ദൈവം നമ്മോടുകൂടെ

വൃശ്ചികക്കാറ്റ്‌ നന്നായി വീശുന്നുണ്ടായിരുന്നു. കൂടെ മഞ്ഞുകാലത്തിന്റെ നനുനനുപ്പ്‌ ഇലകളിലും മുറ്റിനിന്നു. ഹെര്‍കുലിസ്‌ സൈക്കിളിന്റെ ഡൈനാമോ ലൈറ്റ്‌, വഴിയുടെ ആക്കത്തിനനുസരിച്ച്‌ ഒളിഞ്ഞും തെളിഞ്ഞും വന്നുകൊണ്ടിരുന്നു. അടയ്ക്കാപ്പക്ഷികള്‍ കൂടുകൂട്ടിയ വിളക്കുമരം പാതിവഴിയിലെവിടെയോ മയങ്ങിവീണുറങ്ങുകയായിരുന്നു. പതിവിലും നേരത്തെ ഉറക്കമുണര്‍ന്ന ഏതോ ഒരു മിടുക്കന്‍ കോഴി മതിമറന്ന് കൂവാന്‍ തുടങ്ങി. വെള്ളാനിക്കോടും, കയ്യാലപ്പടിയും, മുട്ടിത്തടി പോസ്റ്റാഫീസും കഴിഞ്ഞ്‌ സൈക്കിള്‍ മുന്നോട്ടുപോയിക്കൊണ്ടിരുന്നു. പ്ളാവിന്‍കുന്ന് എത്തിയപ്പോള്‍ ഡൈനാമൊ വെളിച്ചം തീര്‍ത്തും നിലച്ച്‌, സൈക്കിള്‍ അറുപതു ഡിഗ്രി കയറ്റം കയറാന്‍ തുടങ്ങി. പിന്നെ വലിയൊരു ഇറക്കം കഴിഞ്ഞ്‌ 'റെയ്ഞ്ചര്‍ വളവ്‌' എത്തിയപ്പോള്‍ സൈക്കിള്‍ നിര്‍ത്തി ഒരു കൊച്ചു പയ്യന്‍, അരികിലെ ഇരുളറകള്‍ മൂടിനിന്ന മലയിലേയ്ക്ക്‌ കയറിപ്പോയി. മലയറ്റം വരെ ടാപ്പിംഗ്‌ തീരുമ്പോഴേക്കും, കിഴക്ക്‌ കള്ളായി മലയില്‍നിന്നും സൂര്യരശ്മികള്‍ വെള്ളാനിക്കോടും കഴിഞ്ഞ്‌ വരുന്നത്‌ അവനു കാണാമായിരുന്നു.

പാലാക്കാരന്‍ കുട്ടപ്പേട്ടന്റെ വീടിനു മുമ്പിലൂടെ പോകുന്ന ഇടുങ്ങിയ വഴിയുടെ അറ്റം, ഉരുളന്‍ കല്ലുകളും വെള്ളാരങ്കല്ലുകളും ചേര്‍ന്നുകിടക്കുന്ന ഒരു കയറ്റത്തിലെത്തും. കയറ്റത്തോടു ചേര്‍ന്നു തട്ടുതട്ടായി കിടക്കുന്ന റബ്ബര്‍തോട്ടത്തിനിടയിലാണു അവന്റെ വീട്‌. കുഞ്ഞു വരാന്തയുടെ തൂണില്‍ ഒരു നായയെ ചങ്ങലക്കിട്ടിരുന്നു. പ്ളാസ്റ്റിക്ക്‌ കൂട വരാന്തയില്‍ വച്ച്‌ അവന്‍ വീടിനകത്തുകടന്നു. കുളികഴിഞ്ഞ്‌ സ്കൂളിലേക്ക്‌ പോകാന്‍ നേരം,  രോഗാതുരയായി കിടക്കുന്ന മമ്മിയുടെ അരികിലേക്ക് അവൻ ഒന്ന് നോക്കി.

