ന്യൂട്ടൺ പറഞ്ഞത് !!!

ലൈസ ടീച്ചര്‍ എന്നും പറയാറുണ്ട്, നിധിന്‍ ഒരു നാണംകുണുങ്ങിയാണെന്ന്. എന്തു ചോദിച്ചാലും അവന്‍ തലതാഴ്ത്തി നിന്ന് ഒരു നിസംഗത മാത്രമേ കാണിക്കാറുള്ളൂ. ഇതുകണ്ട് മറ്റു കുട്ടികളെല്ലാം ചിരിക്കും. സ്‌കൂള്‍ ബസില്‍ കയറിയാല്‍ മേരിചേച്ചിയും പറയുന്നത് ഇതു തന്നെയാണ്. ഈ കുഞ്ഞ് മാത്രം എന്താ ഇങ്ങനെ? 

സ്‌കൂള്‍ ബസില്‍നിന്ന് കുട്ടികളെയെല്ലാം വീട്ടുപടിയ്ക്കല്‍ ഇറക്കിവിടുന്നതും രാവിലെ അവരെ അതതു ക്ലാസുകളിലെത്തിക്കുന്നതും മേരിചേച്ചിയാണ്. പിന്നീട് ഉച്ചക്കഞ്ഞി തയ്യാറാക്കലും മേരിചേച്ചിയുടെ ജോലിയാണ്. 'ഇതാ കര്‍ത്താവിന്റെ ദാസി' എന്ന കന്യാമാതാവിന്റെ ഒരു പ്രകൃതം തന്നെയാണ് മേരിചേച്ചിക്കുമുള്ളത്. ഉച്ചക്കഞ്ഞി പാചകം കഴിഞ്ഞാല്‍ മേരിചേച്ചി ചൂലെടുത്ത് സ്‌കൂള്‍, പള്ളി പരിസരത്തേയ്ക്ക് ഓടും. പള്ളി മുറ്റം മുഴുവന്‍ പരന്ന് തണല്‍ വിരിച്ചു നില്‍ക്കുന്ന മാവിന്‍ചുവടുകളിലേയ്ക്ക്. പൊഴിഞ്ഞുവീണ ഇലകളെല്ലാം അടിച്ചുകൂട്ടിയിട്ട് നടുനിവര്‍ത്തുന്നനേരം സ്‌കൂള്‍ ബസ് നിറയെ കുട്ടികളുമായി ഓട്ടത്തിന് റെഡിയായി നില്‍ക്കുന്നുണ്ടാവും. 

നിധിന്റെ വീടിനു മുമ്പില്‍ ബസ് നിര്‍ത്തി. ചെറിച്ചിയമ്മാമ്മ വീട്ടുപടിയ്ക്കല്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കുഞ്ഞിനെ ചെറിച്ചിയമ്മാമ്മയെ ഏല്‍പ്പിച്ച് ഡോര്‍ അടക്കുന്നേരം മേരിചേച്ചി ചിന്തിച്ചു. ഈ വീട്ടില്‍ വേറെ ആരുമില്ലേ? കുഞ്ഞിന് തന്തേം തള്ളേം ഒന്നും ഇല്ലേ?പരാധീനത പിടിച്ച ഈ അമ്മാമ്മ മാത്രമാണോ കുഞ്ഞിനുള്ളത്? 

സ്‌കൂള്‍ ബസ് യാത്ര തുടര്‍ന്നു. വഴിവക്കില്‍ നിന്ന് ഒരു പൂച്ച സാകൂതം നോക്കുന്നുണ്ട്. ഒരു മഞ്ഞ പെട്ടിക്കൂട് നിറയെ മനുഷ്യകുഞ്ഞുങ്ങളെ നിറച്ച് ഓടിപ്പോകുന്നു. ഇടയ്ക്ക് പെട്ടിക്കൂടിന്റെ ഇടത്തും മറ്റു ചിലപ്പോള്‍ വലത്തും മഞ്ഞവിളക്കുകള്‍ തെളിയുന്നു. അതിനെയവര്‍ 'ഇന്‍ഡിക്കേറ്ററുകള്‍' എന്നു വിളിക്കുന്നു. 

