കടലോളം പ്രണയം

ഞാൻ ഒരു പട്ടക്കാരനാണ്. ഇക്കാര്യം ഞാൻ പലയാവർത്തി എന്നോടുതന്നെ പറഞ്ഞുവച്ചതും കുറെയേറെ അവസരങ്ങളിൽ എനിക്കെന്നെത്തന്നെ മനസിലാക്കാനാകാതെ കളഞ്ഞിട്ടു പോയാലോ എന്നു കരുതിയതുമാണ്. പിന്നെയും ഉന്തിത്തള്ളി ഉന്തിത്തള്ളി... ഓരോരോ സമയങ്ങളിൽ പുകയിട്ട് പഴുപ്പിച്ചെടുത്ത വാഴപ്പഴം പോലെ വിളഞ്ഞതുമാണ്.

സെമിനാരി ജീവിതം കഴിഞ്ഞാൽ പട്ടത്തിനു മുമ്പ് ഏതാനും ദിവസങ്ങൾ വീട്ടിൽ ചെലവഴിക്കാം. കൃത്യമായി പറഞ്ഞാൽ ക്രിസ്മസ് കഴിഞ്ഞു വരുന്ന എന്റെ വൈദിക പട്ടത്തിനും ഒരാഴ്ച്ച മുമ്പാണ് ഞാൻ വീട്ടിലെത്തിയത്.

കുറെ വര്ഷങ്ങള്ക്കു ശേഷമാണ് ഇല്ലിക്കരയിലെ എന്റെ ഇടവക പള്ളിയിൽ ക്രിസ്മസ് പാതിരാകുർബാനക്കു പോകുന്നത്. വഴിയിൽ വച്ച് ജോമോനെയും അന്നയെയും കണ്ടു. പള്ളിഗേറ്റിനരികിൽ അതാ മേഘ പോൾ.

പന്ത്രണ്ടാം ക്‌ളാസ്സു കഴിഞ്ഞ് ഇല്ലിക്കര പള്ളിയിൽ യുവജനസംഗത്തിന്റെ പ്രസിഡണ്ടായിരുന്ന കാലത്താണ് മേഘ പോൾ എന്ന ഒമ്പതാം ക്‌ളാസ്സുകാരി എന്റെ അരികിലേക്ക് വന്നത്. കണ്ണിമ ചിമ്മാതെ അവൾ എന്നെ നോക്കി നിൽക്കും. പിന്നെ ആ മുഖത്ത് നേർത്ത ഒരു ചിരി കൂട്ട് വരും. ഇല്ലിക്കര വഴികളിൽ പിന്നെ അവളുടെ സൈക്കിൾ വരുന്നത് എന്റെ ചങ്കിടിപ്പേറ്റും. മേഘ നിന്നെ ഞാൻ അതിരറ്റു പ്രണയിച്ചിരുന്നു; ഇപ്പോഴും പ്രണയിക്കുന്നു.

പാതിരാകുർബാന കഴിഞ്ഞ് ഞാൻ വീട്ടിൽ പോയില്ല. സെമിനാരി ജീവിതം തുടങ്ങിയ മേനാച്ചേരിയിലെ മൈനർ സെമിനാരിയിലേക്കു പോയി. കാച്ചപ്പിള്ളിയച്ചനെ കാണാൻ. അഞ്ചേരി ചിറയും കഴിഞ്ഞ് എന്റെ ബൈക്ക് മുമ്പോട്ട് പോവുകയാണ്.

ചിലപ്പോഴെല്ലാം ഇങ്ങനെയല്ലെ? നമ്മൾ എത്തിച്ചേരേണ്ടിടത്തേക്ക് ഓർമ്മകൾ നമ്മെ യാത്രയാക്കുകയല്ലേ? ദേവസ്സി മാഷുടെ മകൻ ജോൺ ഇല്ലിക്കരയിൽ ജനിച്ച്, വനാന്തരപ്പിള്ളിയിൽ പഠിച്ച്, അന്നമ്മയുണ്ടാക്കിത്തന്ന ചോറും കറിയും  കഴിച്ച്, മേഘയെ പ്രണയിച്ച്‌, ചിലപ്പോഴെങ്കിലും ഉറക്കമില്ലാത്ത രാത്രികളിൽ ഇളയപ്പൻ ഗൾഫിൽ നിന്നും കൊണ്ടു വന്ന സിറ്റിസൺ ഘടികാരത്തിൽ നിന്നും പന്ത്രണ്ടു മണിയും അടിക്കുന്ന കേട്ട് കഴിഞ്ഞുപോയ നാളുകൾ...

