ഒരു കല്ലേറു ദൂരം

ഇത് ആൽബിയും ഡെല്ലയും ജനിക്കുന്നതിനും മുന്പാണ്. ആലേങ്ങാട് സ്കൂൾ വഴി ജെടിഎസ്,  കെകെ, സീഗൾ, ബോസ്, റോസ് എന്നീ ബസ്സുകളെല്ലാം    മത്സരിച്ചോടുന്ന കാലം. വെള്ളാനിക്കോടു പള്ളിയിൽ പൂവ്വത്തൂക്കാരൻ അച്ഛൻ വികാരിയായി വന്നു. പഠിത്തമില്ലാതിരുന്ന ഒരു ശനിയാഴ്ച രാവിലെ ജോൺകുട്ടിയും ലിയോയും വെള്ളാനിക്കോടു പള്ളിയിൽ വി.കുർബാനയ്ക്കു പോകാൻ പ്ളാവിൻകുന്ന് ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുകയാണ്.

 തലേന്ന് സ്കൂൾ പടിക്കൽ ഹെഡ്മാഷുടെ നേതൃത്വത്തിൽ ബസുകൾ തടഞ്ഞിട്ടതാണ്. കുട്ടികളെ  കയറ്റുന്നില്ല എന്നതാണ് പ്രശ്നം. അവസാനം ബസുകാർ തോറ്റു. "എത്ര വൈകിയാലും പിള്ളേരെ കയറ്റിയിട്ടേ വണ്ടി വിടൂ" എന്ന ഉറപ്പിൽ വണ്ടിപ്രശ്നം തീർന്നു.

 കൃത്യം 6.40 ന് ബസ് വന്നു. ജോൺകുട്ടിയും ലിയോയും ഓടി കയറി. പ്രഭാതത്തിലെ  കുളിർകാറ്റുമായി  ബസ് ഓടിതുടങ്ങി. കിഴക്കൂടൻ സുനിച്ചേട്ടൻ ബസ്സിലെ ഉശിരുള്ള കിളിയും ആവശ്യഘട്ടങ്ങളിൽ ബസിന്റെ വളയം പിടിക്കാൻ കെൽപ്പുള്ളവനുമാണ്. പക്ഷെ ഇന്ന് അദ്ദേഹം കണ്ടക്ടറുടെ റോളിലാണ്. സുനിചേട്ടൻ നാട്ടുകാരനായതുകൊണ്ട് പൈസ കൊടുക്കുന്നേരം ജോൺകുട്ടി പരിചിതഭാവത്തിൽ ഒന്നു പുഞ്ചിരിച്ചു. കൈയ്യിൽ വാങ്ങിയ ചില്ലറതുട്ടുകളിൽ ഒന്നു നോക്കിയിട്ട് സുനിചേട്ടൻ ജോൺകുട്ടിയോട് അല്പ്പം ഗൗരവത്തിൽ ചോദിച്ചു. "രണ്ടു മിടുക്കൻമാരും കൊച്ചു വെളുപ്പാൻകാലത്ത് എങ്ങോട്ടാ?. ഫുള്ചാർജ് തന്നില്ലെങ്കിൽ ഇപ്പോൾ ഇറക്കിവിടും. പൈസ എടുക്ക്, ബാക്കി പൈസ താ". " അയ്യോ...! ചേട്ടാ ഞങ്ങടെ കൈയ്യില് വേറെ പൈസയില്ലാ". ജോൺകുട്ടി അല്പ്പം വിഷമത്തോടെ പറഞ്ഞു.

