നഖശിഖാന്തം!

നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി അവിടെവന്ന് നഖംവെട്ടി പോകുന്നത്. 'നഖം വെട്ടുകട' എന്ന ആശയം ലോകത്ത് ആദ്യമായി അവതരിപ്പിച്ചത് അവളാണ്. സ്വന്തം പേരു തന്നെയാണ് കടയുടെ പേരും;  'റീത്താസ് നെയിൽ ബൊട്ടീക്ക്'. ബൊട്ടീക്കിൽ വരുന്ന ആണിനും പെണ്ണിനും വേർതിരിവില്ലാതെ അവൾ നഖം മിനുക്കിക്കൊടുത്തു. നഖം വെട്ടാൻ വരുന്ന പലരും പ്രണയബദ്ധരായി. വെട്ടാൻ പാകമാകുന്ന നഖങ്ങളേയും കൊണ്ട് പലരും 'റീത്താസി'ലേക്ക് ഓടുകയാണ്. പലപ്പോഴും നഖങ്ങൾക്ക് ചെറിയ വളർച്ചയേ കാണൂ. എങ്കിലും റീത്ത അവരുടെ കൈകാൽ വിരലുകളിൽ പിടിച്ചു ചെയ്യുന്ന ആ മാജിക് മറ്റെന്തോ ആണ്!

മണ്ണിൽ ചവുട്ടി നടന്നാൽ അത് വളക്കൂറുള്ള മണ്ണാണോ അല്ലയോ എന്ന് കൃഷി ഓഫീസറായിരുന്ന സഖറിയക്കു പറയാൻ കഴിയും. ഇക്കഴിഞ്ഞ മാർച്ചിൽ ജോലിയിൽനിന്ന് ഔദ്യോഗികമായി വിരമിച്ചതിനു ശേഷം അയാളൊരു ഗവേഷണത്തിലാണ്. മുപ്പത്തിയാറോളം വർഷങ്ങളായി സഖറിയ നട്ടുപിടിപ്പിച്ച 'ഫുച്ച്ഷ്യ' കുറ്റിച്ചെടികളിലാണ് പരീക്ഷണം. ഉയർന്നു നിൽക്കുന്ന ആ പ്രദേശം ഫുച്ച്ഷ്യ കുറ്റിച്ചെടികളാൽ നിറഞ്ഞ്, അയാളുടെ വീടിനു ചുറ്റും പൂത്തുലഞ്ഞു. വർഷത്തിലൊരിക്കൽ പൂക്കുന്ന ഫുച്ച്ഷ്യയെ വർഷം നിറയെ പുഷ്പിക്കുകയാണ് അയാളുടെ ലക്ഷ്യം. 

"നവംബറിൽ മാത്രം ഫുച്ച്ഷ്യ പൂത്താൽ പോരാ..."

അയാൾ ഇടയ്ക്കിടെ ഇങ്ങനെ വാശിയോടെ പറയും. 

ആറ് ഇതളുകളുള്ള പിങ്ക് നിറത്തിലുള്ള പുഷ്പമാണ് ഫുച്ച്ഷ്യയുടേത്. ഫുച്ച്ഷ്യ പൂത്തുലയുമ്പോൾ സഖറിയയുടെ വീടിരിക്കുന്ന ആ കുന്നിൻപുറം ഒരു പിങ്ക് മലയായി മാറും. സഖറിയയുടെ കണ്ണുകളിൽ ഉറഞ്ഞുകൂടിയ പിങ്ക് നിറം പിന്നെ മുമ്പിലുള്ള ലോകത്തെയും പിങ്കു നിറമാക്കും. 

കുന്നിൻ മുകളിലെ ആ വീട്ടിൽ സഖറിയയുടെ ഭാര്യ മേഴ്സി, ആറു വർഷത്തോളമായി അരയ്ക്കു താഴേക്ക് തളർന്ന് കിടപ്പിലാണ്. അതിനു മുമ്പ് ഒരു തവണ പൂത്തിരുന്ന ഫുച്ച്ഷ്യയിൽ അയാൾ ആഹ്ലാദിച്ചിരുന്നു. എന്നാൽ മേഴ്സി തളർന്നു കിടന്നതിൽ പിന്നെയാണ് അയാൾ ഗവേഷണം ഗൗരവമാക്കിയത്. അയാളുടെ രണ്ടാൺമക്കളും കുടുംബസമേതം ദൂരെ ജോലിയിടങ്ങളിലാണ്.

