മാഷ് പറഞ്ഞതുപോലെ ഓണപ്പൂക്കള മത്സരത്തിന് എല്ലാവരും പള്ളിയില്‍ കൃത്യസമയത്തിനു എത്തിയിരുന്നു. വെള്ളാനിക്കോടു സെന്ററും കഴിഞ്ഞു കനാല്‍ വഴി നടന്നുതുടങ്ങിയപ്പഴേ ഓണപ്പൂക്കള മല്‍സരത്തിന്റെ ലക്ഷണങ്ങള്‍ മാഷ് കണ്ടു തുടങ്ങി. കനാലോരത്തു പന്തലിച്ചു കിടന്നിരുന്ന കൊങ്ങിണിക്കൂട്ടങ്ങളില്‍ ഒരു പൂവു പോലും ബാക്കിയായില്ല. ചാമപറിയ്ക്കാന്‍ നടന്ന കൂട്ടുകാരുടെ കുഞ്ഞുകാലടികള്‍, പാടവരമ്പുകളില്‍ പതിഞ്ഞുകിടന്നിരുന്നു. വലിയ വലിയ ചാമക്കതിരുകള്‍ പറിച്ച് ഇന്നലെ കരുതിവച്ചിരുന്നു. പച്ചച്ചാമയും ചുവന്ന ചാമയും വെവ്വേറെ ഉരിഞ്ഞെടുത്ത് കൊണ്ടുവരാമെന്നു പറഞ്ഞത് ജിതിനായിരുന്നു. പത്ത് മണിയ്ക്ക് മല്‍സരം തുടങ്ങാറായിട്ടും ജിതിനെ കാണാതെ കൂട്ടുകാരെല്ലാവരും പരസ്പരം നോക്കി.
പരന്നു കിടക്കുന്ന പാടങ്ങള്‍ക്കും, ഉയര്‍ന്നുനില്‍ക്കുന്ന റബ്ബര്‍തോട്ടങ്ങള്‍ക്കുമിടയിലൂടെ ഊരുചുറ്റിവരുന്ന കനാലിന്റെ ഓരത്താണു ജിതിന്റെ വീട്. മണ്‍കട്ടകള്‍ക്കുമീതെ, ഇനിയൊരു മഴയില്‍ തകര്‍ന്നു വീണേക്കാവുന്ന തരത്തില്‍ ഒരു കൊച്ചു വീട്. അനിയത്തി നിവ്യയും ജിതിനും എല്ലാദിവസവും പള്ളിയില്‍ പാട്ടുപാടാന്‍ പോകും. രണ്ടുകിലോമീറ്ററോളം കനാലോരത്ത് കൂടെ നടന്നു കുര്‍ബ്ബാനക്കുപോകാന്‍ ഇരുവര്‍ക്കും വളരെ ഉത്സാഹമാണു. വര്‍ഷക്കാലങ്ങളില്‍ കനാല്‍ മണ്ടയിലൂടെ നടക്കുക ദുര്‍ഘടമാണു, പ്രത്യേകിച്ച് സൂര്യനുദിക്കും മുമ്പ്. ചില ദിവസങ്ങളില്‍ അവര്‍ക്കു റബ്ബര്‍ടാപ്പിങ്ങിനു പോകുന്നവരെ കൂട്ടുകിട്ടും. പള്ളി കഴിഞ്ഞാല്‍ സ്കൂളിലേക്കുള്ള ഓട്ടമാണു. സന്ധ്യയ്ക്കു സ്കൂള്‍കഴിഞ്ഞു വരുമ്പോള്‍ എല്ലാദിവസത്തേയും പോലെ വൈകുന്നേരത്തേക്കുള്ള അരിയില്ലാതെ ഒഴിഞ്ഞ കലവുമായി, മമ്മി കാത്തിരിക്കുന്നുണ്ടാകും. പിന്നെ ജിതിനെ മമ്മി നിര്‍ബന്ധിക്കും; അടുത്തുള്ള കടയില്‍ പോയി അരിവാങ്ങാന്‍. കടം വാങ്ങാന്‍ ജിതിനു നാണക്കേടായിത്തുടങ്ങി. പലചരക്കുകടക്കാരന്‍, ജിതിനെ എന്നും വഴക്കു പറയും. പോരാത്തതിനു സകലനാട്ടുകാരും കേള്‍ക്കെ, കൊടുക്കാനുള്ള പണത്തിന്റെ കണക്കും, പപ്പയുടെ സകല കുറ്റങ്ങളും വിധിയെഴുതും. അവസാനം അളന്നു തൂക്കിക്കൊടുക്കുന്ന ആ അരി എത്ര വേവിച്ചാലും ജിതിനു ദഹിക്കുമായിരുന്നില്ല. എങ്കിലും മമ്മിയേയും പെങ്ങളേയും കരുതി അവന്‍ എല്ലാം സഹിക്കും.