കയ്യാലപ്പടി വളവിൽ ബസ് നിർത്തി. "രണ്ടെണ്ണം ഇവിടെ ഇറങ്ങിക്കോ കൺസെഷനും തന്ന് നിങ്ങളെയൊക്കെ മുടക്കു ദിവസവും കൊണ്ടുപോകാൻ ഇതെന്താ ഫ്രീ സർവ്വീസോ?" ആലേങ്ങാട് സ്കൂൾ ഹെഡ്മാഷോടുള്ള ദേഷ്യം മുഴുവൻ ഇപ്പോൾ ഞങ്ങളോടു തീർക്കുകയാണ്. "കഴിഞ്ഞ ശനിയാഴ്ച ഇതുപോലെ ഞങ്ങൾ പള്ളിയിൽ പോയതാണ്. പക്ഷെ..." ജോൺകുട്ടി ഓർത്തുപോയി. മനസില്ലാമനസോടെ രണ്ടുപേരും വണ്ടിയിൽ നിന്നിറങ്ങി. വണ്ടിപോകാൻ നേരം സുനിചേട്ടൻ ബസിലെ യാത്രക്കാർ മുഴുവൻ കേൾക്കെ പറഞ്ഞു. "ഇനി മക്കളു പതുക്കെ ഒന്നു നടന്നേ...മാമൻ കാണട്ടെ!". അൽപ്പം കളിയാക്കിക്കൊണ്ടുള്ള ഈ പറച്ചിൽ പക്ഷെ ലിയോയ്ക്കു തീരെ പിടിച്ചില്ല. റോഡരികിലെ മെറ്റൽ കൂനയിൽനിന്ന് ഒരെണ്ണമെടുത്ത് ലിയോ ഒരേറ്.

ഞായറാഴ്ച വി.കുർബാന കഴിഞ്ഞ് വേദപാഠം തുടങ്ങി. പതിവുപോലെ പൂവ്വത്തൂക്കാരൻ അച്ചൻ ഓരോ ക്ലാസും കയറി പിള്ളേരുടെ പഠനവും മറ്റും വിലയിരുത്തുകയാണ്. അടുത്തതായി അച്ചൻ വരുന്നത് ലിയോ പഠിക്കുന്ന മൂന്നാം ക്ലാസിലേക്കാണ്. അച്ചൻ ക്ലാസിൽ കയറിയ ഉടൻ എല്ലാവരും സ്തുതി കൊടുത്തു. വി. കുർബാനയ്ക്കിടെ സംസാരിക്കുക, മുടക്കുദിവസങ്ങളിൽ വി.കുർബാനയ്ക്കു വരാതിരിക്കുക, കുർബാനയ്ക്കു വന്നിട്ടു നിത്യസഹായമാതാവിന്റെ നൊവേനയ്ക്കു നിൽക്കാതെ മുങ്ങുക, വേദപാഠ പരീക്ഷ തോൽക്കുക ഇവയ്ക്കെല്ലാം അച്ഛനിൽ നിന്ന് ചൂരൽകഷായം പ്രതീക്ഷിക്കാവുന്നതാണ്. ഇന്ന് നമ്മുടെ ലിയോ വിറങ്ങിലിച്ചിരുപ്പാണ്. ശനിയാഴ്ചത്തെ കല്ലേറ് വെള്ളാനിക്കോടു പ്രദേശം മുഴുവൻ വൈറലാണ്. അച്ചനറിഞ്ഞുകാണും തീർച്ച. "ഇനി നീയെറിയുമോടാ... ഇനിയെറിഞ്ഞാൽ നിന്റെ കണ്ണു ഞാൻ അടിച്ചുപൊട്ടിക്കും!". എന്ന് സുനിചേട്ടൻ പറഞ്ഞത്, ലിയോ പേടിച്ചുവിറച്ച് ഓർത്തുപോയി.