ഇക്കാലത്താണ് പിങ്കുമലക്കു കീഴെ 'റീത്താസ് നെയിൽ ബൊട്ടീക്ക്' സഖറിയയുടെ ശ്രദ്ധയിൽ പെട്ടത്. വല്ലപ്പോഴും അവിടെ പോകാറുള്ള സഖറിയ പിന്നെ ഒന്നിടവിട്ട ദിവസങ്ങളിൽ റീത്താസിൽ പോയിത്തുടങ്ങി. പക്ഷെ, കഴിഞ്ഞ ആറ് വർഷത്തിനിടയിൽ സഖറിയ ഭാര്യ മേഴ്സിക്ക് ഒരിക്കലേ നഖം വെട്ടിക്കൊടുത്തുള്ളൂ. കാലുകൾ തളർന്നു പോയതറിയാതെ അവളുടെ നഖങ്ങൾ വളരുകയാണ്. മേഴ്സിയുടെ കാലുകൾക്ക് എപ്പോഴും തണുത്തുറഞ്ഞ ഒരു തരം മരവിപ്പാണ്. അന്ന്, നഖം വെട്ടുന്ന സമയം പെട്ടെന്ന് അയാൾക്ക്‌ ഓർമ്മ വന്നത്, മരണക്കിടക്കയിലെ തന്റെ അപ്പന്റെ കാലുകളെയാണ്. മേഴ്സിയുടെ ഒന്നരക്കാൽ നഖം വെട്ടി അയാൾ അപ്പോൾ തന്നെ  പരിപാടി മതിയാക്കി.

റീത്തയുടെ നഖം വെട്ടുകട ചൊവ്വാഴ്ച്ചയും തുറന്ന് പ്രവർത്തിക്കും. ചൊവ്വാഴ്ച്ചയോട് ഒരു ഇഷ്ടക്കേടുമില്ല.

"പണ്ടൊക്കെ ഞാൻ ചൊവ്വാഴ്ച്ചകളിൽ നഖം വെട്ടുമായിരുന്നില്ല. വല്യപ്പച്ചൻ പറഞ്ഞു കേട്ടിട്ടുണ്ട് ചൊവ്വാഴ്ച്ചകളിൽ നഖവും മുടിയും വെട്ടുന്നതൊക്കെ ശാപം വിളിച്ചു വരുത്തുന്നതാണെന്നും മറ്റും. ഓരോരോ അന്ധവിശ്വാസങ്ങൾ ഹ...ഹ... "

സഖറിയ റീത്തയോട് പറഞ്ഞ് അട്ടഹസിക്കുകയാണ്.

" ബൊട്ടീക്ക് പൂട്ടിയാൽ ഇന്ന് വൈകീട്ട് വീട്ടിൽ വരുമോ? എന്റെ ഭാര്യയുടെ നഖം വെട്ടാനാണ്!"

" ബൊട്ടീക്ക് പൂട്ടുമ്പോൾ തന്നെ ഇരുട്ടാകും. പിന്നെ പിങ്കുമലയിൽ വന്ന്... ഞാൻ ഒരുപാട് ലേറ്റാവില്ലേ?"

റീത്ത സംശയത്തോടെ പറഞ്ഞു.

"സാരമില്ല നഖംവെട്ടു വൈകിയാൽ വീട്ടിൽ കിടന്നോളൂ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വെട്ടാതെ കിടന്ന് മൂത്ത് മുരടിച്ചുപോയ നഖങ്ങളാണ്. വെട്ടാൻ സമയമെടുത്തേക്കും. കടുംവെട്ടിനു കൊടുക്കുന്ന റബ്ബർമരങ്ങളെപ്പോലെ... അവറ്റയെ വെട്ടി പാലെടുക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്; പക്ഷെ അതിന് ടാപ്പിങ്ങ് അറിയണമെന്നുപോലുമില്ല! ഹ...ഹ...ഹ..."

അയാൾ അങ്ങനെ അലച്ചു ചിരിക്കുകയാണ്.

വൈകീട്ട് ബൊട്ടീക്ക് പൂട്ടി സഖറിയയുടെ പുറകെ അവൾ നടന്നു. അലങ്കാരപണികൾ ചെയ്ത പല കെട്ടിടങ്ങളും പിന്നിട്ട് ഒരു ഇടവഴിയിലൂടെ കയറി ഫുച്ച്ഷ്യ കുറ്റിച്ചെടികൾക്കിടയിലൂടെ നടന്ന് അവർ അയാളുടെ വീടിനു മുമ്പിലെത്തി. കിഴക്കെ കിടപ്പുമുറിയുടെ അരണ്ട വെളിച്ചത്തിൽ കിടന്നുറങ്ങുന്ന മേഴ്സിയെ അയാൾ റീത്തക്കു കാണിച്ചു കൊടുത്തു.

അരികിൽ തുപ്പി നിറച്ച കോളാമ്പിക്കു ചുറ്റും മണിയനീച്ചകൾ വട്ടമിട്ടു പറക്കുന്നുണ്ട്. കഴിഞ്ഞ നാളുകളിലെന്നോ കഴിച്ച മധുര നാരങ്ങയുടെ തൊലികൾ അവിടവിടെ ചിതറിക്കിടക്കുന്നു. തലയ്ക്കരികിൽ കട്ടിലിനോടു ചേർന്ന് ഒരു ചെറിയ മേശക്കു മുകളിൽ ഗുളികപ്പൊതികളും ചില മരുന്നു കുപ്പികളുമിരിപ്പുണ്ട്.

