റോസാ; ഇ. ഞാ. നാ. നീ.

മേക്കട്ടിപ്പാറ കാണിക്കാം എന്ന് അവൾ പറഞ്ഞു തുടങ്ങിയിട്ട് അന്നേക്ക് ഏതാണ്ട് മൂന്നാലു വർഷമായി. കുന്നിൻ മുകളിലെ മേക്കട്ടിപ്പാറയുടെ മുകളിൽ നിന്നാൽ തൃശ്ശൂർ പുത്തൻപള്ളിയുടെ മണിമാളിക കാണാം. അന്ന് ഞങ്ങളെ അവൾ പാറമുകളിലേക്ക് കൊണ്ടുപോയി.

പാറക്കുചുറ്റും ഇഞ്ചപ്പുൽ മേടുകളാണ്. ഒരില പറിക്കാൻ ഞാൻ കൈ ഓങ്ങിയ നേരം അവൾ എന്റെ കൈ തട്ടി മാറ്റി.

"അതിന്റെ ഇലക്ക്‌ നല്ല  മൂർച്ഛയാണ്;
സൂക്ഷിച്ചു പിടിക്കണം!"

അവൾ ഒരില നുള്ളിയെടുത്ത് കയ്യിൽവച്ച് തിരുമ്മി എന്നെ മണപ്പിച്ചു. എന്നിട്ട് പറഞ്ഞു:

"നല്ല മണമല്ലേ?"

ഞാൻ പുഞ്ചിരിച്ചു.

പാറയുടെ അരികുകളിൽ നിറയെ പ്രണയ ചിന്ഹങ്ങളിൽ അമ്പെയ്യപ്പെട്ട കുറെ ഇംഗ്ലീഷ് അക്ഷരങ്ങൾ ഞാൻ കണ്ടു.

ഇഞ്ചപ്പുൽ മേടുകൾക്കിടയിൽ അവിടവിടെ കശുമാവുകളാണ്. ഒരു കശുമാങ്ങ നെടുകെ കീറി ഇറ്റിറ്റു വീഴുന്ന പഴച്ചാറു കുടിച്ച്, കശുമാങ്ങ ചവച്ച് ഞാൻ നടന്നു.

പാറമുകളിലെ കാഴ്ചകളിൽ, വിദൂരതയിൽ കണ്ട ജലാശയമാണ് എന്നെ വല്ലാതെ ആകർഷിച്ചത്. അവളുടെ കുട്ടിക്കാലത്ത്, പാറമുകളിൽ നിന്ന് തൃശൂർ പൂരത്തിന്റെ വെടിക്കെട്ടും ഒല്ലൂർ വഴി തീവണ്ടി ഓടുന്നതു കണ്ടതും... എല്ലാം എനിക്ക് വിവരിച്ചു തന്നു. കാലക്രമത്തിൽ ബഹുനിലക്കെട്ടിടങ്ങൾ വന്നതും വലിയ മരങ്ങളൊക്കെയുമായി ഇന്ന് ആ കാഴ്ചകൾ കാണാതെയായി.

ഞങ്ങൾ തിരികെ വീട്ടിൽ വന്നപ്പോൾ അവളുടെ അമ്മ തയ്യൽ പണി ചെയ്യുകയാണ്. എന്തിനാണ് ഇത്തിരിപ്പോന്ന പിള്ളേരെ പാറമുകളിൽ കൊണ്ടുപോയത് എന്നും പറഞ്ഞ് അവർ അവളെ കണക്കറ്റ് ശകാരിച്ചു.

അന്ന് രാത്രിയിൽ ഞങ്ങൾ അവൾക്കു ചുറ്റുമിരുന്ന് മേക്കട്ടിപ്പാറയുടെ  മുഴുവൻ ചരിത്രവും കേട്ടു. കൂറ്റൻ പാറക്കുചുറ്റും  ഇഞ്ചപ്പുൽമേടു നിറഞ്ഞ ആ പ്രദേശം ഒരു തുരുത്താണ്. പ്രണയബദ്ധരായവർ  ആ തുരുത്തിലകപ്പെട്ടതും കഞ്ചാവുവലിക്കുന്നവർ രാത്രികാലങ്ങളിൽ അവിടെ കറങ്ങിനടക്കുന്നതുമെല്ലാം അവൾ വിവരിച്ചു.

