റൂബി; ഞാന്‍ മൂര്‍ച്ഛയേറിയ പാറക്കല്ല്

വഴിയില്‍ കൂര്‍ത്തകല്ലുകളും ഓരത്ത് മുള്ളുകള്‍ നിറഞ്ഞ കുറ്റിച്ചെടികളുമുണ്ട്. കുരിശിന്റെ ഭാരം നിമിത്തം ഈശോ നിലത്തുവീണുപോകുന്നു. മുട്ടുകളിടിച്ച് നിലത്തുവീഴുന്നതിനോടൊപ്പം കുരിശും ഈശോയുടെ തലയ്ക്കുമുകളില്‍ വീഴുന്നു. മുള്‍കിരീടത്തിനുമുകളില്‍ കുരിശിന്റെ ഭാരം കൂടിയായപ്പോള്‍ തലയിലേയ്ക്ക് ആഴ്ന്നിറങ്ങിയ കൂര്‍ത്തമുള്ളുകള്‍ ഈശോയ്ക്ക് സഹിക്കാവുന്നതിലുമപ്പുറമായി.

ഈശോ മുഖമിടിച്ചുവീണ നിലത്തെ കൂര്‍ത്തകല്ലുകള്‍ക്ക് ആകാംക്ഷയായി. അതിലൊരു കല്ല്, ഈശോ നെടുവീര്‍പ്പിടുന്നതിനിടയില്‍ പറഞ്ഞു: "ദൈവപുത്രാ, എന്റെ അരികുകളെല്ലാം മൂര്‍ച്ഛയേറിയതും, നിന്റെ മുഖവും ദേഹവും കീറിമുറിക്കാന്‍ പോന്നതുമാണ്. കുരിശോടുകൂടി നീ നടന്നുവരുമ്പോള്‍ നിന്റെ വഴിയില്‍നിന്നൊഴിഞ്ഞുമാറാന്‍ ഞാന്‍ കൊതിച്ചതാണ്. എന്നാല്‍ ഞാന്‍ മാത്രം മാറിയിട്ട് എന്ത് പ്രയോജനം എന്നു കരുതി അവിടെത്തന്നെ കിടന്നു. അങ്ങയുടെ മുഖത്ത് തുളഞ്ഞു കയറിയത് എന്റെ കാഠിന്യമുള്ള ഈ മുകള്‍ഭാഗമാണ്". ഈശോ ഇതെല്ലാം കേള്‍ക്കുന്നുണ്ടെങ്കിലും ഒന്നും പറയാന്‍ കഴിയാതെ കുരിശോടുകൂടെ നിലത്തുകിടക്കുകയാണ്‌.

കുറച്ചു കഴിഞ്ഞ് ഈശോ മുഖം അല്‍പ്പമൊന്നുയര്‍ത്തി, അപ്പോൾ മുഖത്തുനിന്നൂര്‍ന്നിറങ്ങിയ ചോരത്തുള്ളികള്‍ കല്ലിനെ പൂര്‍ണ്ണമായും രക്താഭമാക്കി. ഈശോ ആ കല്ലിനെയൊന്നു ചുംബിച്ച് പതിയെ എഴുന്നേല്‍ക്കാന്‍ പരിശ്രമിച്ചു. കല്ലിന്റെ മനോവേദന ഇപ്പോള്‍ സന്തോഷമായി മാറി. പരുപരുത്ത കല്ലിന്റെ അരികുകള്‍ തിളങ്ങാന്‍ തുടങ്ങി. ഗാഗുല്‍ത്താ മലയിലേയ്ക്ക് ഈശോ നടന്നുപോകുമ്പോള്‍ ആ ചുവന്ന രത്‌നക്കല്ല് മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു.