മിഴിനീര്‍തുള്ളികള്‍

അന്ന് വേനലവധിക്കുശേഷം വെള്ളാനിക്കോട്‌ പള്ളിയിലെ വേദപാഠക്ലാസ്സുകള്‍ തുടങ്ങിയതായിരുന്നു. അടുത്തടുത്ത ക്ലാസ്സുകളിലെ ശബ്ദകോലാഹലങ്ങള്‍ മൂലം രണ്ടാം ക്ലാസ്സിന്റെ പഠനം, കളിയും ചിരിയും പാട്ടുമൊക്കെയായി സെമിത്തേരിക്കരികിലായിരുന്നു. ആദ്യമായി മാഷ്‌ അവരെ കുരിശു വരക്കാന്‍ പഠിപ്പിച്ചു. ക്ലാസ്സിന്റെ അവസാനം കുഞ്ഞു കൂട്ടുകാര്‍ ഒരുമിച്ച്‌ കോഴിയും കുറുക്കനും കളിച്ചു. വേണിയും അഞ്ചുവും പുഴുപ്പല്ലുകാട്ടിചിരിച്ച്‌ കൈകോര്‍ത്തു നില്‍ക്കുന്ന കോഴികളില്‍ അംഗങ്ങളായി. ഡെല്‍വിന്‍ സെമിത്തേരിപ്പടിയിലെ ഗേറ്റില്‍ ഊഞ്ഞാലാടി. സെമിത്തേരിക്കരികില്‍ ഒരു വലിയ റബ്ബര്‍ തോട്ടമാണു. ആല്‍ബി മാഷിനോട്‌ ചോദിച്ചു: "മാഷേ... ഈ മരങ്ങളൊക്കെയും കഴിഞ്ഞാല്‍ പിന്നെ എന്താണു ?" മാഷ്‌ ഒരുപാട്‌ ഉത്തരങ്ങള്‍ പറഞ്ഞുനോക്കി. എങ്കിലും അവന്റെ സംശയം ഒട്ടും മാറിയിട്ടില്ലെന്ന് ആ കണ്ണുകളില്‍ നിന്നും വ്യക്തമായിരുന്നു. അന്നാണു മാഷ്‌ ഇതേപ്പറ്റി ഇത്രയും ആഴത്തില്‍ ചിന്തിച്ചത്‌, അതെ അങ്ങകലെ വിദൂരതക്കുമകലെ നാം എന്തു പ്രതീക്ഷിക്കുന്നു?

ഞായറാഴ്ച്ചകളിലെ വേദപാഠക്ലാസ്സിനു ഒരുക്കമായി ഒരാഴ്ച്ചയോളം കഥകള്‍ വായിച്ചു മനഃപാഠമാക്കലാണു മാഷിന്റെ ഏറ്റവും രസകരമായ ജോലി. അല്ലെങ്കില്‍ 'ഉണ്ടാക്കിക്കഥകള്‍' പറയേണ്ടിവരും. ഒന്നു രണ്ടാഴ്ച്ച ഇങ്ങനെ തടിതപ്പിയതാണു; പക്ഷെ ഒരു ദിവസം സിജോയും ഡെല്‍വിനും മാഷിനെ പിടികൂടി. "മാഷെ, ഇതു പറ്റിക്കല്‍ കഥയാണു, വേറെ പറ..." ഇതൊന്നും ഒട്ടും കൂസാതെ ആല്‍ബി അരികിലിരിക്കുന്ന മിണ്ടാപ്രാണി ക്രിസ്റ്റിയെ പിച്ചിക്കൊണ്ടിരുന്നു. അവസാനം ക്രിസ്റ്റി കരഞ്ഞു. ആല്‍ബിയുടെ വലത്തേക്കയ്യില്‍ ചെറിയൊരടി കൊടുത്ത്‌ ബെഞ്ചിന്റെ ഇങ്ങേ അറ്റത്തു മാഷിനോടു ചേര്‍ത്തിരുത്തി. സ്നേഹത്തിന്റെ പൂമൊട്ടുകള്‍ മാഷിന്റെ കൂടെ പുതിയൊരു ലോകത്തായി.