കഥ പറയുന്നതിനിടയിൽ അവൾ മണ്ണെണ്ണ വിളക്കിന്റെ എരിയുന്ന തിരിയെ തള്ള വിരലും ചൂണ്ടാണി വിരലും ചേർത്ത് ഉഴിഞ്ഞു പൊന്തിച്ചു; ഒരു സർക്കസ്സുകാരിയെപ്പോലെ! എന്നിട്ട് കയ്യിൽ പറ്റിയ കരി തലയിൽ തേച്ചു. അപ്പോൾ മണ്ണെണ്ണ വിളക്ക് കുറച്ചുകൂടി ഊർജത്തിൽ എരിഞ്ഞു മിന്നി.

തിരി പൊന്തിച്ചെടുത്ത കൈ വിരലുകൾ അവൾ ഇടയ്ക്കിടെ മണക്കുന്നുണ്ടായിരുന്നു.

"എന്തിനാ ഇങ്ങനെ മണക്കുന്നേ?" ഞാൻ ചോദിച്ചു.

"എനിക്ക് മണ്ണെണ്ണയുടെ മണം ഇഷ്ടമാണ്!"
ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ മറുപടി പറഞ്ഞു.

"ശരിക്കും നമ്മളോരോരുത്തരും ഓരോരോ മണ്ണെണ്ണ വണ്ടികളാണ്. മണവും രുചിയും നുകർന്നെടുത്തോടുന്ന പലചരക്കു വണ്ടികൾ! അല്ലേടാ?"

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

ശരിക്കും അവൾ ആരാണ്?

മീനവെയിലിൽ മേക്കട്ടിപ്പാറ ചുട്ടുപഴുത്തു കിടക്കുന്ന കാലം. രാവിലെ ഇഞ്ചപ്പുല്ലു വെട്ടാൻ പോയ അവൾ സന്ധ്യമയങ്ങുന്ന സമയത്താണ് തിരികെ വീട്ടിൽ വന്നത്.

റാഫേൽ; അവളുടെ സഹോദരൻ, അവളേക്കാൾ പന്ത്രണ്ടു വയസിന് മുതിർന്നവൻ,  കാട്ടിൽ നിന്നും വെട്ടിയെടുത്ത മുഴുത്ത പാണൽ വടികൊണ്ട് അവളെ തലങ്ങും വിലങ്ങും അടിച്ചു.

"ഇനി വൈകി വരുവോടി ഒരുമ്പെട്ടവളെ" എന്ന് അയാൾ ആക്രോശിക്കുന്നുണ്ടായിരുന്നു.

അവൾ വാവിട്ടു കരയുന്നത് ഞാൻ കണ്ടില്ല. എങ്കിലും അന്ന് രാത്രി  അവളുടെ അമ്മയുടെ  കുഴമ്പു മണക്കുന്ന കട്ടിലിലെ തഴപ്പായയിൽ അവൾ കമിഴ്ന്നു കിടക്കുന്നതു ഞാൻ കണ്ടു. കട്ടിൽപലകയുടെ ഇടുക്കുകളിൽപ്പെട്ട് ദ്രവിച്ചു തുടങ്ങിയ തഴപ്പായയിൽ അവളുടെ കണ്ണുനീർ ഒരു ഈർപ്പം പടർത്തി.

അന്നാളുകളിൽ അവൾ അടുക്കളയിൽ അട്ടിയിട്ട ഇഞ്ചപ്പുൽ കെട്ടുകൾ കണ്ടിരുന്നെങ്കിൽ അയാൾ അവളെ തല്ലില്ലായിരുന്നു. ഉണങ്ങിയ ഇഞ്ചപ്പുല്ലാണ് അവർ അടുക്കളയിൽ തീ പെരുക്കാൻ ഇന്ധനമാക്കിയിരുന്നത്.