ദൂരെ തൃക്കൂര്‍ ഗ്രാമപഞ്ചായത്തു വക സര്‍വോദയ സ്കൂളിലേയ്ക്ക്‌ വെള്ളാനിക്കോടുനിന്നും സൈക്കിളില്‍ പോകുന്ന, വെളുത്ത്‌ കൊലുന്നനെയുള്ള അവനെ ആരും ഗൌനിക്കാറില്ല. പ്രതാപകാലത്ത്‌ ഒരു പഞ്ചായത്തിലെ മുഴുവന്‍ കുട്ടികളും പഠിച്ചിരുന്ന 'സര്‍വോദയ' സ്കൂള്‍ ഇപ്പോള്‍ പകുതിയോളം ഒഴിഞ്ഞുകിടക്കുകയാണു. 'പ്രിന്‍സണ്‍' എന്നപേരു ടീച്ചറ്‍ വിളിച്ചതും, പടിവാതിലില്‍ അവന്‍ എത്തിയതും ഒന്നിച്ചായിരുന്നു. 'പ്രസന്റ്‌ ടീച്ചര്‍' എന്ന് ഒറ്റ ശ്വാസത്തില്‍ പറഞ്ഞപ്പോഴേക്കും; ടീച്ചര്‍ ക്ളാസ്സില്‍ കയറിക്കോളാന്‍ ആംഗ്യം കാണിച്ചു. റബ്ബര്‍പാലിന്റെ മണം, സന്തൂറും ലക്സും പതപ്പിച്ചാല്‍ പോകാത്തതുകൊണ്ട്‌ പത്താം ക്ളാസ്സിലെ പിന്നാമ്പെഞ്ചും പ്രിന്‍സണും മാത്രം കൂട്ടുകാരായി. പിന്നെ പാതിരാവിന്റെ കുറച്ചുസമയം കടമെടുത്ത്‌ അല്‍പ്പാല്‍പ്പമായി പഠിച്ചുവച്ചത്‌, ഒട്ടുപാല്‍ മണക്കുന്ന ടെസ്റ്റ്‌ പുസ്തകത്തില്‍ നോക്കിയിരുന്ന് അവന്‍ ഓര്‍ത്തെടുക്കും. ടാപ്പിങ്ങിനു ഓരോ റബ്ബര്‍മരങ്ങള്‍ക്കു കീഴെയെത്തുമ്പോഴും, ഓരോരോ വരി ഇംഗ്ളീഷ്‌ പദ്യം മുഴുവന്‍ മന:പാഠമാക്കിയിരുന്നു. അവന്റെ മിഴികള്‍ക്കുചുറ്റും തിങ്ങിനിറഞ്ഞ ഇരുണ്ട നിറം, ഉണങ്ങിവീണ റബ്ബറിലകളുമായി എന്നും കലഹിച്ചിരുന്നു. പ്രിന്‍സണ്‍ പഠിക്കുന്നത്‌ റബ്ബറിലകള്‍ക്കുപോലും അസൂയയായിരുന്നു; എങ്കിലും 'സര്‍വോദയ' ടീച്ചര്‍മാര്‍ക്ക്‌ പ്രിന്‍സണെ വലിയ കാര്യമാണു.

