സോൾ വിൻ

സെന്റ് ജോണ്‍സ് കോളേജില്‍ അഡ്മിഷന്‍ കിട്ടിയ അന്ന് വൈകീട്ട് ക്രിസ്‌റ്റോ തന്റെ സൈക്കിളില്‍ പാഞ്ഞു. ഇക്കാര്യം അവളോടു പറയണം. മുടി പിന്നിക്കെട്ടി നീല പാവാടയും വെള്ള ബ്ലൗസുമിട്ട അവള്‍, ബസ് സ്റ്റോപ്പില്‍നിന്നും വീട്ടിലേയ്ക്കു നടക്കുന്ന പതിനഞ്ചു മിനിറ്റാണ് അതിനുള്ള സമയം. ഇടയ്ക്കിടെ പൊട്ടിപ്പൊളിഞ്ഞ റോഡില്‍ സൈക്കിള്‍ പെഡല്‍ മുന്നിലേയ്ക്കും പിന്നിലേയ്ക്കും അനക്കിയനക്കി സൈക്കിളിലിരുന്നുകൊണ്ടുതന്നെ അവന്‍ അവളോടതു പറഞ്ഞുതുടങ്ങി.

''ജിയാ,... എനിക്ക് സെന്റ് ജോണ്‍സ് കോളേജില്‍ അഡ്മിഷന്‍ കിട്ടി. പിന്നെ ഇടവകദിനത്തിന് പള്ളിയിലെ ഡാന്‍സ് നന്നായിരുന്നുട്ടോ...''

മറുപടിയായി ആശ്ചര്യത്തിലൂന്നിയ ഒരു പുഞ്ചിരി മാത്രം അവള്‍ അവന് തിരികെ കൊടുത്തു.

സൈക്കിള്‍ പെഡല്‍ അമര്‍ത്തി ചവിട്ടി ക്രിസ്റ്റോ പുളിയന്‍ കവലയിലെത്തി. അല്ലെങ്കിലും ഏതാനും സമയത്തിനപ്പുറം ഒരു പെണ്‍കുട്ടിയുടെ അരികില്‍ സൈക്കിള്‍ അനക്കിഅനക്കിയുള്ള സംസാരം അത്ര നല്ലതല്ലല്ലോ! ആരെങ്കിലും കണ്ടാല്‍പിന്നെ... കഴിഞ്ഞ ഇടയ്ക്കാണ് ജിബിന്റെ പ്രണയം പള്ളിയിലെ ചേട്ടന്‍മാര്‍ നാടുമുഴുവന്‍ പറഞ്ഞുനാറ്റിച്ചത്.

ജിയ രാവിലെ ഏഴരയ്ക്കുള്ള 'സോള്‍ വിന്‍' ബസിലും വൈകീട്ട് നാലരയ്ക്കുള്ള 'റോസ്' ബസിലുമാണ് സ്‌കൂളില്‍ പോയിവന്നിരുന്നത്. ക്രിസ്‌റ്റോ തൃശൂര്‍ സെന്റ് ജോണ്‍സില്‍ ഡിഗ്രിക്കു പോയിത്തുടങ്ങിയപ്പോള്‍  അതെ ബസ് തന്നെ അവനും കിട്ടിത്തുടങ്ങി. എന്തോ ക്രിസ്‌റ്റോയ്ക്കറിയില്ല, ബസ് ഒല്ലൂരെ ജിയയുടെ സ്‌കൂള്‍ എത്തുംതോറും അവന്റെ ഹൃദയമിടിപ്പ് കൂടികൂടി വരും. ഒടുക്കം ജിയ ബസില്‍ കയറി പുറകിലേയ്ക്ക് അവനെ ഒന്ന് നോക്കുന്നിടം വരെ അത് തുടരും.