മാഷ്‌ പുതിയ കഥകള്‍ പഠിച്ചുവന്ന് ഞായറാഴ്ച്ചകളില്‍ അവര്‍ക്കു പറഞ്ഞുകൊടുക്കും. ഇതിനിടയില്‍ കുസൃതിക്കുടുക്കകള്‍ പല കോപ്രായങ്ങളും കാട്ടിക്കൊണ്ടിരിക്കും. പലതും മാഷ്‌ കണ്ടില്ലെന്നു വെക്കും. അന്ന് സിംഹത്തെപ്പറ്റിച്ച സൂത്രക്കാരന്‍ മുയലിന്റെ കഥ പറയുകയായിരുന്നു. ആല്‍ബി തന്റെ കാലുകളിലൊന്നു ബഞ്ചിനിപ്പുറവും മറുകാല്‍ അപ്പുറവുമിട്ട്‌ ആനകളി തുടങ്ങി. മാഷിന്റെ കഥയേക്കാളുപരി ആല്‍ബിയുടെ ആനകളിയിലേക്കു കുട്ടികള്‍ തിരിഞ്ഞു. പെണ്‍കുട്ടികളടക്കം മോണകാട്ടി ചിരിയോടു ചിരിയാണു. മാഷ്‌ വളരെ ദേഷ്യപ്പെട്ട്‌ ആല്‍ബിയെ നേരെയിരുത്തി. ഇവനെ എങ്ങനെ എന്നും നേരെ ഇരുത്തും! മാഷ്‌ ഉത്ക്കണ്ഠാകുലനായി. സിംഹത്തെ മുയല്‍ കിണറ്റില്‍ ചാടിച്ചതും- മണിയടിച്ചു. കുട്ടികള്‍ കുരിശുവരച്ച്‌, മാഷിനു സ്തുതി തന്ന് പള്ളിയിലേക്കോടി. ആ ഞായറും ധൃതിയില്‍ മാഷിനെ കൈവിട്ടു.

ക്ലാസ്സു തുടങ്ങുന്നതിനുമുമ്പ്‌ എല്ലാവരും 'ഒന്നിനു' പൊയ്ക്കൊള്ളണമെന്നാണു മാഷിന്റെ കല്‍പ്പന. അവര്‍ ഓരോരുത്തരും ക്ലാസ്സില്‍ വരുന്നതും കാത്ത്‌ മാഷ്‌ വാതില്‍പ്പടിയില്‍ നില്‍ക്കും. സോണിയ, ജ്യോതി, വിനില്‍... ഇങ്ങനെ ഓരോരുത്തരും ഓടിവരുന്നു. "ക്ലാസ്സു തുടങ്ങിയാലോ? എല്ലാവരും എത്തിയില്ലേ?" മാഷ്‌ ചോദിച്ചു. "ഇല്ല മാഷേ, ആല്‍ബി വന്നിട്ടില്ല". ലീഡറായ ജെയ്സണ്‍ പറഞ്ഞു. ഉടനെ മാഷ്‌ ആല്‍ബിയെത്തേടി പള്ളിക്കുമുമ്പിലെ സ്റ്റേജിനരികിലേക്കുപോയി. എന്നും കുസൃതി കാണിക്കുന്ന ആല്‍ബി ഇന്നു നിന്നു കരയുകയാണു. "ആല്‍ബി എന്തേ കരയണേ? മാഷ്‌ ചോദിച്ചു. "കാലുമ്മേ കുപ്പിച്ചില്ലു കേറി മാഷേ" ആല്‍ബി കരഞ്ഞുകൊണ്ട്‌ പറഞ്ഞു. "സാരല്യ കുട്ടാ നമുക്കു മരുന്നു വച്ചു കെട്ടാം". മാഷ്‌ സമാധാനിപ്പിച്ചു. പൈപ്പിനരികിലേക്കു ആ ഉണ്ണിക്കുട്ടനെ എടുത്തുകൊണ്ടുപോയി, മാഷ്‌ ചെളിയെല്ലാം വൃത്തിയാക്കി. നീറുന്ന വേദനയാല്‍ അവന്‍ മാഷിനെ തോളോടു ചേര്‍ത്തു പിടിച്ചു. സ്നേഹത്തിന്റെ നൂലിഴകള്‍ കൊണ്ട്‌ ഹൃദയങ്ങളെ തുന്നിച്ചേര്‍ക്കാമെന്ന് അന്ന് മാഷിനു മനസ്സിലായി.

