പട്ടിക്കെന്താ സുഖം!

പള്ളി പ്രസംഗങ്ങള്‍ കൊച്ചുകൂട്ടുകാര്‍ക്ക്‌ എന്നും വലിയ തലവേദനയാണു. കേട്ടുകേട്ടിരുന്നു മടുക്കുന്ന ചിലര്‍ ഉറക്കത്തിലേക്കും മറ്റു ചിലര്‍ അടുത്തിരിക്കുന്ന കൂട്ടുകാരെ തള്ളുക, മാന്തുക എന്നീ നേരമ്പോക്കുകളിലേക്കും കടക്കും. ഇതൊന്നുമറിയാതെ പാവം അച്ചന്മാര്‍ ഘോര ഘോരമായി സുവിശേഷം പ്രസംഗിച്ചുകൊണ്ടിരിക്കും. മാറി മാറി വരുന്ന അച്ചന്മാര്‍ ഇതു തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിനിടയില്‍ രഞ്ചുവും, ഡെല്‍ വിനും, ഡെല്ലയുടെ കുഞ്ഞനിയന്‍ ആല്‍ബിയും തങ്ങളുടെ നുള്ളുക, മാന്തുക എന്നീ നേരമ്പോക്കുകള്‍ മാറ്റി അടുത്തിരിക്കുന്നവരെ തള്ളുക, ചെവി പിടിച്ചു വലിക്കുക എന്നീ പുതിയ രീതികള്‍ പരീക്ഷിച്ചു തുടങ്ങി. ഇക്കാലയളവിലാണു തൃശൂര്‍ സെമിനാരിയില്‍ നിന്നും വേദപാഠം പഠിപ്പിക്കാന്‍ നെടുനീളനെ മെലിഞ്ഞു 'സ്റ്റിഷിന്‍'എന്ന പേരിനാല്‍ പ്രസിദ്ധനായ ഒരു ബ്രദര്‍ വെള്ളാനിക്കോടു വന്നു തുടങ്ങിയത്‌. ഞായറാഴ്ച്ചത്തെ പ്രസിദ്ധമായ പഞ്ചാര കുര്‍ബ്ബാന (യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായുള്ള രണ്ടാമത്തെ വി.കുര്‍ബ്ബാന) യുടെ പ്രസംഗം പറയുക എന്ന വലിയ കര്‍മ്മം വികാരിയച്ചന്‍ ബ്രദറിനു സന്തോഷപൂര്‍വ്വം നല്‍കി. ആദ്യത്തെ ദിവസത്തെ പ്രസംഗത്തില്‍നിന്നു തന്നെ ബ്രദറിനു മനസ്സിലായി ഇതല്‍പ്പം കടുത്തതു തന്നെ. ഇവിടെ പ്രസംഗിച്ചു പഠിച്ചാല്‍ അങ്ങു റോമായില്‍ വലിയ പിതാവിന്റെ മുന്‍പിലും പ്രസംഗിക്കുക ബുദ്ധിമുട്ടാവില്ല. മുന്നില്‍കിടക്കുന്ന നാല്‍പതോളം വരുന്ന ഞായറാഴ്ച്ചകളേയോര്‍ത്ത്‌ സെമിനാരിമുറിയില്‍ നെടുനിശ്വാസങ്ങളുയര്‍ന്നു.