റാഫേൽ മാലാഖ ഒരു അത്യാവശ്യയാത്രയിൽ തോബിയാസിന് കൂട്ടുപോയവനാണ്; രക്ഷകനായവനാണ്. അതുപോലെ അവളുടെ സഹോദരൻ റാഫേലും അവൾക്കു കൂട്ടായി ഒരു മാലാഖയാവേണ്ടവനായിരുന്നു. അവൾ ഹൃദ്യമായതെന്ന് കരുതിയ ചില മായികഗന്ധങ്ങൾ ഉപേക്ഷിക്കാൻ അവളെ സഹായിക്കേണ്ടവനായിരുന്നു. എന്നാൽ അയാൾ  അവളുടെ കുറ്റംകുറവുകൾ കണ്ടെത്തുന്ന നിത്യപീഡകനായി. മിക്കവാറും മദ്യപിച്ചുവന്ന് അവളെ വാക്കുകൾകൊണ്ടും ദേഹോപദ്രവംകൊണ്ടും ജീവിതം മടുപ്പിക്കുന്ന കരിമാലാഖ!

കുട്ടിക്കാലത്തും റാഫേൽ അവളെ വേദനിപ്പിക്കുമായിരുന്നു. അന്ന് അവളെ കാക്കാൻ പപ്പയുണ്ടായിരുന്നു. പപ്പാ മരിച്ചതിൽപ്പിന്നെ അവൻ ആരെയും അനുസരിക്കാത്തവനായി. സ്‌കൂളിൽ പോകാതെ മണലിപ്പുഴയിൽ മീൻപിടിക്കാൻ പോവുക, തക്കം കിട്ടിയാൽ മദ്യപിക്കുക, കുടുംബപ്രാർത്ഥനക്കു കൂടാതെ മേക്കട്ടിപ്പാറയിൽ സന്ധ്യാസമയങ്ങളിൽ പോയിരിക്കുക...ഇതൊക്കെ അവന്റെ പതിവുകളായി; അവൻ ഒരു കരി മാലാഖയായി!!!

അവളുടെ പേര് 'റോസാ' എന്നാണ്. ആ പുഷ്പം പോലെ സുഗന്ധം പേറുന്ന  പേര്. എന്നാൽ അവൾക്ക് ആ പേര് ഇഷ്ടമല്ല. അവളുടെ ഭാഷയിൽ പറഞ്ഞാൽ ഫാഷനറിയാത്ത അവളുടെ അമ്മ വിളിച്ച പേര്!

റോസാ സുന്ദരിയും ഗന്ധസൗരഭ്യങ്ങൾ സസൂഷ്മം തിരിച്ചറിയാൻ കഴിവുള്ളവളുമായ പെൺകുട്ടിയാണ്. ഒരുനാൾ തൃശ്ശൂര് ജോലിക്കുപോയ റോസാ തിരികെവന്നില്ല. മഞ്ഞനിറത്തിലുള്ള ചുരിദാറാണ് അന്നവൾ ധരിച്ചിരുന്നത്. റാഫേൽ തൃശൂർ നഗരം മുഴുവൻ അവളെ അന്വേഷിച്ചു. എന്നാൽ എവിടെയും അവളെ കണ്ടില്ല. മാനക്കേടോർത്ത് പോലീസിൽ പരാതിപ്പെട്ടില്ല. രാത്രികൾ പലതും കഴിഞ്ഞുപോയി. റോസയുടെ ഗന്ധം പോലും എങ്ങോ നേർത്തലിഞ്ഞു പോയി.

റോസയുടെ വിവാഹക്കാര്യത്തിന് ഒന്നുരണ്ടു കൂട്ടർ വന്നതാണ്. എന്നാൽ അന്നാളുകളിലാണ് അവൾക്ക് കാൽപാദങ്ങളിലെ തൊലി അടർന്നുപോകുന്ന അസുഖം വന്നത്. മണ്ണുത്തിയിലെ ലൂർദ്ദ് വിഷചികിത്സാ ആശുപത്രിയിൽ കൊണ്ടുപോയി രണ്ടുവർഷം ചികിൽസിച്ചു. കൈകളിലും കാലുകളിലും ചിലതരം കല്ലുകൾ വച്ച് ചികിൽസിക്കുന്ന രീതി. അസുഖം ഭേദമായി വന്നെങ്കിലും പിന്നെ കല്യാണാലോചനകൾ വരാതെയായി.

ഒരു ദിവസം റാഫേലിന്റെ ഭാര്യ ഗ്രെയ്‌സി വീടിന്റെ അടുക്കള രണ്ടാക്കി. റോസയും അമ്മയും പുറത്താക്കപ്പെട്ടു. ഗ്രെയ്സിയും റാഫേലും രണ്ടു പെൺമക്കളും ചേർന്ന പുതിയ അടുക്കള. പുതിയ അടുക്കളക്കു പൂട്ടും ഗ്രെയ്സിയുടെ അരയിൽ താക്കോലും വച്ചു.

