റബ്ബര്‍ മരത്തലപ്പുകള്‍ തലതാഴ്ത്തിനില്‍ക്കുന്ന ഇടവഴിയില്‍നിന്നു ഡെല്ല മുകളിലേക്കു നോക്കി. ഇഞ്ചപ്പുല്‍ മേടുകല്‍ക്കിടയില്‍ നെഞ്ചുവിരിച്ചുനിന്നു പുഷ്പ്പിക്കുന്ന കമ്മ്യുണിസ്റ്റ് പച്ചയും, കാറ്റുവന്നാല്‍ അരികുചേര്‍ന്നൊഴുകുന്ന കനാലിലേയ്ക്കു ഊര്‍ന്നു വീഴാന്‍ നില്‍ക്കുന്ന കൊങിണിപ്പൂക്കളും അവള്‍ കണ്ടു.കുറച്ചുകൂടി എത്തിവലിഞ്ഞുനോക്കിയപ്പോള്‍ മണിമാളികയ്ക്കരികിലെ വലിയ കുരിശിന്റെ അഗ്രം കണ്ടു.
വെള്ളാനിക്കോടു പള്ളിയെ ചുറ്റിയൊഴുകുന്ന ജലസേചനകനാലിന്റെ ഓരത്താണു അവള്‍ നിന്നിരുന്നത്. കനാലിനോടൊപ്പം തന്നെ വരന്തരപ്പിള്ളിയിലേയ്ക്കു പൊകുന്ന ആ ഇടവഴിയിലൂടെയാണു അവള്‍ നിത്യേന സ്ക്കൂളില്‍ പോയിരുന്നത്. സ്ക്കൂള്‍ വിട്ടുവരുമ്പോഴെല്ലാം ഡെല്ല, പള്ളിയ്ക്കരികുചേര്‍ന്നുള്ള ആ കൊച്ചുവളവില്‍ തന്റെ സൈക്കിള്‍ നിര്‍ത്തും. എന്നിട്ട് തൊട്ടാവാടികള്‍ക്കിടയില്‍നിന്നുകൊണ്ട് കനാല്‍ വെള്ളത്തിന്റെ ഒഴുക്കില്‍ നോക്കിയിരിക്കും....
അന്നു മമ്മീം പപ്പേം പുല്ലുപറിയ്ക്കാന്‍ പോയ സന്ധ്യയ്ക്ക് ഡെല്ലയും കുഞ്ഞനിയനും ഒപ്പം കൂടി.കനാലോരത്തെ കാട്ടു വള്ളി പറിയ്ക്കുന്നതിനിടയില്‍ ഡെല്ലയുടെ കയ്യില്‍ തൊട്ടാവാടി മുള്ള് കുത്തിക്കയറി. ഓരിയിട്ടു കരഞ്ഞ ഡെല്ലയുടെ, തള്ളവിരലിലിരുന്ന മുള്ള് കുഞ്ഞനിയന്‍ കടിച്ചെടുത്തു. എന്നിട്ടും നിലയ്ക്കാത്ത കരച്ചിലിനിടയില്‍ മറ്റൊരു ശബ്ദം കൂടി കൂട്ടുചേര്‍ന്നു. എന്താണെന്നറിയാന്‍ തിരിഞ്ഞുനോക്കിയ കുഞ്ഞനിയന്‍ കണ്ടതു കനാല്‍ വെള്ളത്തില്‍ മുങ്ങിയും താണും കൊണ്ടിരുന്ന മീനു പൂച്ചയെയാണു. പരാക്രമത്തിനിടയില്‍ മീനു പരിസരം മുഴുവന്‍ കേള്‍ക്കെ അലറുകയാണു. പെട്ടെന്നു കരച്ചില്‍ നിര്‍ത്തിയ ഡെല്ലയും മീനുവിന്റെ പ്രാണരക്ഷാര്‍ഥം കുഞ്ഞനിയനു പിറകേ കനാലിലേയ്ക്കു ചാടി.സന്ധ്യ മയങ്ങിയതിനാല്‍ പൂച്ചയുടെ ശബ്ദം കേട്ട ദിക്കിലേക്കു ഇരുവരും പാഞ്ഞു. വേനല്‍ക്കാലമായതുകൊണ്ടു കനാല്‍ വെള്ളം തീരെ കുറവായിരുന്നു. അടുത്തെത്തിയ ഉടന്‍ കുഞ്ഞനിയന്‍ മീനുവിനെ എടുത്ത് ഡെല്ലക്കു കൊടുത്തു. പൂച്ചയെ രക്ഷിക്കാന്‍ സാധിച്ച കുഞ്ഞനിയന്റെ കണ്ണുകള്‍ കുടുകുടാ നിറഞ്ഞു. നോക്കിനിന്ന ഡെല്ല തന്റെ ബാക്കിവച്ച കരച്ചില്‍ അനിയനുമായി പങ്കുവച്ചു. ഇതുകണ്ട മീനു ശരീരമാസകലം ഒന്നുകുടഞ്ഞു കനാല്‍മണ്ടയിലെ പാണല്‍കാടുകളിലേക്കു ഓടിപ്പോയി.