പ്രാര്‍ഥന കഴിഞ്ഞു മമ്മി, പതിവുപോലെ ജിതിന്‍ കടംവാങ്ങിവന്ന അരി വേവിക്കുകയായിരുന്നു. ജിതിനും നിവ്യയും പിറ്റേന്നു പള്ളിയില്‍ നടക്കാന്‍ പോകുന്ന പൂക്കളമല്‍സരത്തിനായി ചാമക്കതിരുകളില്‍നിന്നു മണികള്‍ ഉതിര്‍ത്തെടുത്തുകൊണ്ടിരുന്നു. പച്ചച്ചാമയും ചുവന്ന ചാമയും വെവ്വേറെ കൂടുകളിലാക്കി. അരി വെന്തുതീര്‍ന്ന സമയംകൊണ്ട് രണ്ടുപേരും ചാമക്കതിരുകള്‍ കൂടുകളില്‍ നിറച്ചു തീര്‍ത്തു. പെട്ടെന്നു കനാലോരത്തെ പട്ടികള്‍ കുരയ്ക്കാന്‍ തുടങ്ങി. കനാല്‍ പട്ടികള്‍ കുരച്ചാല്‍ ജിതിനറിയാം, അതു പപ്പയുടെ വരവാണെന്നു. പപ്പയുടെ മണം പിടിച്ചാല്‍ കുര നിര്‍ത്തി പട്ടികളെല്ലാം കനാല്‍പൊന്തകളില്‍ പോയൊളിക്കും. അവയ്ക്കു പോലും മദ്യത്തിന്റെ ആ 'നശിച്ച മണം' മടുപ്പാണു. പതിവുപോലെ നിവ്യ, മമ്മിയുടെ പുറകിലേക്കോടി. തകര്‍ന്നുവീഴാറായ വാതില്‍ ചവിട്ടിത്തുറന്നു പപ്പ അകത്തേക്കു കയറി. രാവിലെ മമ്മി പറഞ്ഞ വാക്കുകളില്‍ ഏതോ ഒന്നു കളിയാക്കിയതാണെന്നു പറഞ്ഞ്, കഞ്ഞിവെള്ളം വാര്‍ന്നുകൊണ്ടിരുന്ന കലമടക്കം കനാലിലേക്കൊരേറു. നിമിഷങ്ങള്‍ക്കകം, ഒളിച്ചിരുന്ന പട്ടിക്കൂട്ടം ഓടിവന്നു ആര്‍ത്തിയോടെ എല്ലാം അകത്താക്കി. കുഞ്ഞുജിതിന്റെ ദേഹം മുഴുവന്‍ പേടിച്ചു വിറച്ചു. പെട്ടെന്നു പലചരക്കുകാരന്റെ മുഖം ജിതിന്റെയുള്ളിലൂടെ കടന്നു പോയി. ദേഷ്യം മുഴുവനും തീരാതെ നിന്ന പപ്പ, കൂടുകളിലാക്കിയ ചാമക്കതിര്‍മണികളെ പൊന്തക്കാട്ടിലേക്കെറിഞ്ഞു. കൂരാകൂരിരുട്ടില്‍ പച്ചച്ചാമകളും ചുവന്നചാമകളും ഒരുപോലെ കിനാവുകണ്ടു.
ചാമയില്ലെങ്കിലും, ആല്‍ബിയും കൂട്ടുകാരും മാഷിന്റെ സഹായത്തോടെ ഗംഭീരമായി ഒരു പൂക്കളമൊരുക്കി. റിസള്‍ട്ടു വന്നപ്പോള്‍ എല്‍പി ക്ലാസ്സുകളില്‍ ഒന്നാംസ്ഥാനം ആല്‍ബിയ്ക്കും കൂട്ടുകാര്‍ക്കും. ആല്‍ബിയും ഡെല്‍വിനും ജോജോയും അഞ്ചുവും വേണിയും മാഷിന്റെ കൈകള്‍ പിടിച്ച് തുള്ളാന്‍തുടങ്ങി. വിനിലും മെബിനും രണ്ടാംക്ലാസ്സിനുവേണ്ടി ജെയ് വിളിച്ചു. മല്‍സരത്തിന്റെ വീറും വാശിയും കഴിഞ്ഞ്, കൂട്ടുകാരെല്ലാവരും മിഠായി നുണഞ്ഞു വീടുകളിലേയ്ക്കു പോകാന്‍ തുടങ്ങി. ആല്‍ബിയും ഡെല്ലയും കൂട്ടുകാരുംകൂടി പള്ളിഗെയ്റ്റും കഴിഞ്ഞ് മുന്നോട്ടുനടക്കുമ്പോള്‍, കരിനീല ട്രൗസറിട്ട്, ഉരുണ്ട കണ്ണുകളില്‍ നിറയെ വേദനയടക്കി, കടം വാങ്ങിയ അരി തോളില്‍തൂക്കി ജിതിന്‍ നടന്നുവരുന്നുണ്ടായിരുന്നു.
*നെൽക്കതിരുകൾക്കിടയിൽ വളരുന്ന പതിരാണ് ചാമ.
