങളെ ഒന്ന് നോക്കി. എന്നിട്ട് നിറച്ചുവച്ച കുടമെടുത്ത് വീട്ടിലേക്കു നടന്നു. ഇതെല്ലാം കണ്ടു കുഞ്ഞുവും കൂട്ടുകാരും നില്‍ക്കുന്നുണ്ടായിരുന്നു. ദേഷ്യവും അരിശവും അടക്കിപ്പിടിച്ച് അവരും വീട്ടിലേക്കു പോയി.

കുറെ ദിവസങ്ങള്‍ക്കു ശേഷം രഞ്ചു, പശുവിനെ തീറ്റാന്‍ ആല്‍ബിയുടെ വീടിനരികിലെ മലഞ്ചെരുവിലേക്ക് പോയി. കശുമാങ്ങ പെറുക്കി കൂട്ടാന്‍ ഒരു പ്ലാസ്റ്റിക്‌ തൊട്ടിയും കയ്യിലുണ്ടായിരുന്നു. അമ്മിണി മലഞ്ചെരുവില്‍ മേഞ്ഞുനടന്ന്  അതിന്റെ വിശപ്പടക്കി. അകലെനിന്നു പശുവിനെ കണ്ട ആല്‍ബി, അമ്മിണിക്കരികില്‍ ചെന്ന് അതിന്റെ തലയില്‍ തലോടി. തലയാട്ടി അമ്മിണിപ്പശു അതിന്റെ സ്നേഹം പ്രകടിപ്പിച്ചു. അപ്പോഴേക്കും കശുമാങ്ങ പെറുക്കിയ തൊട്ടിയും പിടിച്ച് രഞ്ചു അരികിലെത്തി. പെട്ടെന്ന് ആല്‍ബി ഡെല്ലയ്ക്കരികിലേക്ക് ഓടിപ്പോയി. അപ്പോഴും അവിടെ ഡെല്ലയും കുഞ്ഞുവും കൂട്ടുകാരും ചേര്‍ന്ന് 'കള്ളനും പോലീസും' കളിക്കുന്നുണ്ടായിരുന്നു.

കശുമാങ്ങ പെറുക്കിയ തൊട്ടി കൈയ്യില്‍ പിടിച്ച് പശുവിനെ ആട്ടി മുന്നോട്ട് നടന്ന രഞ്ചു ഇടവേളകളില്‍ കശുമാങ്ങ ചപ്പിക്കൊണ്ടിരുന്നു. മലഞ്ചെരിവു കഴിഞ്ഞ് പുറകിലേക്ക് നോക്കിയപ്പോള്‍ അമ്മിണിപ്പശുവിനെ കാണാനില്ല! അമ്മിണീ..........എന്ന് ദേഷ്യത്തോടെ വിളിച്ച് രഞ്ചു പുറകിലേക്കോടി. അമ്മിണിയെ കണ്ടതും തൊട്ടരികില്‍കിടന്ന ചുള്ളിക്കമ്പെടുത്ത് ആ മിണ്ടാപ്രാണിയെ ഒരുപാട് അടിച്ചു. എന്നിട്ട് ഒരു കയ്യില്‍ തൊട്ടിയും മറുകയ്യില്‍ പശുവിന്റെ കയറും പിടിച്ചു നടക്കാന്‍ തുടങ്ങി. ഇപ്രാവശ്യം അമ്മിണി പിണങ്ങി. അവള്‍ നടന്നില്ല. രഞ്ചു കുറെ അടിച്ചു നോക്കി. രക്ഷയില്ലാ...! രണ്ടു കൈകളുംകൊണ്ട് കയര്‍ പിടിച്ചു വലിച്ചാല്‍ ചിലപ്പോള്‍ അമ്മിണി നടക്കും. പക്ഷെ തൊട്ടി ആരെടുക്കും?  അപ്പോഴാണ്‌ ദ ഗ്രേയ്റ്റ് ഐഡിയ അവന്റെ മനസ്സില്‍ തോന്നിയത്. തൊട്ടിയെടുത്ത് രഞ്ചു പശുവിന്റെ പുറകിലേക്കോടി. എന്നിട്ട് തൊട്ടി പശുവിന്റെ വാലില്‍ വരിഞ്ഞുകെട്ടി. പോരാത്തതിന് ഒരു മുട്ടന്‍ കൊന്നവടിയെടുത്ത്  ഉശിരന്‍ രണ്ടടി കൊടുത്തതും, അമ്മിണി പറ പറന്നു.
മലഞ്ചെരുവില്‍ കിടന്ന ഉരുളന്‍ കല്ലുകളില്‍ തട്ടിത്തെറിച്ച് തൊട്ടിയിലെ കശുമാങ്ങകള്‍ വമ്പന്‍ ബൌണ്‍സറുകളായി. പട... പടേ... പട... പടേ...ശബ്ദം കേട്ട് അമ്മിണി കൂടുതല്‍ വെളറി പിടിച്ച് ഓടാന്‍ തുടങ്ങി. വഴിയില്‍ എന്താണ് നടക്കുന്നതെന്നറിയാന്‍ ജനങ്ങള്‍ തടിച്ചുകൂടി. പശുവിനു പുറകെ തൊട്ടിയും പിന്നാലെ രഞ്ചുവും അതിനും പുറകെ ആല്‍ബിയും ഡെല്ലയും കുഞ്ഞുവും കൂട്ടുകാരും ഓടി. തൊട്ടിപാട്ടയുടെ ശബ്ദം അമ്മിണിപ്പശുവിനെ കൂടുതൽ പരിഭ്രാന്തയാക്കി. എല്ലാവരും നോക്കി നില്‍ക്കെ, രഞ്ചുവിന്റെ പപ്പ അമ്മിണിയെ കഴുത്തില്‍ കുരുക്കിട്ട് ആല്‍മരത്തില്‍ പിടിച്ചു കെട്ടി. പിന്നാലെ വന്ന തൊട്ടിപാട്ട രഞ്ചുവിന്റെ പപ്പയുടെ മൊട്ടത്തലയിൽ തട്ടി ഒരു വലിയ മുഴയുണ്ടാക്കി. കിതച്ചുകൊണ്ട് നിന്ന അമ്മിണിക്ക് ആല്‍ബിയും കൂട്ടുകാരും പുല്ലിട്ടുകൊടുത്തു. ജാള്യതയോടെ നിന്ന രഞ്ചു കൂട്ടുകാരുടെ മുഖത്തു മാറി മാറി നോക്കി. കുഞ്ഞുവും കൂട്ടുകാരും വീട്ടിലേയ്ക്ക് ഓടുന്നതിനിടയില്‍, രഞ്ചുവിനു കിട്ടാനുള്ള അടികളുടെ എണ്ണമോര്‍ത്തു ചിരിക്കുന്നുണ്ടായിരുന്നു.