എന്നും രാവിലെ വെള്ളാനിക്കോടു കവലയില്‍നിന്നു പാല്‍ വാങ്ങാന്‍ പോവുക ഡെല്ലയും കുഞ്ഞനിയനും കൂടിയാണു. ടാപ്പിംഗ് കഴിഞ്ഞു വരുന്ന പപ്പക്കു കാപ്പിയുണ്ടാക്കാന്‍ മമ്മി രണ്ടുപേരേയും കിടക്കയില്‍നിന്നു കവലയിലേക്കോടിക്കും. ഒപ്പമോടാന്‍ ഒരാള്‍കൂടിയുണ്ടാകും; മീനു! വെള്ളത്തില്‍ നിന്നു രക്ഷിച്ചതിന്റെ നന്ദി കാണിക്കാന്‍ പിറ്റേന്നു രാവിലെ മീനു നിലത്തുനില്‍ക്കാത്ത ഓട്ടമാണു.ഇതുകണ്ടു തുള്ളിച്ചാടിയ കുഞ്ഞനിയന്‍ മീനുവിന്റെ പിറകെയോടി. ഇടക്കിടെ മീനു പൂച്ച തിരിഞ്ഞുനോക്കും. ഒടുവില്‍ ക്രിസ്തുദാസി മഠത്തിനരികിലെ വലിയ വളവോടുകൂടിയ ഇറക്കത്തു മീനു നിന്നു. പാഞ്ഞെത്തിയ കുഞ്ഞനിയന്‍ മീനുവിനരികിലെത്തിയതും ഉണങ്ങിവീണ റബ്ബര്‍മരയിലകളില്‍ ചവിട്ടി വഴുതിവീണു. കയ്യിലിരുന്ന പാല്‍പാത്രം അരികിലുള്ള കലിങ്കില്‍ വീണുരുണ്ടുകൊണ്ടിരുന്നു. ഓടിയെത്തിയ ഡെല്ല കുഞ്ഞനിയനെ എടുത്തുപൊക്കി. എന്നിട്ടു ഉണക്കയിലകളും മണല്‍തരികളും തട്ടിക്കളഞ്ഞ് അവനെ ഒന്നു നോക്കി. തന്നെ അനുസരിക്കാതെ ഓടിയതുകൊണ്ടാണു ഇതു സംഭവിച്ചതെന്നു ആ നോട്ടത്തിന്റെ അര്‍ഥം. എന്നിട്ട് കുഞ്ഞനിയനെ തന്നോടു ചേര്‍ത്തുനിര്‍ത്തി നെറ്റിയില്‍ ഒരുമ്മ കൊടുത്തു. ഇതു നോക്കിനിന്ന മീനുപ്പൂച്ച ഹൃദയ നൊന്‍പരങ്ങളുടെ ആഴമറിയാതെ ഒരു കോട്ടുവായിട്ടു.
(തുടരും...)