മേനാച്ചേരി കനാൽ കഴിഞ്ഞുള്ള വലതുഭാഗത്തെ ഗേറ്റ് മൈനർ സെമിനാരിയുടേതാണ്. ഇവിടുന്നുള്ള ഓർമകളാണ് എന്റെ ജീവിതം എന്നുതന്നെ പറയാം. സെമിനാരിയിൽ ചെന്ന് ഏതാനും മാസങ്ങൾക്കുള്ളിലാണ്, ഇന്ത്യയിൽ വച്ച് ആദ്യമായി നടത്തിയ ലോക സുന്ദരി മത്സരം സെമിനാരിയിലും ഞങ്ങൾ ആഘോഷിച്ചത്. പ്രിൻസ്, ലിയോ, ജൂലിയൻ പിന്നെ ഞാൻ. ഇടനാഴിയിൽ കിടന്ന കസേരകൾ പകൽ സമയത്ത് ഒതുക്കിയിട്ട്, പറഞ്ഞുവച്ചപ്രകാരം രാത്രിയിൽ ആളനക്കമില്ലാതെ വന്ന് വായടപ്പിച്ചു വച്ചിരുന്ന ടെലിവിഷനിൽ ഞങ്ങൾ സുന്ദരികളെ കണ്ടു. പുലർച്ചെ എല്ലാം കഴിഞ്ഞുവന്നു കിടക്കുമ്പോൾ ഞാൻ എന്നോടുതന്നെ ചോദിക്കുന്നുണ്ടായിരുന്നു:

'ഇത് വീട്ടിൽ പറ്റുമായിരുന്നില്ലേ? പലപ്പോഴും വീട്ടിലെ പഴയ സാംസങ് ടിവിയുടെ റിമോട്ടിൽ ശാലോം ടിവിയും ഫാഷൻ ടിവിയും മാറിമറഞ്ഞിരുന്നത് സെക്കന്റുകളിലായിരുന്നില്ലേ?'

വല്ലാത്തൊരു കുറ്റബോധം എന്നിൽ നിറഞ്ഞു.

പിറ്റേന്ന് രാവിലെ വര്ഗീസ് കാച്ചപ്പിള്ളിയച്ഛന്റെ മുറിയുടെ വാതിലിൽ ഞാൻ മുട്ടി. തലേന്ന് രാത്രിയിൽ സുന്ദരീമത്സരം കണ്ടകാര്യം അറിയിച്ചു. വീട്ടിലേക്കുള്ള പിരിച്ചുവിടൽ ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അച്ഛൻ ശകാരിച്ചില്ല.

"സുഖങ്ങളിൽ നിന്നുള്ള ഒരു പിന്മാറ്റമാണ് മകനെ ഈശോയെ സ്നേഹിക്കാനുള്ള എളുപ്പ മാർഗം. നിനക്ക് അതിന് സാധിക്കും". ഇത്രമാത്രം പറഞ്ഞ് അച്ഛൻ എന്നെ മുറിയിലേക്ക് പറഞ്ഞുവിട്ടു.

എന്നാൽ ഒരു ദിവസം രാത്രി സെമിനാരിയിലെ എന്റെ കിടപ്പുമുറിയിൽ, മേഘ സ്വപ്നത്തിൽ എന്നെ അലോസരപ്പെടുത്തി. വികാരാധീനനായി ഞാൻ മേഘയെ പുണരാനൊരുങ്ങി. എങ്ങനെയോ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന ഞാൻ, പിന്നെ കുറെയധികം നേരം മുട്ടിൽനിന്ന് കരഞ്ഞ്
 പ്രാർത്ഥിച്ചു.

കുറെയേറെ ദിവസങ്ങൾക്കുമുമ്പ്‌ ബസ് സ്റ്റോപ്പിൽ മേഘയും അവളുടെ പപ്പയും നിൽക്കുന്നുണ്ടായിരുന്നു. അടുത്ത ബസിൽ അവൾ പപ്പയുടെ കൂടെ കയറിപ്പോയി. പിന്നെ ദിവസങ്ങളോളം അവളെ കണ്ടില്ല. പ്രണയഭംഗത്തിന്റെ വേദനയിൽ ഞാൻ നീറി. മംഗലാപുരത്ത് നഴ്സിങ് പഠിക്കാനാണ് അവൾ പോയതെന്ന് പിന്നീട് ഞാനറിഞ്ഞു. മേഘ എനിക്ക് നിന്നെ നഷ്ടമായിരിക്കുന്നു.

ചുറ്റും മനുഷ്യരും വസ്തുക്കളും പ്രകൃതിയെല്ലാമുണ്ടെന്നിരിക്കിലും ഞാൻ ഏകനായി. അളവില്ലാത്ത സ്‌നേഹം ദൈവത്തിൽനിന്നു മാത്രമേ കിട്ടൂ എന്ന് അമ്മ പറഞ്ഞുതന്നത് ഒരു ദിവസം എനിക്കു ബോധ്യപ്പെട്ടു. പിന്നെ തീരുമാനങ്ങളെല്ലാം പെട്ടെന്നായിരുന്നു. അമ്മയിൽ നിന്നു ലഭിച്ച ഉറച്ചബോധ്യത്തിൽ നിന്ന് ഞാൻ സെമിനാരിയിൽ ചേർന്നു.

അവിടുന്നങ്ങോട്ട് ശരീരവും മനസും ആത്മാവും ചേർന്നുള്ള മൽപിടുത്തമാണ് എന്നും. മിക്കവാറും ദിവസങ്ങളിൽ ഞാൻ വെറും ശരീരം മാത്രമായി തോൽക്കും; കുമ്പസാരിക്കും. പിന്നെ എന്റെ ആത്മീയഗുരുവായ കാച്ചപ്പിള്ളിയച്ചനാണ് ആത്മാവിനാൽ ശരീരത്തെ തോൽപ്പിക്കാൻ സാധിക്കുന്ന പ്രാർത്ഥനാവിദ്യകൾ എന്നെ അഭ്യസിപ്പിച്ചത്.

പതിനൊന്നാം നമ്പർ സെമിനാരി മുറിയിൽ കാച്ചപ്പിള്ളിയച്ചൻ ചൊല്ലിപ്പഠിപ്പിച്ച പ്രാർത്ഥനകളിലൂടെ ജപമാലയിലൂടെ നിരന്തരമായ ദിവ്യകാരുണ്യആരാധനയിലൂടെ പ്രണയവിവശനായ ഫ്രാൻസീസ് അസ്സീസിയെപ്പോലെ ഞാൻ ഈശോയെ പ്രണയിച്ചു.

'മേഘ പോൾ നീയും ഒരു മാലാഖയാണ്; പ്രണയതീരത്തിന്റെ മരീചികക്കപ്പുറത്തുള്ള വിസ്മയനീയതയിൽ നാമെല്ലാം മാലാഖമാരാണ്. ഒരുമിച്ച് നാഥനെ പ്രണയിക്കുന്ന മാലാഖമാർ.'

പാതിരാകുർബ്ബാന കഴിഞ്ഞുവന്ന് കാച്ചപ്പിള്ളിയച്ചൻ ഉറക്കംപിടിച്ചിട്ടുണ്ടായിരിക്കാം. കാലങ്ങൾക്കും കാതങ്ങൾക്കുമിപ്പുറം വീണ്ടും ഞാൻ സെമിനാരിയിലെ കാച്ചപ്പിള്ളിയച്ചന്റെ മുറിയുടെ കതകിൽ മുട്ടി. അൽപ്പസമയത്തിനുശേഷം മുറിയിൽ വെളിച്ചംവീണു. നാലുവർഷമായി അച്ചനെ കണ്ടിട്ട്. ഇന്നാളുകളിൽ ഏതാനും ഫോണ് സംഭാഷണങ്ങൾ മാത്രം.

അച്ചൻ തീർത്തും അവശനായിരിക്കുന്നു. പാതിരാകുർബ്ബാന കഴിഞ്ഞ് തിടുക്കത്തിൽ വന്നതിന്റെ ഗൗരവം എന്താണെന്ന് എന്നോട് അന്വേഷിച്ചു.

