നീ- മഴ

മഴ
പെയ്തിറങ്ങിയ ആ പുലർകാലെ, നീ ശ്വാസമടക്കി മടങ്ങി.
ഞാനും നിന്നെ സ്നേഹിച്ചിരുന്നു.
നീ ശ്വാസമടക്കിയതിന്റെ നാലുനാൾ മുൻപ്
ഒരു തോന്നലിന്റെ അർദ്ധനിമിഷത്തിൽ
ഞാനും നീയും പറഞ്ഞതോർമ്മയില്ലേ?
കൃത്രിമമായി നിന്നെ തണുപ്പിച്ച ഇന്ന്,
നിന്റെ കവിളുകളിൽ ഞാൻ ചുംബിച്ചതും
നീ  അറിഞ്ഞതല്ലേ?

എന്റെ ജീവിതചര്യകളിൽ നീ
ചേർന്നുനിന്നു; നിന്റെ ചില അകാരണ
ശാഠ്യങ്ങളിൽ ഞാൻ മടുത്തതും
നീ ഓർക്കുന്നില്ലേ?
എങ്കിലും ഞാൻ നടന്ന വഴികളിൽ,
നീ ചാറിചാറി പെയ്ത ദിനങ്ങളിൽ
നീ മുമ്പേ നടന്നൊരു വഴികാട്ടിയായി...

നിന്റെ നടത്തം പിഴച്ചുവെന്നോരോരോ
നിമിഷമെൻ നിനവുകളിൽ വരുമ്പോഴും
ഞാൻ കരുതും, പിന്നെ കരയും,
ഇല്ല... നിനക്ക് പിഴക്കുക സാധ്യമല്ല;
കാരണം നീ എന്നെന്നും പൊട്ടിവിടരുമെൻ
മഴ, പുതുമഴയല്ലേ?