"ഉണ്ണീശോ...!"


വെള്ളാനിക്കോട്‌ കപ്പേളയ്ക്കരികില്‍ വലിയ ആല്‍മരത്തിനു കീഴെ ഡെല്ലയെ കാത്തു നില്‍ക്കുകയായിരുന്നു ആല്‍ബി. സന്ധ്യയായിട്ടും സ്കൂളില്‍നിന്നും അവളെ കാണാതായപ്പോള്‍, അമ്മ കുഞ്ഞനിയനെ കവലയിലേക്ക്‌ പറഞ്ഞുവിടുകയായിരുന്നു. ഏറെ നേരം കാത്തിട്ടും പെങ്ങളെ കാണാതായപ്പോള്‍ അവന്‍ കനാല്‍ പാതയിലൂടെ മുന്നോട്ട്‌ നടന്നു. കനാലോരത്ത്‌ ഇടതൂര്‍ന്നു നില്‍ക്കുന്ന മുള്ളമ്പഴം തിന്നാനോ, കനാല്‍ പാതയില്‍ നിലംപറ്റി വളരുന്ന കൊച്ചു വേലിപടക്കങ്ങളെ പറിച്ചെടുക്കാനൊ ആല്‍ബി നിന്നില്ല. അവന്റെ മനസ്സ്‌ മുഴുവന്‍ ഡെല്ലയെ കാണാതെയുള്ള ആധിയിലായിരുന്നു.

നടന്നു നടന്നു പള്ളിയും മേടയ്ക്കല്‍ തങ്കച്ചേട്ടന്റെ വീടും കഴിഞ്ഞ്‌ സെമിത്തേരി പറമ്പിന്റെ മൂലയോളം എത്തിയതേയുള്ളു, പൊടുന്നനവെ തേക്കിന്‍ തൈകളേയും റബ്ബര്‍ മരങ്ങളേയും വകഞ്ഞുമാറ്റി വന്ന കനത്തമഴത്തുള്ളികള്‍ ആല്‍ബിയെ അടിമുടി നനച്ചുകളഞ്ഞു. അപ്രതീക്ഷിതമായി എത്തിയ വേനല്‍മഴക്ക്‌ അകമ്പടിയായി വലിയ ഇടിമിന്നലും ഘര്‍ജ്ജിക്കുന്ന ഇടിമുഴക്കവുമുണ്ടായി. അപ്പോഴേക്കും കനാല്‍പാതയുടെ അരികുകള്‍ കാണാനാവാത്തവിധം കൂരിരുട്ടായിരുന്നു. എവിടെനിന്നൊക്കെയൊ ചീവീടുകളുടേയും കൂമന്‍മാരുടേയും ശബ്ദം മാത്രം അവിടെ മറ്റൊലികൊണ്ടു. ആല്‍ബി നിന്നിരുന്ന മെറ്റല്‍ പാതയിലും തൊട്ടുതാഴെ കനാലിലും വെള്ളം നിറഞ്ഞൊഴുകാന്‍ തുടങ്ങിയിരുന്നു. കളകള ശബ്ദത്തെ പിന്നിലാക്കിക്കൊണ്ട്‌ ആല്‍ബിയുടെ ഹൃദയത്തില്‍ ആരോ മന്ത്രിച്ചുകൊണ്ടിരുന്നു, "മോനെ...നീ പേടിക്കേണ്ട...!". ഓരോ പ്രാവശ്യം ഈ ശബ്ദം ചെവിയില്‍ മന്ത്രിക്കുമ്പോഴും ആല്‍ബി, "ഉണ്ണീശോ..." എന്നു പറഞ്ഞുകൊണ്ടിരുന്നു. എന്തുചെയ്യണമെന്നറിയാതെ ആല്‍ബി മഴയില്‍ കുതിര്‍ന്നു പേടിച്ചു നില്‍ക്കവെ, മഴമേഘങ്ങളെ ഓടിച്ചുവിട്ട്‌ അമ്പിളിയമ്മാവന്‍ വെള്ളിവെളിച്ചം തൂവി. പതിയെ പതിയെ മഴ തോരാന്‍ തുടങ്ങി. ആകാശത്ത്‌ നക്ഷത്രകൂട്ടങ്ങള്‍ ഇമവെട്ടാതെ പ്രകാശിച്ചു തുടങ്ങി.