''അത് പിന്നെ... അച്ചാ, നാലുദിവസം കഴിഞ്ഞാൽ എന്റെ പട്ടമാണ്. എനിക്കിപ്പോഴും സംശയമാണ്; വൈദികനാകണോ വേണ്ടയോ എന്ന്. പലയാവർത്തി ഞാൻ പ്രാർത്ഥിച്ചു. എന്നിട്ടും വിശുദ്ധ കുർബ്ബാനക്കിടെ വൈദികൻ ഉയർത്തിപ്പിടിച്ചു വാഴ്ത്തുന്ന തിരുവോസ്തിയിൽ ഈശോയുളളതായി എനിക്ക് അനുഭവപ്പെടുന്നില്ല. അപ്പോൾ പിന്നെ വൈദികനായാൽ എനിക്കെങ്ങനെ യോഗ്യതയോടെ ബലിയർപ്പിക്കാനാകും...? എനിക്ക് വിശ്വാസം ഇല്ലച്ചോ...''

കഴിഞ്ഞ പത്തുപതിനൊന്നു വർഷത്തെ എന്റെ കാത്തിരിപ്പും ഒരുപാടു പേരുടെ എന്നിലുള്ള പ്രതീക്ഷയുമെല്ലാമോർത്ത് സങ്കടം സഹിക്കാനാകാതെ ഞാൻ തേങ്ങിക്കരഞ്ഞു.

''മകനെ നീ എല്ലാം തുറന്നുപറയുന്നല്ലോ! നിനക്ക് തമ്പുരാന്റെ വലിയ കൃപയുണ്ട്. സർവശക്തനായ ദൈവം നിനക്ക് കൃത്യസമയത്ത് വിശ്വാസം തന്നുകൊള്ളും. നീ ധൈര്യമായി പട്ടം സ്വീകരിക്ക്. ഞാൻ പ്രാർത്ഥിക്കാം''.

തോളിൽ ചേർത്തണച്ച് ആശ്വസിപ്പിച്ച് അച്ചൻ എന്നെ യാത്രയാക്കി.

ഞാൻ വീട്ടിലേക്കു തിരിച്ചു. അപ്പോഴും ക്രിസ്മസ് രാവിലെ ആഘോഷങ്ങൾ നടക്കുന്നുണ്ട്. തെരുവുകളിൽ ചെറുപ്പക്കാർ വട്ടംകൂടിനിന്ന് പടക്കം പൊട്ടിക്കുന്നതും വലിയ ക്രിസ്മസ്ട്രീകൾ ഒരുക്കുന്നതുമെല്ലാം കണ്ടു. മിന്നിമറയുന്ന നക്ഷത്രങ്ങളിലൂടെ ഇനിയും പട്ടത്തിനുവിളിക്കേണ്ടവരുടെ പേരുകൾ തെളിഞ്ഞുവന്നു. കൂട്ടത്തിൽ മേഘ പോളും!

ബൈക്ക് മുന്നോട്ടു പോവുകയാണ്. പട്ടം കിട്ടിയിട്ട് ഇപ്പോൾ മൂന്ന് വർഷമായി. ഞാനിപ്പോൾ ഒല്ലൂര് പള്ളിയിൽ അസ്‌തേന്തി*യാണ്. ഇന്ന് ഉച്ചകഴിഞ്ഞ് കരാഞ്ചിറ മുത്തിയുടെ പള്ളിയിൽ തിരുനാളിനൊരുക്കമായി മുത്തിയുടെ കൂടുതുറക്കലും പ്രദക്ഷിണവും പാട്ടുകുർബ്ബാനയുമുണ്ട്. വി. കുർബ്ബാന മദ്ധ്യേ പ്രസംഗം പറയാനുള്ള പോക്കാണ്. ഉച്ചകഴിഞ്ഞുള്ള വെയിലിന്റെ ശക്തി എന്നെ വല്ലാതെ വലച്ചു. തൊണ്ടവരണ്ട് നല്ല ദാഹം തോന്നി.