ചെറിച്ചിയുടെ മകന്‍ വര്‍ഗീസ്, നീളന്‍ മുടിയും ചാരക്കണ്ണുകളുമുള്ള നല്ല വെളുത്ത് സുന്ദരനാണ്. ആദ്യത്തെ ചായകുടിയില്‍ തന്നെ വര്‍ഗീസിന് ലൂസിയെ ഇഷ്ടമായി. ചെറുക്കനും പെണ്ണിനും ഇഷ്ടമായ സ്ഥിതിയ്ക്ക്, പെട്ടെന്ന് തന്നെ വിവാഹം നടന്നു. വിരുന്നുപോക്കും ക്രിസ്മസും പെരുന്നാളുമെല്ലാം കഴിഞ്ഞ് വര്‍ഗീസ് വടക്കെ ഇന്ത്യയില്‍ ജോലിക്കു പോയി. 

റെയില്‍പാളങ്ങളില്‍ ഇരുമ്പുചക്രമുരുളുകയാണ്. ഒരു കടലലയില്‍പെട്ടപോലെ അയാള്‍ക്കുതോന്നി. ഇടയ്ക്ക് കാതടപ്പിക്കുന്ന തരം ശബ്ദം ഉറക്കത്തെ അലോസരപ്പെടുത്തി. ഇരുമ്പുദണ്ഡുകള്‍ കൂട്ടിയിണക്കി, നഗരങ്ങളെ കോര്‍ത്തിണക്കി മനുഷ്യര്‍ സഞ്ചരിക്കുകയാണ്. വര്‍ഗീസ് അരണ്ട വെളിച്ചത്തില്‍ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമിലിറങ്ങി. ജനുവരി തീരാറായെങ്കിലും ഷിംലയില്‍ ഇപ്പോഴും മരംകോച്ചുന്ന തണുപ്പാണ്. പലതരത്തിലുള്ള ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. മിക്കവാറുംപേരും പരസ്പരം മിണ്ടുന്നില്ല. ഭാര്യ ലൂസിയും ചെറുച്ചിയമ്മയും കഴിഞ്ഞരാത്രിയില്‍ താന്‍ കണ്ട സ്വപ്‌നത്തിലെ കഥാപാത്രങ്ങളായിരുന്നോ എന്ന് അയാള്‍ക്കു തോന്നിപ്പോയി. 

വര്‍ഗീസ് എന്ന വിളികേട്ട് തിരിഞ്ഞുനോക്കിയപ്പോഴാണ് അന്‍ഷുമാന്‍ ധ്യാനിയെ അയാള്‍ കണ്ടത്. ഷിംല കത്തീഡ്രല്‍ പള്ളിപരിസരത്തുകൂടി കാര്‍ മുന്നോട്ടു നീങ്ങി. കുനിഞ്ഞുകൂടി ഇരുന്ന് അന്‍ഷുമാന്‍ കാറോടിക്കുകയാണ്. അന്‍ഷുവിന്റെ അച്ഛന്‍ ഗണേഷ്‌കുമാര്‍ ധ്യാനി നാല്‍പതുവര്‍ഷം മുന്‍പ് ഡെഹ്രയില്‍നിന്ന് ഷിംലയിലേയ്ക്ക് കുടിയേറിയതാണ്. ഇന്ന് അറുപതോളം ഏക്കര്‍ ആപ്പിള്‍ തോട്ടത്തിന്റെ ജമീന്ദാറാണ്. ഒരു മണിക്കൂര്‍ യാത്ര മതി ഗഗന്‍ ഹേമന്ദ് നഗറിലെത്താന്‍. അവിടുന്ന് ഒരു ചെറിയ മലഞ്ചെരിവു കഴിഞ്ഞാല്‍ ധ്യാനിയുടെ വസതിയായി; 'ശിവഗംഗ'. കഴിഞ്ഞ ആറുവര്‍ഷമായി വര്‍ഗീസ്, 'ശിവഗംഗ'യിലെ ഔട്ട്ഹൗസിലാണ് താമസം. വിളഞ്ഞു പാകമാകുന്ന ആപ്പിളുകള്‍ തോട്ടം മാനേജരായ വര്‍ഗീസിന്റെ നിര്‍ദ്ദേശമനുസരിച്ച് ജോലിക്കാര്‍ പറിക്കുന്നു.  പറിച്ചെടുത്തതെല്ലാം തൊഴിലാളികൾ കൂടകളിലാക്കുന്നു. പിന്നെ ചെറിയ പെട്ടികളിലാക്കി ലോറികളില്‍ കയറ്റിവിടും. 