പഴയ അടുക്കളയോട് ചേർത്ത് റോസയുടെ അമ്മ  സൂക്ഷിച്ചുവെച്ച വീടിന്റെ ആധാരം, തകർത്തുപെയ്ത ഒരു മഴദിവസം റാഫേൽ കൈക്കലാക്കി. അമ്മയുടെ കള്ളൊപ്പിട്ട് ബാങ്കിൽ നിന്നും ഒരു തുക കൈക്കലാക്കി പുതിയ അടുക്കളക്കാർ അവർക്കു മാത്രമായി പുതിയ വീട് പണിതുടങ്ങി.

പുതിയ വീട് പൂർത്തിയാക്കും മുമ്പ് പഴയ അടുക്കളയിൽ 'റോസയുടെ അമ്മ' ജീവിതം കൈവിട്ടു. റോസാ പുഷ്പം മിഴിനീർപൊഴിഞ്ഞുതീർന്ന് ദളങ്ങളുലഞ്ഞവളായി.

അന്ന് റോസയുടെ അമ്മ മരിച്ചിട്ട് പന്ത്രണ്ടു ദിവസമായിട്ടേ ഉണ്ടായിരുന്നുള്ളൂ. ആ രാത്രിയിലാണ് അവളുടെ അവസാന  ദലങ്ങളും പൊഴിഞ്ഞുപോയത്.  റാഫേൽ അവളുടെ ചാരിത്ര്യത്തെ ഒരറപ്പുമില്ലാതെ തെറിവിളിച്ച രാത്രി. അവൾ ജോലി കഴിഞ്ഞു വന്ന ബസ്സിലെ കണ്ടക്ടർ തോമസ്, അവളോട് എന്തോ പറഞ്ഞു ചിരിച്ചെന്നും മറുപടിയായി അവൾ ചിരിച്ചത് റാഫേൽ കണ്ടെന്നും പറഞ്ഞ് അവളെ കരണത്തടിച്ചു. ഇത്തരക്കാരായ ചെറുപ്പക്കാരുമായുള്ള അഴിഞ്ഞാട്ടം ഈ വീട്ടിൽ പറ്റില്ല എന്നും പറഞ്ഞ് കഥകേട്ട് നിന്ന ഗ്രെയ്‌സി, റോസയെ വീട്ടിൽനിന്നും ആട്ടിയിറക്കി. എന്റെ പെണ്മക്കളുടെ മുൻപിൽ ഇത്തരം ദുർമാതൃകകൾ വച്ച് പൊറുപ്പിക്കാനാവില്ലെന്നും പറഞ്ഞ് ഗ്രെയ്‌സി വാതിൽ ആഞ്ഞടച്ചു.

റോസാപുഷ്പം വാടിയുലഞ്ഞ് വരാന്തയിലുറങ്ങി. തലേന്നുറങ്ങിയ വേഷത്തിൽത്തന്നെ അവൾ അവിടം വിട്ടിറങ്ങി. തലയ്ക്കു മേക്കട്ടിപ്പാറയേക്കാൾ കനമുള്ളതായി അവൾക്കു തോന്നി. ഒരു മഞ്ഞത്തുണിയല എങ്ങോ പാറിപ്പറന്നുപോയി.

മേക്കട്ടിപ്പാറയുടെ മുകളിൽവെച്ച് അന്ന് അവൾ പറഞ്ഞത് ഞാനോർത്തു.
"ഇക്കാണുന്ന ലോകം മുഴുവൻ ദൈവം സൃഷ്ടിച്ചതാണ്.എന്നിട്ട് മനുഷ്യർ അതിന് വേലി കെട്ടി. ഇത് എന്റെയാണ്, അത് നിന്റെയാണ്. എന്നൊക്കെ പറഞ്ഞ് അങ്ങനെ കളിക്കുകയാണ്... ല്ലേടാ...നമുക്ക് നടക്കാനും കിടക്കാനും ഒന്നുറങ്ങാനും കുറച്ച് ഇടം പോരെ?"