കാട്ടൂർ കവല കഴിഞ്ഞ് തിരക്കൊഴിഞ്ഞ വഴിയിൽ വീടിനോടുചേർന്ന് ഒരു ചെറിയ പലചരക്കുകട കണ്ടു. ഒരു നാരങ്ങാവെള്ളം കുടിച്ചാലോ എന്ന അതിയായ ആഗ്രഹത്തിൽ ബൈക്ക് വഴിയരികിൽ വച്ച് കടയിൽ കയറി. അമ്പതുവയസു പ്രായം തോന്നിക്കുന്ന ഒരു ചേട്ടൻ എന്റെ വേഷത്തിനുള്ള ആദരവായി ഒരു കസേര നീട്ടിയിട്ട്, ഭവ്യതയോടെ 'ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ' എന്ന് ഒരു സ്തുതിയും തന്നു.

 ചേട്ടൻ നാരങ്ങയെടുക്കാൻ ഫ്രിഡ്ജിനരികിലേക്ക് ഒന്നുപോയി. സോഡയെടുക്കാൻ വീണ്ടും പോകുന്നു. പിന്നെ നാരങ്ങ തിരിച്ചും മറിച്ചുംവെച്ച് അളവെടുത്ത് നടുമുറിക്കുന്നതുപോലെ എനിക്കു തോന്നി. കരാഞ്ചിറ പള്ളിയിലേക്ക് ഇനിയും പത്തുപന്ത്രണ്ട് കിലോമീറ്റർ ദൂരമുണ്ട്. ഇഴഞ്ഞിഴഞ്ഞ് കാര്യങ്ങൾ നടക്കുന്നതിനിടെ പിഴിയാൻ തുടങ്ങിയ നാരങ്ങ അവിടെ വച്ച് ചേട്ടൻ പിൻവാതിലിനരികിലേക്കു പോയി. ഇത് ശരിക്കും എന്നെ അരിശം പിടിപ്പിച്ചു. എന്റെ ക്ഷമ നഷ്ടപ്പെട്ട് കസേരയിൽ നിന്ന് എണീറ്റ് ''ചേട്ടാ'' എന്നു വിളിച്ചതും കടയുടെ പിന്നിൽ നിന്നും ഞാൻ ഒരു കാഴ്ച്ച കണ്ടു.

പിൻവാതിലിനരികിൽ ചുമരിൽ തപ്പിത്തടഞ്ഞുവരുന്ന രണ്ടു കൈകൾ. പതിയെ ഞാൻ പിൻവാതിലിനരികിലേക്കു നടന്നു. തപ്പിത്തടഞ്ഞുവന്ന ആ കൈകളെ താങ്ങിപ്പിടിച്ചുകൊണ്ട് ചേട്ടൻ എന്നോടു പറഞ്ഞു.

''അമൽ...എന്റെ മോനാണ്... അച്ചൻ ഇവന്റെ തലയിൽ കൈവച്ച് ഒന്നു പ്രാർത്ഥിക്കണം. ഒരു അച്ചനാവണമെന്നാ ഇവന്റെ ആഗ്രഹം''.

അമലിന്റെ തലയിൽ കൈകൾവച്ചു ഞാൻ പ്രാർത്ഥിക്കുമ്പോൾ അറിയാതെ അവന്റെ മിഴികളിൽ ഞാൻ നോക്കി. കരാഞ്ചിറ പള്ളിപ്പെരുന്നാളും പ്രസംഗവുമെല്ലാം കുറച്ചുനേരത്തേക്കു ഞാൻ മറന്നുപോയി.

നിറമിഴികളുമായി നിന്ന ചേട്ടനെ ചേർത്തുപിടിച്ചു ഞാൻ ചോദിച്ചു:

''ചേട്ടന്റെ പേരെന്താ?''

''തോമസ്''

ചേട്ടൻ പേരു പറയുന്നതിനിടയിൽ അമൽ കയറിപ്പറഞ്ഞു:

''പപ്പേ എന്റെ കാര്യം അച്ചനോട് ഒന്നു വിശദമായിട്ടു പറ... എന്നെ സെമിനാരിയിലെടുക്കുവാണെങ്കിൽ അന്നേരം ഇതറിയണ്ടല്ലോ!!!'

