അമ്മേം ഉണ്ണീം മഴവില്ലും...

മഴ പെയ്തു. വയലുകളില്‍ വിത്തുകള്‍ പൊട്ടി മുളയ്ക്കാന്‍ തുടങ്ങി. മഴയുടെ ആരവങ്ങള്‍ക്കിടയിലും ജീവനുവേണ്ടിയുള്ള കാഹളനാദം മുഴങ്ങിക്കൊണ്ടിരുന്നു. പതുക്കെ പതുക്കെ ജീവന്റെ ഓരോരോ തുടിപ്പുകള്‍ ഉയിര്‍ക്കാന്‍ തുടങ്ങി. ഉയിര്‍ക്കുന്ന ഓരോ ആത്മാവിനു ചുറ്റും ധവളപ്രകാശം നിറഞ്ഞുനിന്നു. വെള്ളാനിക്കോട്‌ പള്ളിസെമിത്തേരിയിലെ ആത്മാക്കളുടെ ഒരു വലിയ നിര സ്വര്‍ഗകവാടത്തിലേക്ക്‌ എടുക്കപ്പെട്ടു. കഠിനപാപികള്‍ മാത്രം അസ്ഥിക്കുഴിയുടെ അഗാധതയില്‍ വാവിട്ടുകരഞ്ഞുകൊണ്ടിരുന്നു. പിതാവായ അബ്രാഹാമിന്റെ ചുറ്റുംകൂടിയിരിക്കുന്ന പുണ്യാത്മാക്കളോട്‌, അസ്ഥിക്കുഴിയിലെ നിര്‍ഭാഗ്യവാന്മാര്‍ തങ്ങളേക്കൂടി കൊണ്ടുപോകാന്‍ യാചിച്ചു. എന്നാല്‍ സന്തോഷിച്ചിരുന്ന പുണ്യാത്മാക്കള്‍ പറഞ്ഞു, "ഞങ്ങള്‍ക്കും അസ്ഥിക്കുഴിയില്‍ കിടക്കുന്ന നിങ്ങള്‍ക്കുമിടയില്‍ വലിയ ഒരു ഗര്‍ത്തമുണ്ട്‌. ആ ഗര്‍ത്തം മറികടക്കാന്‍, വെള്ളാനിക്കോടു പള്ളിയ്ക്കും കനാലിനും കുറുകെയുള്ളതുപോലെ ഒരു പാലമില്ല. അതുകൊണ്ട്‌ അയല്‍ക്കാരായ നിങ്ങള്‍ വിഷമിക്കരുത്‌".

പിതാവായ അബ്രാഹാമും സന്തതിപരമ്പരകളും വെള്ളാനിക്കോട്ടെ നല്ല മക്കള്‍ക്ക്‌ സ്വര്‍ഗരാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ കാണിച്ചു കൊടുത്തു. വെണ്മേഘങ്ങള്‍ നിറഞ്ഞുനിന്ന ആകാശവിധാനത്തില്‍ ചിറകുകള്‍ വീശി എല്ലാവരും സ്വര്‍ല്ലോകം കാണാന്‍ തുടങ്ങി. കൂട്ടത്തില്‍ ഇളയതായ 'കൊച്ചു മാലാഖ' ആല്‍ബി, വെണ്മേഘങ്ങളെ തഴുകിക്കൊണ്ട്‌ കന്യാമാതാവിന്റേയും ഉണ്ണിയേശുവിന്റേയും അരികിലെത്തി. കുഞ്ഞാല്‍ബിയെ കണ്ട മാത്രയില്‍, മാതാവ്‌ ഉണ്ണീശോയെ തൊട്ടിലില്‍ കിടത്തി, അവന്റെ അരികില്‍ ഓടിയെത്തി. വാനവവൃന്ദം നോക്കിനില്‍ക്കെ മാതാവു ആല്‍ബിയെ തോളിലെടുത്തുമ്മ വെച്ചു. പെട്ടെന്ന് ആല്‍ബി, മമ്മീ... എന്നുറക്കെ വിളിച്ചു കരഞ്ഞു. കരഞ്ഞു കരഞ്ഞു സങ്കടം തീരാത്ത ആല്‍ബിയ്ക്ക്‌, ദൂരെ ഒരു റബ്ബര്‍തോട്ടത്തിനിടയിലുള്ള അവന്റെ വീട്ടില്‍, മമ്മിയേയും പപ്പയേയും ഡെല്ലയേയും മാതാവ്‌ കാണിച്ചുകൊടുത്തു.

മഴപെയ്തു തീര്‍ന്ന ആകാശത്തിനു കീഴെ, ഡെല്ല കുതിര്‍ന്നുകിടന്ന റബ്ബര്‍കായ്കള്‍ ചവിട്ടിപ്പൊട്ടിച്ച്‌ കളിച്ചുകൊണ്ടിരുന്നു. റബ്ബര്‍മരങ്ങള്‍ നിറയെ ഇളം പച്ച നിറത്തിലുള്ള തളിരിലകളാല്‍ നിറഞ്ഞിരുന്നു. ഓരോ തലപ്പുകളിലും ചെറുതരിപൂക്കള്‍ കുഞ്ഞുദലങ്ങള്‍ വിരിയിച്ചുനിന്നു. ഉണങ്ങിവീണ ഇലകളില്‍ പലതിന്റേയും പാതിശരീരം ദ്രവിച്ചുപോയിരുന്നു. പെങ്ങളോടൊപ്പം കളിക്കാന്‍ കൊതിച്ച ആ കൊച്ചുമാലാഖ, അവളെ ഉച്ചത്തില്‍ വിളിച്ചു. ഇതുകേട്ട്‌ റബ്ബര്‍ മരങ്ങളിലിരുന്ന കുഞ്ഞിക്കിളിക്കൂട്ടം ചിലക്കാന്‍ തുടങ്ങി. പെട്ടെന്നു മുകളിലേക്കുനോക്കിയ ഡെല്ല, ആകാശം നിറയെ കണ്ണഞ്ചിപ്പിക്കുമാറു, മിന്നിത്തിളങ്ങുന്നതു കണ്ടു. ഉടന്‍തന്നെ സപ്തവര്‍ണങ്ങള്‍ തീര്‍ത്ത മഴവില്ലില്‍ ആടിക്കൊണ്ടിരുന്ന ഒരു തൊട്ടിലും, തൊട്ടിലാട്ടിക്കൊണ്ടിരുന്ന ഒരു കൊച്ചു മാലാഖയും, കന്യാമാതാവും അവളുടെ മുമ്പില്‍ തെളിഞ്ഞു വന്നു. തൊട്ടിലില്‍നിന്നും വരുന്ന ദിവ്യപ്രകാശം ആ കൊച്ചുമാലാഖയുടെ മുഖം കൂടുതല്‍ ദീപ്തമാക്കി. റബ്ബര്‍മരങ്ങളിലിരുന്ന കിളിക്കൂട്ടം "ഹല്ലേല്ലൂയ... ഹല്ലേല്ലൂയ..." പാടാന്‍ തുടങ്ങി. ഇതുകേട്ട ഡെല്ല അവരോടൊപ്പം പാടി നൃത്തം വെച്ചു.