ആയിടയ്ക്കാണ് പള്ളിയിലെ യൂത്ത് വിങ്ങ് തിരുവനന്തപുരത്തേയ്ക്ക് ഒരു പിക്‌നിക് പ്ലാന്‍ ചെയ്തത്. ക്രിസ്റ്റോ പ്രതീക്ഷിച്ചതുപോലെ ജിയയും പിക്‌നിക്കിന് വന്നിരുന്നു. ബസിനകത്ത് ആവോളം പാട്ടും ഡാന്‍സുമെല്ലാമുണ്ട്. എന്നാല്‍ ക്രിസ്റ്റോ മറ്റൊരു ലോകത്താണ്. അവന്‍ ജിയയുടെ കണ്ണുകളിലെ ചലനങ്ങള്‍ മാത്രം കണ്ടു. ശംഖുമുഖം ബീച്ചില്‍ പോയി വരുമ്പോള്‍ ഒരു ചെറിയ ചാറ്റല്‍ മഴയും കൂട്ടിനുണ്ടായിരുന്നു. ക്രിസ്‌റ്റോയാണ് ബസില്‍ ആദ്യം എത്തിയത്. വിന്‍ഡോ ഗ്ലാസ് മുഴുവന്‍ ചാറ്റല്‍മഴ മൂടി മറച്ചുകളഞ്ഞിരുന്നു. അവള്‍ ഇരിക്കുന്നിടത്തേയ്ക്ക് ക്രിസ്‌റ്റോ ഒന്നു നോക്കി. എന്നിട്ട് അവളുടെ അരികിലെ വിന്‍ഡോഗ്ലാസില്‍ ചൂണ്ടുവിരലാല്‍ അവന്‍ എഴുതി;

ജിയാ... ഐ ലവ് യൂ...

പിന്നെ ക്രിസ്റ്റോ അവന്റെ സീറ്റില്‍ പോയിരുന്നു; അവള്‍ വരുന്നതും കാത്ത്.

ഭേദപ്പെട്ട മാര്‍ക്കോടെ ജിയ പത്താംക്ലാസു ജയിച്ചപ്പോള്‍, തുടര്‍പഠനം അമ്മവീട്ടില്‍ നിന്നായി. ഇടയ്ക്കിടെ ജിയയെ കാണാനുളള അവസരങ്ങളെല്ലാം അതില്‍പിന്നെ ക്രിസ്റ്റോയ്ക്കു നഷ്ടമായി. പാലിയേക്കര ചതുപ്പുപാടത്തെ പ്രണയാകൃതിയിലുള്ള ചെറിയ തടാകം കാണുമ്പോഴെല്ലാം അവളുടെ നഷ്ടം ക്രിസ്‌റ്റോയില്‍ വന്നു നിറയും.

സിമന്റുകട്ടകൊണ്ട് പണിത് ചെത്തിത്തേക്കാത്ത ഒരു ചെറിയ ടെറസ്‌വീടാണ് ജിയയുടെ. വീടിനുചുറ്റും നില്‍ക്കുന്ന പത്തറുപത് റബ്ബര്‍മരങ്ങളാണ് അവരുടെ ഒരേയൊരു വരുമാനം. ഉയരംകുറഞ്ഞ്, ചെറിയ താടിവച്ച ജെയിംസ് ചേട്ടനാണ്, ജിയയുടെ പപ്പ. ടാപ്പിങ്ങാണ് ജോലി. ഇടയ്ക്ക് പള്ളിപരിസരത്തുവച്ച് ജെയിംസ് ചേട്ടനെ കാണുമ്പോള്‍ ക്രിസ്‌റ്റോയ്ക്കു പറയണമെന്നുണ്ട് 'ഞാന്‍ ജിയയെ പ്രണയിക്കുന്നു; വിവാഹം കഴിച്ചുതരുമോ?...' എന്ന്.

ജിയയുടെ ഡിഗ്രിപഠനകാലത്ത് ക്രിസ്റ്റോ ബോംബേയിലെ അന്ധേരിയിലായിരുന്നപ്പോഴാണ്, ജിയ അവളുടെ വീട്ടിലേയ്ക്കു തിരികെയെത്തുന്നത്. ജോലി അന്വേഷിച്ച് അന്ധേരി ഈസ്റ്റും വെസ്റ്റും സാന്താക്രൂസും ബാന്ദ്രയുമെല്ലാം ക്രിസ്‌റ്റോ അലഞ്ഞുനടക്കുന്നകാലം. ബാല്യകാലസുഹൃത്തായ വിപിന്റെ റൂമില്‍ അന്ധേരി കൊകണ്‍ നഗറിലാണ് താമസം. കൂടെ അവന്റെ സുഹൃത്തുക്കളായ രഞ്ജിത്തും ഡോണും. മൂന്ന് പേരും നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍മാര്‍. പകല്‍ അവര്‍ ജോലിക്കുപോയാല്‍ ക്രിസ്‌റ്റോ ഒറ്റയ്ക്കാണ്. മൊബൈല്‍ ഉപയോഗിച്ചു തുടങ്ങുന്നതേയുള്ളൂ. പെട്ടെന്ന് ഇന്റര്‍വ്യൂ കോള്‍ മൊബൈലില്‍ റിങ്ങ് ചെയ്താല്‍പോലും അവന് ടെന്‍ഷനാണ്.