നിർബന്ധം തുടർന്നപ്പോൾ തോമസേട്ടൻ പറഞ്ഞു:

''ഇവന് അറിവായില്ലേ എന്നു കരുതി കഴിഞ്ഞവർഷമാണ് ഞാനത് അവനോട് കൃത്യമായി പറഞ്ഞുകൊടുത്തത്. ഏതെങ്കിലും കാലത്ത് മറ്റുളളവർ പറഞ്ഞറിയുന്നതിനേക്കാൾ നല്ലത് ഞാൻ തന്നെ പറയുന്നതല്ലേ?!!

ഇവനെ ഞാനും ജാൻസിയും ദത്തെടുത്തതാണ്. ഞങ്ങൾ മുംബൈയിലായിരുന്നു. അവിടെ ഒരു ലെതർ ഫാക്ടറിയിൽ എനിക്ക് തരക്കേടില്ലാത്ത ഒരു ജോലിയുണ്ടായിരുന്നു. തിരക്കിട്ട ദിവസങ്ങൾ, വർഷങ്ങൾ... വിവാഹം കഴിഞ്ഞിട്ട് എട്ടുവർഷമായിട്ടും കുഞ്ഞുങ്ങളാവാതിരുന്നപ്പോൾ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ഞാനും ജാൻസിയും തീരുമാനമെടുത്തു. എന്നാൽ എന്തെങ്കിലും ഒരു വൈകല്യമുള്ള കുഞ്ഞിനെ വേണം ദത്തെടുക്കാൻ എന്ന് ഞങ്ങൾ ഉറപ്പിച്ചു. അവരെ ആർക്കും വേണമെന്നുണ്ടാവില്ലല്ലോ! അന്വേഷണങ്ങൾക്കൊടുവിൽ ഞങ്ങൾക്കിവനെ കിട്ടി. ഇവന് രണ്ടുവയസ്സു മാത്രം പ്രായം.

വീട്ടിൽ ഒരു കുഞ്ഞുവന്നപ്പോൾ ഞങ്ങൾക്കു നല്ല സന്തോഷമായി. എന്നാൽ അവൻ നടക്കാൻ തുടങ്ങിയതുമുതൽ ഞങ്ങളുടെ ജീവിതം കുറച്ചധികം വെല്ലുവിളികൾ നിറഞ്ഞതായി. അമലിനെ സ്‌പെഷൽ സ്‌കൂളിൽ വിടലും അവന്റെ എല്ലാ കാര്യങ്ങൾക്കും ഒരാൾ എപ്പോഴും കൂടെ വേണമെന്നുമുള്ള അവസ്ഥയും പോരാത്തതിന് ജാൻസിക്ക് വിഷാദരോഗം വന്ന് ചികിത്സയും
ആയപ്പോൾ എനിക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നു.

പിന്നെ മുംബൈയിൽ നിന്ന് എല്ലാം അവസാനിപ്പിച്ച് നാട്ടിലേക്കു പോന്നു. കഴിഞ്ഞ പന്ത്രണ്ടുവർഷമായി ഈ ചെറിയ കടയും ഇവന്റെ പരിചരണവുമൊക്കെയായി മുന്നോട്ടു പോകുന്നു. ഇവന്റെ ദിനചര്യകളിൽ ഒപ്പംനിന്ന് ഞാനും കുറച്ചു സ്ലോ ആയിപ്പോയി. ആദ്യം എനിക്കും ഇവന്റെ കൂടെ നിൽക്കാൻ ബുദ്ധിമുട്ടായിരുന്നു. ഫാക്ടറിയിൽ തിരക്കിട്ട ജോലിയെടുത്ത് ശീലിച്ച ഞാൻ പതിയെ ഇവനോടു പരുവപ്പെട്ടു".

കേട്ടുകൊണ്ടു നിന്ന ഈ പട്ടക്കാരന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കുറച്ചധികം സമയം ഞാൻ അദ്ദേഹത്തെ നോക്കിനിന്നു കരഞ്ഞു. എന്റെ കണ്ണീർകണങ്ങൾക്കിടയിലൂടെ മങ്ങിമയങ്ങിയ ഒരു നോക്കു ഞാൻ കണ്ടു; ക്രിസ്തുവിനെ... ദിവ്യകാരുണ്യ ബലിയാകുന്ന എന്റെ ഈശോയെ...