ഗഗന്‍ ഹേമന്ദ് നഗറിനെ സായിപ്പ് 'ഗഗോണ്‍ ഹൈമൗണ്ട്' ആക്കി. ഗഗോണ്‍ ഹൈമൗണ്ട് ആപ്പിള്‍ പ്രശസ്തമാണ്. ഇവിടുത്തെ ആപ്പിള്‍ വാലിയില്‍ തൊഴിലെടുക്കാന്‍ ഒരുപാട് മനുഷ്യര്‍ വന്നു ചേര്‍ന്നു. ആപ്പിള്‍ മരയിലകള്‍ക്കിടയില്‍ എന്നും ആപ്പിള്‍ പഴങ്ങള്‍ ചുവന്നുതുടുത്തു നിന്നു.

ചെറിച്ചിയമ്മയ്ക്ക് വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ വന്നുതുടങ്ങി. ചെറുപ്പം മുതലുള്ള ആസ്തമയും മൂര്‍ച്ഛിച്ചിരിക്കുന്നു. പലചരക്കുകടയില്‍ പോകുന്നതും റേഷന്‍സാധനങ്ങള്‍ വാങ്ങുന്നതുമെല്ലാം നിറവയറേന്തിയ ലൂസിയാണ്. ലൂസിയ്ക്ക് ഇത് ഏഴാം മാസമാണ്. ഒരു ദിവസം ലൂസിയെ ആളൂര് വച്ച് വര്‍ഗീസിന്റെ പെങ്ങള്‍ റീത്ത കണ്ടിരുന്നു. റേഷൻ കടയിൽ നിന്ന് ഇറങ്ങുന്ന നേരം ലൂസി അടുത്ത് നിന്ന ജോസിനോട് എന്തോ സംസാരിക്കുന്നുണ്ടായിരുന്നു.

ഒരു കാര്യവുമില്ലാതെ ലൂസി എന്തിനാണ് അവനോട് സംസാരിച്ചത് ? അമ്മയറിയാതെ വന്നതായിരിക്കുമോ? അല്ലെങ്കില്‍ പിന്നെ ഇവള്‍ക്കിത്ര പെട്ടെന്ന് എങ്ങനെ ഗര്‍ഭമുണ്ടായി? റീത്തയ്ക്ക് ഒരുപാട് ചോദ്യങ്ങള്‍ ഇങ്ങനെ ചോദിക്കണമെന്നായി.

ജോസിന്റെ മുഴുവൻ ചരിത്രവും റീത്ത ചികഞ്ഞറിഞ്ഞു. ഏതൊക്കെയോ സ്ത്രീകളെ വഴിപിഴപ്പിച്ചവനാണെന്നും മറ്റും... വര്‍ഗീസറിയാതെ റീത്ത പെങ്ങള്‍ തന്നാലാവുംവിധം ലൂസി നാത്തൂന് ഒരു 'നല്ല പേര്' നാട്ടില്‍ ഉണ്ടാക്കിക്കൊടുത്തു. 