ഡെല്ല നാലാം ക്ലാസ്സില്‍ മച്ചാന്‍ മാഷുടെ ക്ലാസ്സിലും, കുഞ്ഞനിയന്‍ ആല്‍ബി ക്രിസ്റ്റിക്കും റിച്ചാഡിനുമെല്ലാമൊപ്പം രണ്ടാം ക്ലാസ്സിലുമാണു പഠിച്ചിരുന്നത്‌. സ്വതവേ പരുക്കനായ ശബ്ദംകൊണ്ട്‌ കൊച്ചുകൂട്ടുകാര്‍ ഭയപ്പെട്ടിരുന്ന 'മച്ചാന്‍' മാഷുടെ ക്ലാസ്സില്‍ ഡെല്ല ഒന്നാമതാണു. 'ഇസ്രായേല്‍ക്കാര്‍' എന്ന വാക്ക്‌ ഒരു പാഠത്തില്‍ മച്ചാന്‍ മാഷ്‌ എത്ര തവണ പറയുന്നുണ്ടോ, അത്രയും 'മാരുതിക്കാര്‍' എന്ന് ഒപ്പം പറഞ്ഞ വിരുതന്മാരുമുണ്ട്‌ തന്റെ ക്ലാസ്സിലെന്നു ഡെല്ല ഒരിക്കല്‍ കുഞ്ഞനിയനോടു പറഞ്ഞിട്ടുണ്ടു. എങ്കിലും കുര്‍ബാന മദ്ധ്യേ ഉള്ള പ്രസംഗങ്ങള്‍ പോലും മച്ചാന്മാഷുടെ കുട്ടികള്‍ മനഃപാഠമാക്കി. കുട്ടികളുടെ ശ്രദ്ധ പരീക്ഷിക്കാന്‍ മാഷ്‌, അന്നന്നു പറയുന്ന പ്രസംഗങ്ങളുടെ ചുരുക്കം കുട്ടികളേക്കൊണ്ടു പറയിക്കും. ഇത്രയേറെ ഗൗരവമേറിയവിധത്തില്‍ കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കവയേയാണു സ്റ്റിഷിന്‍ ബ്രദറുടെ പ്രസംഗങ്ങളുടെ പരീക്ഷണ കാലഘട്ടം ആരംഭിക്കുന്നതു. ദൈവശാസ്ത്രവും ബാലസാഹിത്യവും സമരസപ്പെടുത്തി തനി തൃശൂര്‍ ഭാഷയില്‍ കുറച്ച്‌ കോമഡി മേമ്പൊടി ചേര്‍ത്തു അവതരിപ്പിച്ച ഒരു ഞായറാഴ്ച്ച, അള്‍ത്താരക്കുമുമ്പിലെ കമ്പിയിഴകളില്‍ കൈപിടിച്ചു നിന്ന ഒന്നാം ക്ലാസ്സുകാരൊഴിച്ചു എല്ലാവരും ചിരിക്കുകയും അല്‍പ്പം ചിന്തിക്കുകയും ചെയ്തു. നേരം വൈകിയിട്ടും കിടന്നുറങ്ങുന്ന വിദ്ധ്യാര്‍ഥിയെ, അമ്മ വിളിച്ചുണര്‍ത്തുമ്പോള്‍ "ഇനിയും എന്റെ സമയം ആഗതമായിട്ടില്ല മകളെ!" എന്നു കാനായിലെ വിവാഹ വിരുന്നിലെ ഈശോയുടെ ഡയലോഗു കടമെടുത്തു വിദ്ധ്യാര്‍ഥി അമ്മയോടു മറുപടി പറഞ്ഞതു, കൊച്ചുകുട്ടികളുടെ മടിയെ ബന്ധപ്പെടുത്തി ബ്രദര്‍ വിശദീകരിച്ചപ്പോള്‍ വെള്ളാനിക്കോടുകാര്‍ക്കു അതൊരു പുതുമയായി. ജനങ്ങളുടെ മുഖത്തെ ചിരി കണ്ട ബ്രദര്‍ ഈ ശൈലി അങ്ങനെ സ്ഥിരപ്പെടുത്തുകയും ചെയ്തു.

ഇതിനിടെ തൃശൂര്‍ സെമിനാരിയില്‍ വെള്ളാനിക്കോടിന്റെ പ്രശസ്തി തന്നാലാവും വിധം ബ്രദര്‍ വളര്‍ത്തിക്കൊണ്ടുവന്നു. ഞായറാഴ്ച്ചകളിലെ കപ്പയും കോഴിയും, മറ്റു ബ്രദര്‍മാരെ വരും വര്‍ഷങ്ങളില്‍ വെള്ളാനിക്കോടു പോകണമെന്നുള്ള വാഞ്ച വര്‍ദ്ധിപ്പിച്ചു. കുരുമുളകും, റബ്ബറും, വാഴയും, വലിയ തെങ്ങിന്തോപ്പും, അതിര്‍ത്തി കാവലായി തേക്കും കൊന്നമരങ്ങളും നിറയുന്ന വെള്ളാനിക്കോട്‌ അങ്ങനെ പൊട്ടോളി,കരേപ്പറമ്പന്‍ ബ്രദറുമാരുടെ സ്വപ്നഭൂമിയായി. ഇതും പോരെങ്കില്‍ കുരുമുളകു ചാക്കുകള്‍ അട്ടിയിട്ട കപ്പ്യാരുടെ മുറിയില്‍, അതിന്റെ സുഗന്ധവും പേറിക്കൊണ്ടുള്ള ഉച്ചയുറക്കം; കുശാല്‍. അടുത്ത വര്‍ഷങ്ങളില്‍ വെള്ളാനിക്കോടു പോകാന്‍ ബ്രദറുമാരുടെ ഇടയില്‍ അങ്ങനെ ചെറിയ ചെറിയ വടം വലികള്‍ നടന്നുപോന്നു. സ്റ്റിഷിന്റെ മാറ്റം കണ്ടു ബ്രദറുമാര്‍ വാ പൊളിച്ചു; വെള്ളാനിക്കോട്ടെ കപ്പേം കോഴീം...!

