സൈലന്റ് മോഡ്

ഓഫീസ് ജോലിത്തിരക്കും പിന്നെ വഴിയിലെ വാഹന ഓട്ടമത്സരവും പിന്നിട്ട്, ഞാൻ വീടിനരികിലേക്ക് കാര്‍ പതിയെ മുന്നോട്ടെടുക്കുമ്പോള്‍ ഗേറ്റ് പാതി അടഞ്ഞുകിടക്കുകയാണ്. ഒരു നിമിഷം ഞാൻ ചിന്തിച്ചു; അവിടെ എന്റെ വീടുണ്ടെന്നും ഗേറ്റ് തുറക്കാന്‍ പ്രിയസഖി ഓടിവരുമെന്നും. എന്നാല്‍ അവിടെ വീട് ഇല്ലായിരുന്നെങ്കിൽ!... ഓടി വരാന്‍ ഭാര്യയും കാത്തിരിക്കാന്‍ കുഞ്ഞുങ്ങളും അപ്പനും അമ്മയും ഒന്നുമില്ലെങ്കിൽ!...

ശൂന്യത!

ചായ കുടിക്കുന്നതിനിടയില്‍ ഞാന്‍ വാട്ട്‌സ്അപ് മെസേജുകള്‍ ചികഞ്ഞുനോക്കി. മൂന്നുവയസുള്ള കുഞ്ഞുമോൻ 'അപ്പേ...' എന്നു വിളിച്ച് അരികിലുണ്ട്. പക്ഷെ എന്തെന്നില്ലാതെ ഞാന്‍ മൊബൈലില്‍ തിരയുകയാണ്. നേരെ നോക്കി ഒന്നു പുഞ്ചിരിക്കാത്തവര്‍ പോലും വാട്ട്‌സ്അപ് ഗ്രൂപ്പിലും ഫെയ്‌സ്ബുക്കിലും സ്‌നേഹംകൊണ്ട് എന്നെ പൊതിയുകയാണ്.

തൊട്ടടുത്ത ദിവസം ജോലി കഴിഞ്ഞ് മടങ്ങും വഴി, ചാലക്കുടിപ്പാലത്തിലെ കൈവരികളിലിടിച്ച് മറിഞ്ഞ കാറിന്റെ സ്റ്റിയറിങ്ങില്‍ ഞാന്‍ മുറുകെ പിടിച്ചിരുന്നു. കോസ്‌മോസ് ക്ലബ്ബില്‍ നീന്തല്‍ പഠിച്ചതുകൊണ്ട്, പക്ഷെ പ്രത്യേകിച്ച് ഗുണമുണ്ടായില്ല. കാറിനകത്ത് ഒരു ശ്വാസകണികപോലും കിട്ടാതെ ഞാന്‍ തളര്‍ന്നുറങ്ങി... മൂവന്തിയിലെ അന്ത്യ ഉറക്കം.

ധൃതിപിടിച്ച് ഓടുന്നതാണ് എന്നും വീട്ടിലേയ്ക്ക്. എന്നാല്‍ ചാലക്കുടിപ്പുഴയിലെ ഓളങ്ങളില്‍ ഉലഞ്ഞ് ഞാനിന്ന് സൗമ്യമായി ഉറങ്ങുകയാണ്. ഒരു ചെറിയ ശബ്ദം മതിയായിരുന്നു എപ്പോഴും എന്റെ ഉറക്കം അലോസരപ്പെടാൻ. എന്നാല്‍ ഇപ്പോൾ  മൊബൈലിൽ തുരുതുരെ മെസേജുകള്‍ വരുന്നുണ്ടായിരിക്കും. വാട്ട്‌സ്അപ് മെസേജുകള്‍, ഹോം ലോണിന്റെ അടുത്ത ഇ എം ഐ ക്കു മുമ്പ് അക്കൗണ്ട് നിറച്ചുവെക്കണം എന്ന ആക്‌സിസ് ബാങ്ക് മെസേജ്, മീന്‍ വാങ്ങണം എന്ന ഭാര്യ ഡാലിയയുടെ മെസേജ്.... മൊബൈല്‍ ശബ്ദിക്കുന്നത് ഞാനറിഞ്ഞതേയില്ല.

പതിവുപോലെ ഞാന്‍ ഓഫീസ് ജോലി കഴിഞ്ഞ് ഉത്സാഹത്തോടെ വരുന്ന വീടിനു മുമ്പില്‍ പക്ഷെ, ഇന്ന് ആളുകള്‍ കൂടിയിട്ടുണ്ട്. സോണി, ഫ്രാങ്കോ, ജെറിൻ,... എല്ലാവരുമുണ്ട്. എനിക്ക് ഡാലിയയോട്, എന്റെ പ്രിയ സഖിയോട് പറയണമെന്നുണ്ട്; ഹോം ലോണിന് ഇന്‍ഷുറന്‍സുണ്ട്, കാറിനും ഇന്‍ഷുറന്‍സുണ്ട്, എല്‍ ഐ സി കഴിഞ്ഞ മാസം കൂടി പ്രീമിയം അടച്ചതാണ്...എന്നെല്ലാം. ഇതെല്ലാം അവൾക്കറിയാമെങ്കിൽ കൂടി.

ചാലക്കുടി പാലത്തിനു തൊട്ടുമുമ്പാണ് മൊബൈൽ റിങ്ങ് ചെയ്തത്. എടുക്കേണ്ടായിരുന്നു. ശ്രദ്ധപതറിപ്പോയി. ആരേയും പറഞ്ഞിട്ടു കാര്യമില്ല.ചിലപ്പോഴെങ്കിലും ചാലക്കുടി വരെ ജിത്തു എന്റെ കാറില്‍ വരാറുണ്ട്. ഭാഗ്യം ഇന്നവനില്ലാത്തത്.                                                

എല്ലാവരും പോയി. രാത്രി സെമിത്തേരിയില്‍ ഞാൻ തനിയെ കിടക്കുമ്പോള്‍ ഭാര്യക്ക്‌ ഒരു വാട്ട്സ് അപ് ഗ്രൂപ്പ് മെസേജ് വരുന്നത് കണ്ടു.

'നമ്മുടെ പ്രിയ കൂട്ടുകാരന്‍ ജീവൻ അന്തരിച്ചു. ആദരാഞ്ജലികള്‍' 

പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഞാൻ അപ്പോഴും  ഉറങ്ങുകയായിരുന്നു.

കണ്ടു തീര്‍ക്കാന്‍ കമ്പ്യൂട്ടറിൽ കരുതിവച്ച എത്രയോ ക്ലാസിക് സിനിമകള്‍, വായിച്ചു തീര്‍ക്കാന്‍ ഇനിയും ഷെൽഫിലുള്ള ഒരുപാട്  പുസ്തകങ്ങള്‍!
 
ശെ... ഇവയൊന്നുമല്ല ഞാൻ കൊതിച്ചത്.  എന്റെ ഡാലിയ, ആ സുന്ദരപുഷ്പം പോലെ തന്നെയാണ്. അവള്‍ക്ക് ഒരു ഉമ്മ തിരികെ കൊടുക്കാന്‍ പറ്റിയില്ലല്ലോ ദൈവമേ! കുഞ്ഞു മക്കളെ ഒന്നുപുണരാന്‍ സാധിച്ചില്ലല്ലോ...

അമ്മ എന്നും പറയാറുണ്ട് ഫോണ്‍ ആവശ്യമില്ലാത്ത സമയങ്ങളില്‍, അത് സൈലന്റ് മോഡിലിടാന്‍...