ക്രിസ്മസും പെരുന്നാളും ഓരോ വര്‍ഷവും കടന്നുവരും, ഒപ്പം വര്‍ഗീസ് ചേട്ടനും. ഇടവിട്ട രണ്ടു ക്രിസ്മസ് രാവുകള്‍ക്കിപ്പുറം വര്‍ഗീസിനും ലൂസിയ്ക്കും ഓരോരോ മക്കളുണ്ടായി. നിധിനും, നൈസിയും. റീത്തയുടെ സംശയചോദ്യാവലിക്ക് നാട്ടുകാര്‍ ഉത്തരംതേടിയത് പലപ്പോഴും വര്‍ഗീസിന്റെ കണ്ണുകളിലായിരുന്നു.

ആ നാടുമുഴുവൻ റീത്ത വഴിപിഴച്ചുപോയെന്ന പല തരത്തിലുള്ള കഥകൾകൊണ്ട് നിറഞ്ഞു. ഒരു രാത്രി വര്‍ഗീസ് ലൂസിയോടു പറഞ്ഞു; "എനിക്കു മനസിലാകുന്നില്ല, ആള്‍ക്കാരുടെ നോട്ടം കണ്ടാല്‍ ഞാനെന്തോ തെറ്റു ചെയ്തപോലെ
യാണ്!!"

ആപ്പിള്‍ മരങ്ങളില്‍നിന്ന് തോളില്‍തൂക്കിയ കൂടകളിലേയ്ക്ക് പെണ്ണുങ്ങള്‍ ആപ്പിള്‍ പറിച്ചെടുക്കുന്നു. ചാരക്കണ്ണുകളുള്ള വര്‍ഗീസിനെ ഉത്തരേന്ത്യന്‍ സ്ത്രീകള്‍ക്കെല്ലാം ഇഷ്ടമാണ്. ത്രോയീ ബാനര്‍ജി എന്ന ബംഗാളുകാരിക്ക് പ്രത്യേകിച്ചും. ഒരു ദിവസം ത്രോയി കുറച്ച് ആപ്പിൾ പഴങ്ങൾ വർഗീസിന് കൊടുത്തു. എന്നിട്ട് ആപ്പിൾ മരച്ചുവട്ടിലിരുന്ന് രണ്ടുപേരും കുറച്ചധികനേരം സംസാരിച്ചു. മൂന്നാമത് പിറന്ന തനിക്ക്, ബംഗാളി ഭാഷയിൽ മൂന്നാമത്തെ എന്നർത്ഥം വരുന്ന 'ത്രോയി' എന്ന പേര് മാതാപിതാക്കൾ സ്നേഹപൂർവം സമ്മാനിച്ചതാണെന്നും മറ്റും... 

കൂടയും തൂക്കി ത്രോയി എന്നും തോട്ടത്തിലേയ്ക്ക് വരുമ്പോള്‍ വിരല്‍തുമ്പില്‍ ഒരു രണ്ടുവയസുകാരനുമുണ്ടാവും. ത്രോയി, ഗഗന്‍ ഹേമന്ദ്‌നഗറിലെത്തിയിട്ട് ഇതുവരെ നാട്ടില്‍ പോയിട്ടില്ല. വര്‍ഗീസ് ഇടയ്ക്ക് ചോദിക്കും, നാടിനെക്കുറിച്ച്. പക്ഷെ അവള്‍ ഒന്നും മിണ്ടാറില്ല. 
എന്നാൽ ഒരു ദിവസം ത്രോയി അവളുടെ കഥ പറഞ്ഞു. ആരോരുമില്ലാതായ അവളെ ഒരു മാർവാടി ബോംബെയിലെത്തിച്ചതും പിന്നെ എത്രയോ രാത്രികളിലായി അവളുടെ ശരീരം മലിനമാക്കപ്പെട്ടതും.