അങ്ങകലെ, കനാല്‍ വട്ടക്കൊട്ടായിക്ക്‌ തിരിയുന്നിടത്തെ കലിങ്കിനരികില്‍ രണ്ടുപേര്‍ നടന്നുവരുന്നത്‌ ആല്‍ബി കണ്ടു. അടുത്തടുത്തു വരുംതോറും അതിലൊന്ന് സൈക്കിളുമുന്തി വരുന്ന തന്റെ പെങ്ങളാണെന്നു അവനു മനസ്സിലായി. ഡെല്ല അരികിലെത്തിയതും ആല്‍ബി ഓടിച്ചെന്ന് കെട്ടിപ്പിടിച്ച്‌ കരയാന്‍ തുടങ്ങി. അപ്പോഴും ചെറുതായി തൂവിക്കൊണ്ടിരുന്ന മഴത്തുള്ളികള്‍ അവരുടെ മേല്‍ ഇക്കിളിയിട്ടു.

പഞ്ചറായ സൈക്കിളുമായി രണ്ടുപേരും വീട്ടിലേക്കു നടക്കാന്‍ തുടങ്ങി. അപ്പോഴാണു ആല്‍ബി, ഡെല്ലയുടെ കൂടെവന്ന ആളെ ശ്രദ്ധിച്ചത്‌. താരതമ്യേന നിറമുള്ളതും അല്‍പ്പം നീണ്ടതായ മൂക്കും ഒത്ത ഉയരവുമുള്ള ആ വ്യക്തിയുടെ മുഖം പ്രസന്നമായിരുന്നു. നീളന്‍ വെള്ള ളോഹ ധരിച്ചിരുന്ന അദ്ദേഹത്തിന്റെ കൈയ്യില്‍ വലിയ ഒരു കാലന്‍ കുടയുമുണ്ടായിരുന്നു. ആല്‍ബിയുടെ നോട്ടം കണ്ട്‌ അദ്ദേഹം ഒന്നു ചിരിച്ചു. "നമ്മുടെ പള്ളിയില്‍ പുതിയതായി വന്ന അച്ചനാ..." ഡെല്ല ആല്‍ബിയെ പറഞ്ഞു മനസ്സിലാക്കി. "ഭവന സന്ദര്‍ശനം കഴിഞ്ഞ്‌ മടങ്ങിവരുന്ന അച്ചന്‍ വഴിയില്‍ പേടിച്ചു നിന്ന എന്നെ സമാധാനിപ്പിച്ച്‌ കൂടെക്കൊണ്ടുപോന്നു. അച്ചന്‍ എന്റെ അരികിലെത്തിയതും പൊടുന്നനവെ മഴ നില്‍ക്കുകയും ആകാശത്ത്‌ അമ്പിളിയമ്മാവനും നക്ഷത്രകൂട്ടങ്ങളും പ്രകാശിക്കാനും തുടങ്ങി" ഡെല്ല പറഞ്ഞു നിര്‍ത്തി. അന്ധാളിച്ചു നിന്ന ആല്‍ബി പെട്ടെന്ന്  അച്ചനു സ്തുതി കൊടുത്തു. അവന്റെ കവിളില്‍ തലോടിയ അദ്ദേഹം, എപ്പോഴും സ്തുതിയായിരിക്കട്ടെ എന്നു മറുപടിപറഞ്ഞു. അപ്പോഴേക്കും, പള്ളിയ്ക്കു പുറകില്‍ കനാലിനു കുറുകേയിട്ട തെങ്ങിന്‍ പാലത്തിനരികിലെത്തിയ അച്ചന്‍ അവരെ യാത്രയാക്കി.
പള്ളിചുറ്റിപോകുന്ന കനാല്‍പാതയില്‍ക്കൂടി നടക്കവെ ആല്‍ബിയും ഡെല്ലയും കുറച്ചുനേരം മൂകരായി. കുറച്ചുകൂടി നടന്ന് അവര്‍ പള്ളിക്കുമുന്‍പിലെത്തിയതും ഏഴുമണിക്കുള്ള നമസ്ക്കാരമണി മുഴങ്ങാന്‍ തുടങ്ങി. കുരിശുവരച്ച്‌ മുന്നോട്ടുനടക്കുന്നതിനിടയില്‍ ആല്‍ബി ഡെല്ലയോടു ചോദിച്ചു; "അച്ചനെ ആരാ ചേച്ചിയുടെ  അരികിലേയ്ക്കയച്ചത്‌?" ഒന്നും മിണ്ടാതെ നിന്ന ഡെല്ലയോട്‌ ആല്‍ബി പറഞ്ഞു, "ഉണ്ണീശോ...!".