ഒരു ദിവസം കൂട്ടുകാരന്‍ ജോര്‍ജ്ജിനെ ഫോണില്‍ വിളിച്ചപ്പോഴാണ് അറിയുന്നത്, ജിയയുടെ ഇളയ അനിയന്‍ ജൊവാന് ബോണ്‍ കേന്‍സറാണെന്ന്. ജൊവാന്‍ കരയാറ്റുംപാടം പള്ളിയില്‍ അച്ചനെ സഹായിക്കുന്ന അള്‍ത്താരബാലനാണ്. ചുരുണ്ടമുടിയും ചാരക്കണ്ണുകളുമുള്ള സുന്ദരനായ ജൊവാന്‍. തൊട്ടടുത്ത ദിവസം ഡോണിന്റെ കൂടെ ബാന്ദ്രയിലുള്ള കർമ്മല മാതാവിന്റെ പള്ളിയില്‍ പോയപ്പോള്‍ ക്രിസ്‌റ്റോ കുറച്ചുനേരം ജൊവാനുവേണ്ടി പ്രാര്‍ത്ഥിച്ചു. പണ്ടു പോര്‍ച്ചുഗീസുകാര്‍ ബാന്ദ്രയിലെ കടല്‍ത്തിരയില്‍ പെട്ടുലഞ്ഞപ്പോള്‍ കരകാണിച്ച മാതാവാണ് തന്റെ മുമ്പില്‍.

ചികില്‍സയ്ക്കിടെ ജൊവാന്റെ നട്ടെല്ല് അമിതമായി വളയാന്‍ തുടങ്ങി. കുട്ടി വേദനകൊണ്ട് പുളയുകയാണ്. പറഞ്ഞറിയിക്കാനാവാത്ത വേദന. കരയാറ്റുംപാടം പള്ളീലച്ചന്‍ തുടര്‍ച്ചയായി ഉപവസിച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പള്ളിയിലെ ഓരോ വിശ്വാസിയും ഇഞ്ചോടിഅച്ചനോടൊപ്പം മുട്ടില്‍നിന്ന് കണ്ണീരൊഴുക്കി പ്രാര്‍ത്ഥിച്ചു. അനിയന്റെ വേദനകണ്ട് തളര്‍ന്നുപോയ ജിയ തലകറങ്ങിവീണു. പിന്നീട് അവള്‍ പരസ്പരവിരുദ്ധമായി സംസാരിക്കാന്‍ തുടങ്ങി. ജിയയ്ക്ക് അനിയന്റെ കഠിനവേദന ഹൃദയത്തിലൊതുക്കാനായില്ല. ജൊവാന്റെ രോഗപീഢകള്‍ക്കനുസരിച്ച് ജിയയുടെ മനോനിലയും മാറിമാറിവന്നു. മിക്കവാറും സമയങ്ങളില്‍ ജിയ പാതിമയക്കത്തിലാണ്ടു.

അടുത്ത വർഷം  ക്രിസ്മസിന് കരയാറ്റുംപാടത്തെ പള്ളിയിലെത്തുമ്പോള്‍ ക്രിസ്‌റ്റോ കണ്ടത് ഒരു അത്ഭുതമായിരുന്നു. വി.കുര്‍ബ്ബാന മദ്ധ്യേ പ്രാര്‍ത്ഥനചൊല്ലുന്നത് കുഞ്ഞുജൊവാനാണ്. നടുവിന് കുറച്ചു വളവുള്ളതൊഴിച്ചാല്‍ കാഴ്ച്ചയില്‍ നല്ല ആരോഗ്യമുള്ള ജൊവാന്‍. ക്രിസ്‌റ്റോയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ബാന്ദ്രയില്‍ താന്‍ കണ്ട  മാതാവ്, ഇഞ്ചോടിയച്ചന്റെ പ്രാര്‍ത്ഥനകേട്ടു. പ്രെയ്‌സ് ദ ലോര്‍ഡ്.