ഇപ്രാവശ്യം ക്രിസ്മസിന്, റീത്ത പെങ്ങള്‍ വര്‍ഗീസിനോട് നേരിട്ട് കാര്യം തിരക്കി. "നിന്റെ മക്കളിലൊന്നിനും ചാരക്കണ്ണുകളില്ലല്ലോ?! ഇതു നിന്റെ മക്കള്‍ തന്നെയാണോ?" പാതിരാ കുര്‍ബ്ബാന കഴിഞ്ഞുവന്ന് കള്ളപ്പം ഉണ്ടാക്കുന്ന ലൂസിക്കരികില്‍ വര്‍ഗീസ് വന്നു. കള്ള് മാവിനെ പുളി പിടിപ്പിച്ചതിനേക്കാൾ  വര്‍ഗീസിനെ കള്ള് മത്തു പിടിപ്പിച്ചിരുന്നു. റീത്ത പെങ്ങളുടെ സംശയം മുഴുവന്‍ വര്‍ഗീസ് ലൂസിയോട് ഇടതടവില്ലാതെ ചോദിച്ചു. അമ്പരന്നു നിന്ന ലൂസി, ദൈവത്തിന് നിരക്കാത്തത് പറയരുത്, എന്നെ അവിശ്വസിക്കരുത് എന്നൊക്കെ കേണു പറയുന്നുണ്ട്. മക്കള്‍ രണ്ടും പാതിരാകുര്‍ബ്ബാന കഴിഞ്ഞു വന്ന് ഉറങ്ങുകയാണ്. 'ഞാന്‍ മാത്രമല്ലടീ നാട്ടുകാര്‍ മുഴുവന്‍ പറയുന്നതാണ്  ഞാന്‍ ചോദിച്ചത്...' എന്നും പറഞ്ഞു ലൂസിയെ ചുമരിനോടു ചേര്‍ത്തുവച്ച് വര്‍ഗീസ് അവളുടെ അടിവയറ്റില്‍ ആഞ്ഞുകുത്തി. ചോരവാര്‍ന്നൊഴുകി ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളുടെ പായച്ചുരുളില്‍ തൊട്ടു. 

പുറത്തുവന്ന ലൂസിയുടെ കുടല്‍ച്ചുരുളുകളെ ഡോക്ടര്‍ തിരുകിക്കയറ്റി, വയര്‍ തുന്നിക്കെട്ടി. ലൂസിയ്ക്ക് രക്തം നല്‍കാന്‍, തന്റെ രക്തപരിശോധന കഴിഞ്ഞുവന്ന വര്‍ഗീസിനെ പിന്നെ ആരും ആശുപത്രി പരിസരത്ത് കണ്ടില്ല. 

പുതിയ ഒരു ആപ്പിള്‍ കാലത്തിനിടയിൽ ത്രോയി കൊടുത്തുവിട്ട ഒരു പെട്ടി ആപ്പിളുമായിട്ടാണ് വർഗീസ് നാട്ടിലേക്ക് പോയത്. അന്ന് ആപ്പിള്‍ നല്‍കിയ ത്രോയിയെ, അവളുടെ  രണ്ടുവയസുകാരന്‍ മകന്റെ മുമ്പിൽവച്ച് വർഗീസ് കയറിപ്പിടിച്ചിരുന്നു. ഇപ്പോള്‍ ആശുപത്രിയിൽ, ഭാര്യ ലൂസിയ്ക്ക് രക്തം നല്‍കാന്‍ രക്തപരിശോധന കഴിഞ്ഞ വര്‍ഗീസിന്റെ ഇടനെഞ്ചിലൂടെ ഒരു ചെറുമിന്നല്‍ കടന്നുപോയി, ത്രോയി ബാനര്‍ജി നല്‍കിയ ആ ആപ്പിള്‍...ഒപ്പം ബോംബെയിലെ തെരുവുകളിൽ നിന്ന് അവളിൽ കടന്നുകൂടിയ  മാറാരോഗവും. 

