'ഡ'

അമ്പിളിയെ അവർ കിണറ്റിലേയ്ക്ക് തള്ളിയിട്ടതാണ്. പിന്നെ നിലാവെളിച്ചത്തിൽ, കിണറ്റിൽകിടന്നു കരഞ്ഞ അമ്പിളിയെ ആദ്യമായി കണ്ടത് ഡേവീഡാണ്. ഓളങ്ങളുലയാതെ അവളെ തൊട്ടിയിൽ കയറ്റി കിണറ്റിൽ നിന്ന് പൊക്കിയെടുക്കാൻ അവൻ ആവതു ശ്രമിച്ചതുമാണ്. തൊട്ടി ആഞ്ഞുവലിക്കുമ്പോഴെല്ലാം, തൊട്ടിയിൽ നിന്ന് അമ്പിളി വീണുപോകല്ലേയെന്ന ആധിയായിരുന്നു അവന്. എത്ര തൊട്ടി വെള്ളം കോരിയെന്ന് അവന് ഓർമ്മയില്ല. അവസാനം ഒരു പാതാളക്കരണ്ടിയെടുത്ത് കിണറ്റിലിട്ട് അവളെ രക്ഷിക്കാൻ ഡേവീഡ് പരിശ്രമിച്ചപ്പോഴാണ്, ലോകം മുഴുവൻ അവനെ വിഡ്ഢിയെന്നു വിളിച്ചത്. 'ഡ' എന്ന അക്ഷരം കാണുമ്പോഴെല്ലാം, പണ്ട് മൂന്നാം ക്ലാസ്സിൽ പഠിച്ച മലയാള പാഠഭാഗത്തിലെ   'വിഡ്ഢിയായ ഡേവിഡി'നെ ഓർമ്മ വരും. ഡേവീഡ്  മണ്ടനായതുകൊണ്ടാണോ അവളെ രക്ഷിക്കാൻ പരിശ്രമിച്ചത്?

ഇന്നു രാത്രി എന്റെ മോൻ ജോപോളു പറഞ്ഞു; അമ്പിളിയെ കണ്ണാടി കൊണ്ടുണ്ടാക്കിയതാണെന്നും, നമ്മുടെ മുഖം നോക്കിയാൽ അമ്പിളിയിൽ കാണാമെന്നും. ഇതു കേട്ട് കുറച്ചു നേരം ഞാൻ മിണ്ടാതിരുന്നു. പണ്ടെങ്ങോ ആരോ പറഞ്ഞു കേട്ടിട്ടുണ്ട്, ചന്ദ്രഗോളത്തിലൊരു മുയലിരിപ്പുണ്ടെന്ന്. അങ്ങനെയാണെങ്കിൽ ഒരു കാര്യം തീർച്ചയാണ്, അമ്പിളിയിലെ മുയൽകുഞ്ഞൻ ചാട്ടം മറന്നു പോയിരിക്കുന്നു. അല്ലെങ്കിൽ അമ്പിളിയ്ക്ക് കിണറ്റിൽ കിടക്കേണ്ട ഈ ഗതി വരില്ലായിരുന്നു. "ആണോ അപ്പേ, അമ്പിളിയെ കണ്ണാടി കൊണ്ടുണ്ടാക്കിയതാണോ?" ജോപോൾ എന്റെ മുഖത്തു പിടിച്ച് ശ്രദ്ധ തിരികെ കൊണ്ടുവന്നു.

"അതെ മോനെ, പകൽവെളിച്ചത്തിൽ സൂര്യനു കൂടെ നിന്ന്, രാത്രിയിൽ നിലാവെളിച്ചമാകുന്ന അമ്പിളി ഒരു കണ്ണാടിത്തുണ്ടാണ്. " ഞാൻ പറഞ്ഞു നിർത്തി.

ഇപ്പോൾ ഞാൻ ജോപോളിനെ 'ഡ' പഠിപ്പി ക്കുകയാണ്. ഇക്കാലത്തെ പാഠപുസ്തകത്തിൽ ആ പഴയ വിഡ്ഢി, ഡേവിഡില്ല! എങ്കിലും ഇപ്പോൾ ഞാൻ മകനു പറഞ്ഞു കൊടുക്കുന്ന കഥയിലെ നായകൻ ആ പഴയ 'ഡേവിഡ്' തന്നെയാണ്. ഒരു തിരുത്തുണ്ടെന്നു മാത്രം. ഡേവീഡ് വിഡ്ഢിയല്ല... അതെ,
 പത്രത്താളുകളിൽ എന്നും നിറയുന്ന  എണ്ണമില്ലാത്ത പീ'ഡ'ന കഥകളിലെ കാമഭ്രാന്തനുമല്ല അവൻ. അർദ്ധരാത്രിയിൽ കിണറ്റിൽ വീണുപോയ അമ്പിളിയെ രക്ഷിക്കാനൊരുങ്ങിയവൻ എങ്ങനെ വിഡ്ഢിയാകും?!!!