തൊട്ടടുത്ത വർഷമായിരുന്നു  ജിയയുടെ വീടിന്റെ നേരെമുമ്പിലെവീട്ടിലെ  അവളുടെ കളികൂട്ടുകാരി തെരേസയുടെ വിവാഹം. ഒറ്റ മകളുടെ വിവാഹം വീട്ടുകാര്‍ അതിഗംഭീരമായി നടത്തി.

സുന്ദരിയായ തെരേസയെ കരയാറ്റുംപാടംകാര്‍ മുഴുവനും ഉറ്റുനോക്കിയിരുന്നു. ഒരുപാടുപേര്‍ക്ക് അവളെ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു. പക്ഷെ പതിനെട്ടാം വയസില്‍ തന്നെ കിഴക്കേച്ചിറ പത്രോസ് ചേട്ടന്‍ അവളെ കെട്ടിച്ചയച്ചു. ഇക്കാലങ്ങളിലെല്ലാം പത്രോസ് ചേട്ടന്‍ അറിഞ്ഞും അറിയാതെയും തെരേസയ്ക്ക് നിരവധി പ്രണയോപഹാരങ്ങള്‍ ലഭിക്കാറുണ്ടായിരുന്നു. ഒടുവില്‍ 'സോള്‍ വിന്‍' ബസിലെ കണ്ടക്ടര്‍ ഒറ്റരൂപാ നോട്ടില്‍ എഴുതിക്കൊടുത്ത പ്രണയലേഖനം, അവളുടെ ടെക്സ്റ്റ്ബുക്കില്‍നിന്നും കണ്ടെടുത്തതിന്റെ പതിനഞ്ചാംപൊക്കം, തെരേസയെ മൂന്നുംകൂട്ടി വിളിച്ചുചൊല്ലിച്ച് കെട്ടിച്ചയച്ചു.

കല്ല്യാണവീട്ടില്‍ ആളുകള്‍ വരുന്നതും പോകുന്നതും മങ്ങിയ ഒരു കാഴ്ച്ചയായി ജിയ കാണുന്നുണ്ടായിരുന്നു. കിഴക്കേച്ചിറ പത്രോസിന് പത്തുപതിനഞ്ച് ഏക്കര്‍ റബ്ബര്‍തോട്ടവും മറ്റു കൃഷികളുമുണ്ട്. തെരേസയ്ക്കുംമൂത്ത പത്രോസിന്റെ രണ്ടാണ്‍മക്കളും നല്ല നിലയിലാണ്. കല്ല്യാണഭക്ഷണം ബാക്കിവന്നത് മുഴുവന്‍, എല്ലാ കല്ല്യാണവീട്ടുകാരും ചെയ്യുന്നതുപോലെ ചെന്നായ്പ്പാറയിലെ അനാഥരായ 'ആകാശപ്പറവകള്‍'ക്കു കൊടുത്തിട്ടും കല്ല്യാണത്തിന് കളിക്കൂട്ടുകാരി ജിയയും കുഞ്ഞുജൊവാനും ഒരു ഇല ചോറുണ്ടോ എന്ന് കിഴക്കേച്ചിറയിലെ ആരും ശ്രദ്ധിച്ചില്ല. അവരെ സംബന്ധിച്ച് അഞ്ച് അച്ചന്‍മാര്‍ നിരന്നു നിന്ന് മകളെ കെട്ടിച്ചതും സദ്യവട്ടത്തെക്കുറിച്ച് നാട്ടുകാര്‍ എന്താണ് പറയുന്നത് എന്നെല്ലാമായിരുന്നു ഗൗരവമേറിയ കാര്യങ്ങള്‍.