ആംബുലന്‍സ് ശബ്ദം, ഭയങ്കരമായ ഒരു വേദന കാറ്റിലൊളിപ്പിച്ചു കടന്നുപോയി. ചേതനയറ്റ വര്‍ഗീസിന്റെ ശരീരവുമായി അത് ഉമ്മറപ്പടിയില്‍ വന്നു നിന്നു. ആശുപത്രിയിൽ നിന്നുപോയ വർഗീസ് ഇനി തിരിച്ചു വരാൻ ഒരു  ജീവിതമില്ലെന്നോർത്താകണം ആത്മഹത്യ ചെയ്തതത് 

അടിവയറ്റില്‍ തുന്നിക്കെട്ടുമായി, ഏന്തിയേന്തിക്കരഞ്ഞ്, പള്ളിസെമിത്തേരിയിലേയ്ക്ക് ലൂസി നടന്നു. അവളുടെ വിരൽ തുമ്പിൽ  നിധിനും നൈസിയും. ലൂസിയുടെ കണ്ണുകളിൽ നിറഞ്ഞ പളുങ്കുമണികളില്‍ വര്‍ഗീസിന്റെ ചാരക്കണ്ണുകളും ആ കുസൃതിചിരിയുമായിരുന്നു. 

മുറിവ് അൽപ്പം ഉണങ്ങിത്തുടങ്ങിയപ്പോൾ ലൂസി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചോദിച്ചു വാങ്ങി. നിധിനും നൈസിയും സ്‌കൂളില്‍ പോയിത്തുടങ്ങി. ചെറിച്ചിയമ്മാമ്മ അവശയായി കിടപ്പിലാണ്. കൂടെ ലൂസിയ്ക്ക് പനിയും തുടങ്ങി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലൂസിയുടെ പനി ഭേദമാകാതെ പോവുകയാണ്. സലോമിയൊഴിച്ച് ഒരു അയല്‍വീട്ടുകാരും അവിടേയ്ക്കു തിരിഞ്ഞുനോക്കാറില്ല. സലോമി കൊടുക്കുന്ന ഭക്ഷണമാണ് അവരുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ചിലപ്പോഴെങ്കിലും സലോമി കാണാറുണ്ട് മെലിഞ്ഞുവിളര്‍ത്ത ലൂസി രണ്ടു കുഞ്ഞുങ്ങളേയും കൊണ്ട് തൃശൂരെ ആശുപത്രിയിലേയ്ക്ക് പോകുന്നത്. ഒരു ദിവസം ആശുപത്രിയില്‍നിന്നും മടങ്ങി വരുമ്പോള്‍ ലൂസിയുടെ കൈയിലൊരു പ്ലാസ്റ്ററുണ്ടായിരുന്നു. എത്ര ചോദിച്ചിട്ടും സലോമിയോട് ഒന്നും പറയാതെ ലൂസി വീട്ടിലേയ്ക്കു കയറിപ്പോയി. പിന്നീടു കുഞ്ഞുങ്ങള്‍ പറഞ്ഞാണറിയുന്നത് ബസില്‍നിന്നും വീണ് കൈയ്യൊടിഞ്ഞതാണെന്നും, നടക്കാന്‍ പോലും പറ്റാത്തവിധം അവള്‍ അവശയായിട്ടുണ്ടെന്നും. 

"ലൂസി, ഇനി ആശുപത്രിയില്‍ പോകുമ്പോള്‍ ഞാന്‍ കൂട്ടുവരാം. എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല".
സലോമി ലൂസിയോടു പറഞ്ഞു.

വെളുത്ത് സുന്ദരിയായിരുന്ന ലൂസി, ഇന്ന് മെലിഞ്ഞ് തീര്‍ത്തും അവശയായിരിക്കുന്നു. 

സലോമിചേച്ചീ...എനിക്കു കുറച്ചു കരള്‍ കറിവച്ചുതരുമോ?..."
ലൂസി സലോമിയോടു ചോദിച്ചു.

