പള്ളിക്കു പുറകിലെ സെമിത്തേരിയിലേക്കുള്ള ചെറിയ ഇടവഴിക്കുചുറ്റും വാഴക്കൂട്ടങ്ങളും കമുകുമാണു. കമുകില്‍ പടര്‍ന്നു കയറിയ കുരുമുളകുവള്ളിയിലെ തളിരിലത്തുമ്പില്‍ തലേന്നത്തെ മഞ്ഞിന്റെ ബാക്കിയായി ഒരു കുഞ്ഞു മഞ്ഞുതുള്ളി കിനിഞ്ഞുനിന്നു. അല്‍പ്പ നേരം ഡെല്ല സെമിത്തേരിക്കപ്പേളയിലെ ക്രൂശിതരൂപത്തെ നോക്കി പൂഴിമണ്ണില്‍ മുട്ടുകുത്തി നിന്നു. നിലത്തുവെച്ച ചെമ്പരത്തിപ്പൂക്കളില്‍ കണ്ണീര്‍ തുള്ളികള്‍ ധാരധാരയായി വാര്‍ന്നു വീണു. ചെമ്പരത്തിപ്പൂക്കള്‍ പെറുക്കിയെടുത്ത് സെമിത്തേരിയുടെ വലതുഭാഗത്തെ കറുത്ത ഗ്രാനൈറ്റ് പതിച്ച ആൽബിയുടെ കല്ലറയില്‍ വച്ച് അവള്‍ പ്രാര്‍ഥിച്ചു. ഒരിക്കല്‍ ആല്‍ബീം ഡെല്ലേം പ്രാര്‍ഥിക്കാന്‍ സെമിത്തേരിയില്‍ വന്നപ്പോള്‍, ആല്‍ബിയുടെ കയ്യില്‍ നിറയെ ചെമ്പരത്തിപ്പൂക്കളുണ്ടായിരുന്നു. അവന്‍ ഓടിനടന്ന് എല്ലാ കുഴിമാടങ്ങളിലും ചെമ്പരത്തിപ്പൂവെച്ച് പ്രാര്‍ഥിച്ചിരുന്നു.
സെമിത്തേരിയില്‍ നിന്നും ഡെല്ല പള്ളിയിലേക്കു പോകാനൊരുങ്ങവെ ആയിരം മാലാഖമാരുടെ ഒരു മഞ്ഞിന്‍കൂട്ടം അവളുടെ അരികിലേക്കു വരുന്നതായി കണ്ടു. കരഞ്ഞു കലങ്ങിയ മിഴികളുമായിനിന്ന ഡെല്ലയ്ക്ക് ആദ്യമൊന്നും മനസ്സിലായില്ല. കണ്ണുകള്‍ ചിമ്മി വീണ്ടും നോക്കവെ വെണ്മഞ്ഞിന്‍ തൂവലാട്ടിയ ഒരു കൂട്ടം മാലാഖമാര്‍ പുഞ്ചിരിതൂകിക്കൊണ്ട് തന്നെ തലോടുന്നതും, കണ്ണീര്‍ തുടച്ചുകളയുന്നതും അവളറിഞ്ഞു. അപ്പോഴേക്കും സെമിത്തേരിക്കു കാവലായി ചുറ്റും നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ സൂര്യന്റെ അനന്തകോടി രശ്മികള്‍ എത്തിനോക്കാന്‍ തുടങ്ങിയിരുന്നു. അവള്‍ നോക്കിനില്‍ക്കവെ പൂത്തുലഞ്ഞ മുല്ലവള്ളികളില്‍നിന്നൂര്‍ന്നു വീഴുന്ന സുഗന്ധികളാം മുല്ലപ്പൂക്കളെന്ന പോലെ, വെണ്മഞ്ഞുപുതച്ച മാലാഖമാര്‍ അണയാന്‍ തുടങ്ങിയ മെഴുതിരിവെട്ടത്തില്‍ അലിഞ്ഞുപോയി.
ഇന്ന് ഡെല്ലയുടെ കുഞ്ഞനിയന്‍ ആല്‍ബി മരിച്ചതിന്റെ ആണ്ടു കുര്‍ബ്ബാനയായിരുന്നു. വർഷം ഒന്നു കഴിഞ്ഞിട്ടും ഒരു വെള്ളി വെളിച്ചമായി ആല്‍ബി പകർന്നു നൽകിയ നന്മയും സ്നേഹവും അവളോടൊപ്പം ഇപ്പോഴുമുണ്ട്.