മരുന്നുപലതും കഴിച്ച് ജിയ അല്‍പ്പം തടിവച്ചെങ്കിലും, അവള്‍ ഇപ്പോള്‍ തൃശൂരെ 'ടാക്‌സ് പ്ലാനേഴ്‌സി'ല്‍ ജോലി ചെയ്യുന്നു. ജെയിംസ് ചേട്ടന്‍ രണ്ടുമാസം മുമ്പ് ഒരു അപകടത്തില്‍ മരിച്ചതില്‍പ്പിന്നെ ജിയയാണ് ആ കുടുംബത്തിന് എല്ലാം. വിവാഹം എന്നത് അവളുടെ സ്വപ്‌നങ്ങളില്‍ പോലുമുണ്ടെന്ന് തോന്നുന്നില്ല.

തെരേസയുടെ കല്ല്യാണക്കെട്ടിനു വന്ന അഞ്ച് അച്ചന്‍മാരില്‍ കരയാറ്റുംപാടത്തെ പഴയവികാരി പുല്ലോക്കാരന്‍ അച്ചനുമുണ്ടായിരുന്നു. അച്ചന്‍ പത്രോസിനോടു ചോദിച്ചു;

''പത്രോസേ, കല്ല്യാണത്തിന്റെ ആര്‍ഭാടം കുറച്ച് ജെയിംസിന്റെ മോന്റെ ചികിത്സയ്‌ക്കോ ജിയയുടെ വിവാഹ ആവശ്യത്തിനോ കുറച്ച് പണം നല്‍കാമായിരുന്നില്ലേ?'

പത്രോസിന് മറുപടി ഒന്നും ഇല്ലായിരുന്നു.

'അത്...'

എന്ന ഒറ്റനീട്ടലില്‍ എല്ലാം തീര്‍ന്നു. അച്ചന് പത്രോസിനെ വേണ്ടവിധത്തില്‍ അറിയാമായിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം ഈയടുത്ത ദിവസം ക്രിസ്റ്റോ പാലിയേക്കര വഴി പോയിരുന്നു. ആ പഴയ ചതുപ്പുപാടത്തെ പ്രണയതടാകം വറ്റിവരണ്ട് മറ്റൊരു ആകൃതി കൈവരിച്ചിരിക്കുന്നു. അതിനു തൊട്ടടുത്തുതന്നെ നാലുവരിപ്പാത നിര്‍മ്മിച്ചതിന് ചുങ്കം പിരിക്കുന്ന ചുങ്കപ്പിരിവുകേന്ദ്രമാണ്. പ്രണയാര്‍ദ്രമായ ഓരോ യാത്രയ്ക്കും അവര്‍ അവിടെ വിലയിടുകയാണ്.

കരയാറ്റുംപാടത്തെ സെബസ്ത്യാനോസു പുണ്യാളന്റെ പെരുന്നാളിന് ക്രിസ്റ്റോയും ഭാര്യയും മൂന്നു മക്കളും ചേര്‍ന്നു പോയി. ക്രിസ്‌റ്റോ കഴിഞ്ഞ പതിനാലുവര്‍ഷമായി അമേരിക്കയിലാണ്. കരയാറ്റുംപാടത്ത് അതാ പുതിയ പള്ളി, പുതിയ വികാരി, പുതിയ തലമുറ... ക്രിസ്റ്റോയുടെ പരിചയക്കാര്‍ വളരെ കുറവാണ്. ഒരു കാലത്ത് പുല്‍ക്കൂടുണ്ടാക്കിയും അള്‍ത്താര അലങ്കരിച്ചും രാപകല്‍ നടന്ന കരയാറ്റുംപാടംപള്ളി ഇന്ന് എന്തോ അന്യമായപോലെ! പക്ഷെ പള്ളിഗേറ്റില്‍ നിന്നും  ക്രിസ്‌റ്റോയും ഭാര്യയും മക്കളുമായി പള്ളിയിലേയ്ക്കു കയറുമ്പോള്‍ ഒരാള്‍ എതിരെ വരുന്നുണ്ടായിരുന്നു. മുഖം അല്‍പം ചീര്‍ത്ത് മിഴികള്‍ക്കു ചുറ്റും ഇരുള്‍ പടര്‍ന്നുകയറി, എന്നാല്‍ അല്‍പ്പംപോലും പ്രസന്നത കുറയാത്ത ഒരു ചിരിപടര്‍ത്തി അവള്‍; ജിയ.