ആ നിമിഷം സലോമി ഒന്നു വിതുമ്പിപോയി.

"അതിനെന്താ നാളെത്തന്നെ തരാമല്ലോ!" സലോമി മറുപടി പറഞ്ഞു.
അന്ന് അവള്‍ സലോമിയുടെ വീട്ടില്‍ വന്നപ്പോഴും വലതുകൈത്തുമ്പില്‍ നൈസിയും നിധിനുമുണ്ടായിരുന്നു.  
 
സലോമിയുടെ ആങ്ങള സൈമൺ ഇറച്ചിവെട്ടുകാരനാണ്. ലൂസിക്കാണെന്നു പറഞ്ഞാല്‍ ഒരുപക്ഷെ അവന്‍ കരള്‍ഇറച്ചി തരില്ല. ഇപ്പോൾ ലൂസിയ്ക്ക് ആളൂര്‍ ദേശം മുഴുവന്‍ ഭൃഷ്ട് കല്‍പ്പിച്ചിരിക്കയാണ്. കാരണം ലൂസിക്ക് എയ്ഡ്സ് രോഗമാണെന്ന വിവരം നാടുമുഴുവൻ ഒരു പകർച്ചവ്യാധിപോലെ പടർന്നു പിടിച്ചിരുന്നു.

പിറ്റേന്ന്, കരള്‍ കറിയുടെ ഗന്ധം മൂക്കില്‍ നിറഞ്ഞതോടെ ലൂസിയുടെ കണ്ഠത്തില്‍ വെള്ളമിറങ്ങുന്നത് സലോമിയ്ക്കു കാണാമായിരുന്നു. ലൂസിയുടെ കൈത്തണ്ടയില്‍ പിടിച്ച് സലോമി കരള്‍ കറി അവള്‍ക്കു പകര്‍ന്നുകൊടുത്തു. കരള്‍കറിയിലെ കുരുമുളകിന്റെ എരിവാണോ, അതോ ഉള്ളില്‍ ഉറഞ്ഞുകൂടിയ വേദനയുടെ കാര്‍മേഘമാണോ അവളുടെ കണ്ണുകളില്‍നിന്ന് നീര്‍ച്ചാലുകളായി ഒഴുകിയത്.

മെലിഞ്ഞുണങ്ങി കണ്ണുകൾ പുറത്തേക്കു തള്ളി നിന്ന ലൂസിയുടെ ആന്തരികാവയവങ്ങളെല്ലാം ഏറെക്കുറെ താളം തെറ്റിയിരുന്നു. നിലാവ് തെളിഞ്ഞു നിന്ന ആ രാത്രി ലൂസി മരിച്ചു.

കണ്ണാടിയില്‍ നോക്കാതിരുന്നാല്‍ തലതിരിഞ്ഞുകാണുന്ന ആംബുലന്‍സ്, കാറ്റില്‍ ഒരു കടലിന്റെ ആരവവും തേങ്ങലുമായി വീണ്ടും ആ വീട്ടു പടിയ്ക്കല്‍ വന്നു നിന്നു. ശ്വാസം നിലച്ച ലൂസിയുടെ, തണുത്തുതുടങ്ങിയ വിരല്‍തുമ്പില്‍ നിധിനും നൈസിയും അപ്പോഴും പിടിച്ചിരുന്നു.

ആപ്പിള്‍ മരങ്ങള്‍ പിന്നെയും പൂത്തു, കായ്ച്ചു, പഴുത്തു. ഉത്പത്തിയിലേ എഴുതിവച്ചിട്ടുണ്ട്, എല്ലാ പഴങ്ങളും കഴിക്കരുതെന്ന്! 
പിന്നെ ന്യൂട്ടണ്‍ പറഞ്ഞതും ശരിയാണ്. 
"ഓരോ പ്രവര്‍ത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തിയുണ്ട്".