കനാല്‍ മണ്ടയിലെ നായകളുടെ നായകനാണു വീരു. തുറുവേലി ജോസഫേട്ടന്റെ ഓയില്‍ മില്ലിനു മുന്‍പിലെ കനാല്‍ ഭാഗമാണു അവന്റെ താവളം. ഞായറാഴ്ച്ചകളില്‍ പള്ളിയിലേക്കുവരുന്ന വട്ടക്കൊട്ടായിക്കാരുടെ കൂടെ വീരുവും പള്ളിയിലേക്കു വരുമായിരുന്നു. പള്ളിമുറ്റം മുഴുവന്‍ ഭംഗിയായി വിരിച്ചിട്ടുള്ള ബേബി മെറ്റലില്‍ വൃത്തിയായി മൂത്രമൊഴിച്ചും, കുര്‍ബ്ബാനക്കിടെ ചരലില്‍ മാന്തി ശ്ര്...ശ്ര്...എന്ന ശബ്ദമുണ്ടാക്കിയും വീരു കുര്‍ബ്ബാന 'കാണുന്ന' വരുടെ ശ്രദ്ധയാകര്‍ഷിച്ചുപോന്നു. ഒരിക്കല്‍ സ്റ്റിഷിന്‍ ബ്രദറുടെ പ്രസംഗം പൊടിപൊടിക്കവെ പള്ളിമുറ്റത്തെ പ്രകടനത്തില്‍ തൃപ്തിവരാതെ 'വീരു' പള്ളിക്കകത്തു കയറി. വീരുവിനെ കണ്ടതും രഞ്ചുവിനും കൂട്ടുകാര്‍ക്കും എന്തെന്നില്ലാത്ത സന്തോഷമായി. ഗായകസംഗം പാട്ടുനിര്‍ത്തി മൂലയിലേക്കു ഒതുങ്ങി. മുതിര്‍ന്നവര്‍ ശ്ശ്‌..ശബ്ദമുണ്ടാക്കി പട്ടിയെ ആട്ടിയോടിക്കാന്‍ ശ്രമിച്ചു. മച്ചാന്‍ മാഷ്‌ പട്ടിയെ കണ്ണുരുട്ടി പേടിപ്പിച്ചു. അവസാനം വീരു തന്നെ ഒരു തീരുമാനത്തിലെത്തി; നാലുപാടുമൊന്നു നോക്കി പുറത്തേക്കോടി. ആശ്വാസംകൊണ്ട ജനങ്ങളോടു ബ്രദര്‍ പ്രസംഗം തുടര്‍ന്നു, "പട്ടിക്കെന്താ സുഖം...!". ഇതുകേട്ട എല്ലാവരും കുടുകുടാ ചിരിക്കാന്‍ തുടങ്ങി. സ്കൂളില്‍ പോകേണ്ടാ, പഠിക്കേണ്ടാ, കുളിക്കേണ്ടാ...ഫിലോസഫിക്കലായ ഈ ചോദ്യം കേട്ട്‌ ആല്‍ബിയും രഞ്ചുവും മെബിനും ആഴത്തില്‍ ചിന്തിക്കാന്‍ തുടങ്ങി. പട്ടിയായി ജനിക്കാന്‍ കഴിയാത്തതില്‍ ഓരോരുത്തരും നെടുവീര്‍പ്പുകളുയര്‍ത്തി. എന്നിരുന്നാലും നാലാംക്ലാസ്സുകാര്‍ക്കു ആശ്വാസമായി. ആ ഞായറാഴ്ച്ച മച്ചാന്‍ മാഷ്‌ പ്രസംഗത്തേക്കുറിച്ചു ഒരക്ഷരമ്പോലും 'മാരുതിക്കാറു' കാരോടു ചോദിച്ചില്ലെന്നു ഡെല്ല കുഞ്ഞനിയനോടു പറഞ്ഞു.
"പട്ടിക്കെന്താ സുഖം...!"