" അരയ്ക്കു കീഴെ അവൾക്ക് ഒന്നും അറിയില്ല. നഖം വെട്ടുന്നതിനിടയിൽ കാൽവിരലുകളിലെ മാംസം മുറിഞ്ഞു പോയാലും അവൾ അറിയില്ല! സോ... പണി തുടങ്ങിക്കോളൂ... "

ഊരിയ ഷർട്ട് കയ്യിൽ ഞാട്ടിയിട്ട് അയാൾ അടുത്ത മുറിയിലേക്കു പോയി. 

ബാഗിൽ കരുതിയ ഗ്ലൗസെടുത്ത് റീത്ത കൈകളിലിട്ടു. മേഴ്സിയുടെ കാൽ ഒന്ന് അനക്കി. പതിയെ വലതുകാലിലെ തള്ളവിരൽ നഖം അവൾ വെട്ടിയെടുത്തു. വെട്ടാതെ കിടന്ന നഖത്തിന് പാറയുടെ കാഠിന്യം തോന്നി. മേഴ്സിയുടെ കാലിന്റെ തണുപ്പ് ഗൗനിക്കാതെ റീത്ത വലതുകാൽ നഖങ്ങളെല്ലാം വെട്ടി നീക്കി.

ഇടയ്ക്ക് ഒന്ന് മുഖമുയർത്തി നോക്കിയപ്പോൾ റീത്ത കണ്ടത് തൊട്ടരികിൽ നിൽക്കുന്ന സഖറിയ യേയാണ്. ചുളിഞ്ഞ് വരണ്ട അയാളുടെ ദേഹം വിയർത്തൊലിക്കുകയാണ്.

മേഴ്സിയുടെ തലയ്ക്കു പുറകിലെ ചുമരിൽ തൂക്കിയിരിക്കുന്നത് തീക്ഷ്ണമായി നോക്കുന്ന ഈശോയുടെ ചിത്രമാണ്. ഈശോയുടെ മുഖത്തു നോക്കാതെ സഖറിയ റീത്തയോട് അടുത്ത മുറിയിലേക്ക് ആംഗ്യം കാണിച്ചു. 

പേരക്കുട്ടിയോളം പോന്ന ആ പെൺകുട്ടിയെ, സഖറിയ വിറയാർന്ന കൈകളാൽ കടന്നുപിടിച്ചു. കാൽനഖങ്ങൾ പകുതിവെട്ടാൻ ബാക്കിയിരിക്കെ റീത്തയെ അയാൾ അടുത്ത മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. കൂട്ടിൽ കിടന്ന നായ, പതിവില്ലാതെ മോങ്ങാൻ തുടങ്ങി. അസമയത്തുള്ള നായയുടെ മോങ്ങൽ സഖറിയയെ കലിപിടിപ്പിച്ചു.

അതിരാവിലെ റീത്ത മേഴ്സിയുടെ ബാക്കിയുള്ള കാൽനഖങ്ങൾ മുഴുവൻ വെട്ടിയെടുത്തു. ഇപ്പോൾ അനങ്ങാതെ കിടന്നു തരുന്ന മേഴ്സിയുടെ ശരീരഭാഷയായിരുന്നില്ലേ തലേ രാത്രി തനിക്കും?!!! 

ഒരു വേള തോന്നിയതാണ് അയാളെ കുതറിയെറിയാൻ... നഖം വെട്ടിയിലെ കത്തിയെങ്കിലും എടുത്തൊന്നു കുത്താൻ!...

മേഴ്സിയുടെ തണുത്തുറഞ്ഞ കാലുകൾ വിട്ട് അവൾ തലയ്ക്ക് അരികിലേക്ക് പോയി. ചുമരിലെ ഈശോ മുഖം അവളെ നോക്കുന്ന പോലെ! അവൾ പെട്ടെന്ന് നോട്ടം മാറ്റിയിട്ട്, മേഴ്സിയുടെ ഇടതു കൈ പിടിച്ചുയർത്തി. കയ്യിൽ അരിച്ചുകയറിയ ഉറുമ്പുകളെ റീത്ത തട്ടിക്കളഞ്ഞു. അപ്പോഴാണ് മേഴ്സിയുടെ വലതു കയ്യിലും കഴുത്തിലും മാറിടത്തിലുമെല്ലാം പൊതിഞ്ഞു കയറിയ ഒരു പറ്റം ഉറുമ്പുകളെ റീത്ത കണ്ടത്. 

ഉയർത്തിപ്പിടിച്ചിരുന്ന മേഴ്സിയുടെ ഇടതു കൈ പതിയെ റീത്ത കിടക്കയിൽ വച്ചു.  മേഴ്സിയുടെ ഉടലൊന്നാകെ തണുത്തുറഞ്ഞ് ഒരു പോലെയായിരുന്നു. 

പിന്നെയും ഉറുമ്പുകൾ വരിവരിയായി വരുന്നുണ്ട്. ചുമരരികിലൂടെ, കട്ടിലിന്റെ കാലിന്റെ ഓരം ചേർന്ന് അവർ വരുന്നു; ആരോ വിളിച്ചറിയിച്ചതുപോലെ!