ജോൺകുട്ടി അഞ്ചാംക്ലാസിൽ 'മച്ചാൻ' മാഷുടെ ക്ലാസിലാണ്. മാഷ് 'ഇസ്രായേല്ക്കാർ' എന്ന് എത്ര പ്രാവശ്യം പറയുന്നുവോ അത്രയും പ്രാവശ്യം 'മാരുതികാർ' എന്നു പറയുന്ന വിരുതൻ ജോജുവും, മുൻ ബെഞ്ചിലിരിക്കുന്ന ലിജോയുടെ മുതുകിൽ കുത്തി 'കമ്പ്യൂട്ടർ സ്ക്രീൻ' പ്രവര്ത്തിപ്പിക്കുന്ന 'ടെക്കി'  റൂബിനും, പഞ്ചപാവം വില്ലിയുമെല്ലാം ജോൺകുട്ടിയുടെ ഫ്രണ്ട്സാണ്. "ജോൺകുട്ടിയോട് മൂന്നാം ക്ലാസിലേയ്ക്ക് ചെല്ലാൻ പറയുന്നു". മച്ചാൻമാഷ് അറിയിപ്പ് കിട്ടിയ ഉടൻ വിളിച്ചു പറഞ്ഞു. സാധാരണ അനിയൻ ലിയോയുടെ കുസൃതികൾക്കാണ് ചേട്ടനെ വിളിച്ചു വരുത്താറുള്ളത്. ജോൺകുട്ടി വേഗം മൂന്നാം ക്ലാസിലേയ്ക്ക് പോയി.

സംഗതി, ഗൗരവം അൽപ്പം കൂടുതലാണ്. ബസിന് കല്ലേറ്!. പൂവ്വത്തുക്കാരൻ ജോസഫ് അച്ചന് കൈകഴയ്ക്കുവോളം അടിക്കാൻ പോന്ന നല്ല കുറുമ്പ്. അച്ചൻ ജോൺകുട്ടിയോട് കാര്യങ്ങൾ  എല്ലാം ചോദിച്ചറിയുന്നു. ലിയോയുടെ മുഖം ചുവന്നു പഴുത്തുവരികയാണ്. അവന്റെ മുട്ടുകാൽ വിറയ്ക്കുന്നത് ജോൺകുട്ടി കാണുന്നുണ്ട്. അച്ചൻ ലിയോയുടെ മുഖത്തേയ്ക്ക് ഒന്ന് നോക്കി. ലിയോയുടെ കണ്ണ് നിറഞ്ഞു തുടുത്തിരിക്കയാണ്. ചെയ്ത തെറ്റിന്റെ വ്യാപ്തി കണ്ണീരായി ഉരുണ്ടുകൂടിയിട്ടുണ്ട്. അച്ചൻ മുഴുനീളൻ ചൂരൽ പിടിച്ച് ഗൗരവംനിറഞ്ഞ മുഖത്തോടെ ലിയോയുടെ അരികിലേയ്ക്ക് നടക്കുകയാണ്. മൂന്നാം ക്ലാസിലെ ഓരോ കുഞ്ഞും ശ്വാസം അടക്കിയിരിക്കുകയാണ്. ആരും ലിയോയുടെ അരികിലേയ്ക്ക് നോക്കുന്നില്ല. ആഞ്ഞടിക്കുന്ന വടിയുടെ ''പ്ടേ'' ശബ്ദം മാത്രമാണ് അവര് പ്രതീക്ഷിക്കുന്നത്.

"മോനെ... ലിയോ... നീ മിടുക്കനല്ലേടാ... പിന്നെന്തിനാ ബസിനിട്ടെറിഞ്ഞത്. ചെയ്തത് വലിയ തെറ്റാണ്. പിന്നെ... കളിയാക്കുന്നവരോട് പോകാൻ പറ... മേലിൽ ലിയോ ഇങ്ങനെ ചെയ്യരുത്".  അച്ചൻ പോക്കറ്റിൽ നിന്ന് രണ്ടു മിഠായിയും വി.ഡോൺബോസ്കോയുടെ ഒരു ജീവചരിത്രപുസ്തകവും അവന് നൽകിക്കൊണ്ട് പതിയെ ക്ലാസിന് മുമ്പിലേയ്ക്ക് വന്നു. എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു. "മക്കളേ, മറ്റുള്ളവർ നമ്മെ കളിയാക്കുമ്പോൾ അവരോട് കലഹിക്കരുത്. പകരം അവർക്കുവേണ്ടി പ്രാർത്ഥിക്കണം".