കളികളും കഥകളും പാട്ടുകളും പഠനവും കഴിഞ്ഞ്‌ വര്‍ഷാവസാനപരീക്ഷയെത്തി. കുഞ്ഞുമക്കള്‍ ഉണ്ണീശോയേക്കുറിച്ച്‌ നന്നായി പഠിച്ച്‌ എല്ലാവരും ജയിച്ചു. മിടുക്കിയായ ബ്ലെസ്സി ക്ലാസ്സില്‍ ഒന്നാമതായി. മുടങ്ങാതെ വരുന്ന കുട്ടികളേയും ഒന്നാം സ്ഥാനക്കാരേയും ഇഞ്ചോടി അച്ചന്‍ പിക്നിക്‌ കൊണ്ടു പോകുന്നത്‌ ഈ വരുന്ന വ്യാഴാഴ്ച്ചയാണു. ആല്‍ബി തൊടുപുഴയിലുള്ള അമ്മ വീട്ടില്‍ പോയില്ല. "അമ്മ വീട്ടില്‍ പിന്നേയും പോകാം, ടൂര്‍ ഇപ്പഴേ പോകാനൊക്കൂ..." ആല്‍ബി സന്തോഷത്തോടെ പറഞ്ഞു. നാട്ടില്‍നിന്നും വന്ന കൂട്ടുകാരന്റെയൊപ്പം ഉന്തുവണ്ടിയുന്തി ആല്‍ബിയും പെങ്ങളും അന്തിയാവോളം കളിച്ചു. അന്ന് ഉന്തുവണ്ടിയുടെ ചക്രങ്ങളെ മുന്നോട്ടോടിച്ചത്‌ പിശാചിന്റെ കടുത്ത അസൂയയായിരുന്നു. കൂട്ടുകാരൊത്ത്‌ ഉന്തുവണ്ടി തള്ളിയ ആല്‍ബി ആ വണ്ടിയടക്കം തുറസായി കിടന്ന കിണറ്റിലേക്കു വീണു. നീന്താനറിയാത്ത ആല്‍ബിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും മറന്നു റിന്റോ കിണറ്റിലേക്കെടുത്തു ചാടി. മോട്ടോറിന്റെ പൈപ്പില്‍ പിടികിട്ടിയ റിന്റോയ്ക്കുമാവുന്നതിനും മുമ്പെ ആല്‍ബി ആഴങ്ങളിളേക്കു പോയി. ചുറ്റും വിജനമായ പ്രദേശത്ത്‌ റിന്റോ ഓളിയിട്ടു കരഞ്ഞു.

"മാഷേ...മാഷേ..." സ്നേഹത്തിന്റെ ആ മണികിലുക്കം മാഷിന്റെ കാതുകളില്‍ അലയടിച്ചു. അവസാനമായി മാഷ്‌ ഒന്നേ നോക്കിയുള്ളൂ, വെള്ളത്തുണിയില്‍ കിടക്കുന്ന അവന്‍ അപ്പോഴും മരിച്ചതായി തോന്നിയില്ല. തലയ്ക്കരികില്‍ അവന്റെ അമ്മ ഏങ്ങലടിച്ചു കരയുന്നു. തിരിഞ്ഞുകൊണ്ടിരുന്ന ഫാന്‍ അവന്റെ തലമുടിയിഴകളെ അപ്പോഴും തഴുകിക്കൊണ്ടിരുന്നു. മാഷിന്റെ മിഴികളില്‍ നിറഞ്ഞ നീര്‍ക്കണങ്ങള്‍ ആല്‍ബിയുടെ കാലില്‍ തറച്ച കുപ്പിച്ചില്ലിനേക്കാള്‍ നോവിക്കുന്നതായിരുന്നു. ഇന്നു മാഷിന്റെ കുട്ടികള്‍ ആല്‍ബിയില്ലാതെ മൂന്നാം ക്ലാസ്സില്‍ പഠിക്കുകയാണു. സെമിത്തേരിക്കരികില്‍, വാഴക്കൂട്ടങ്ങള്‍ക്കുമപ്പുറത്ത്‌ ആല്‍ബി ഓടിക്കളിക്കുന്നത്‌ മാഷിന്റെ മിഴികളില്‍ മിന്നിമറഞ്ഞു.

(2005 ഏപ്രില്‍ 16നു ആല്‍ബി മരിച്ചു. അന്നുമുതല്‍ എന്റെയുള്ളില്‍ നിറഞ്ഞ വേദനയുടെ ഈ കണ്ണീര്‍തുള്ളി, 2005 ഒക്ടോബര്‍ ലക്കം 'താലന്ത്‌' മാസികയില്‍ എന്റെ ആദ്യത്തെ കഥയായി പുറത്തുവന്നു.)