വെള്ളാനിക്കോട്‌ പള്ളിയുടെ പഴയ സെമിത്തേരി 'മുക്കടക്കുന്നി'ന്റെ മുകളിലാണു. ഇല്ലിക്കാടു മൂടിയ അവിടേയ്ക്ക്‌ ക്രിസ്മസ്‌ കാലങ്ങളിലേ വെള്ളാനിക്കോടുകാര്‍ പോകാറുള്ളൂ. നക്ഷത്രങ്ങളുണ്ടാക്കാനുള്ള ഇല്ലിക്കോലുകള്‍ മുറിച്ചെടുക്കാന്‍ പ്രിന്‍സണും കൂട്ടുകാരും മലകയറി. ആവശ്യത്തിനു ഇല്ലികളെല്ലാം മുറിച്ചെടുത്ത്‌ പള്ളിയിലെത്തിയതും പ്രിന്‍സണെത്തേടി ആരോ വന്നിരുന്നു. മൂവന്തി നേരത്ത്‌ ആരോടും ഒന്നും പറയാതെ അവന്‍ വീട്ടിലേക്കോടി. കണ്ണുകള്‍ രണ്ടും പുറത്തേക്കു തള്ളി, ശ്വാസത്തിന്റെ ഒരു കണികപോലും അകത്തേക്കെടുക്കാന്‍ കഴിയാതെ മമ്മി മരണത്തോട്‌ മല്ലടിക്കുകയാണു. മമ്മിയെ താങ്ങിയെടുത്ത്‌ ഉരുളന്‍കല്ലുകള്‍ക്കിടയിലൂടെ പ്രിന്‍സണ്‍ ഓടി. രക്തസമ്മര്‍ദ്ദം കൂടി കിടപ്പിലായിരുന്ന മമ്മിയ്ക്ക്‌, പെട്ടെന്നു അസുഖം കൂടുകയായിരുന്നു. ഡോക്ടര്‍ക്കു മുന്‍പില്‍ കിടത്തിയ മമ്മിയുടെ ശ്വാസം അപ്പോഴും ഉച്ചസ്ഥായിയിലായിരുന്നു. പതുക്കെ ശ്വാസം നേരെയായെങ്കിലും  പ്രിന്‍സന്റെ കൈകളില്‍ തപ്പി, മമ്മി വാവിട്ടുകരഞ്ഞു. രക്തസമ്മര്‍ദ്ദം നിഴലായുരുണ്ടുകൂടി, മമ്മിയുടെ രണ്ടുകണ്ണുകളുടേയും കാഴ്ച്ച ശക്തി അപഹരിച്ചിരുന്നു. ആ ക്രിസ്മസ്‌ രാവിൽ മമ്മിയെ എടുത്ത് ആശുപത്രിയില്‍ നിന്നും മടങ്ങവെ, ഓരോ വീടുകളിലും പലനിറത്തിലുള്ള നക്ഷത്രങ്ങള്‍ തിളങ്ങുന്നതു അവന്‍ കണ്ടു.

വീട്ടിലെത്തിയതും അമ്മയെ കട്ടിലിൽ കിടത്തി, അല്‍പ്പം വെള്ളം കുടിച്ച്‌, ഉമ്മറപ്പടിയില്‍ വന്നിരുന്നു. ക്രിസ്മസ് പാതിരാ കുർബ്ബാനക്ക് ഇനി ഏതാനും മണിക്കൂറുകളെ ഉള്ളൂ. പക്ഷെ  നീറുന്ന ആ ഹൃദയത്തിനകത്ത്‌ മമ്മിയും,  ചെറുപ്പത്തില്‍ മരിച്ചുപോയ പെങ്ങളും, മദ്യലഹരിയിൽ ജീവിതം മറന്നുപോയ പപ്പയും ആവുന്നത്ര ആഴത്തില്‍ വലിയ കഠാരകള്‍കൊണ്ട്‌ വെട്ടി മുറിക്കാന്‍ തുടങ്ങി. വേദനകൊണ്ട്‌ പുളഞ്ഞ്‌, ഏതോ ഒരു നിമിഷം അവന്‍ ഉറങ്ങിപ്പോയി.

ക്രിസ്മസ്‌ പാതിരാവില്‍ പള്ളിയങ്കണം മുഴുവന്‍ ക്രിസ്മസ്‌ ട്രീകളാല്‍ നിറഞ്ഞു. നക്ഷത്രദീപങ്ങള്‍ മിഴിതുറന്ന് രാജകുമാരനെ കാണാന്‍ കൊതിച്ചുനിന്നു. കൃത്യം പന്ത്രണ്ടു മണിയ്ക്ക്‌ പള്ളിയില്‍ തിരുപ്പിറവി കര്‍മങ്ങള്‍ ആരംഭിച്ചു. പാതിരാകുര്‍ബ്ബാനയ്ക്കിടെ പിറവികൊണ്ട ഉണ്ണിയേശുവിനെ, ആട്ടിടയര്‍ 'മുക്കടക്കുന്നി' നപ്പുറത്ത്‌, ഉരുളന്‍കല്ലുകളും വെള്ളാരങ്കല്ലുകളും നിറഞ്ഞ ആ വഴിയിലൂടെ കൊണ്ടുപോയി, ചാണകം മെഴുകിയ തറയില്‍ തളര്‍ന്നുറങ്ങുന്ന പ്രിന്‍സന്റെ അരികില്‍ കിടത്തി. മുഴങ്ങുന്ന ഡോളിന്റെ ശബ്ദം കേട്ട്‌ ഞെട്ടിയുണര്‍ന്ന പ്രിന്‍സണ്‍ കണ്ടത്‌ തൂവെള്ളത്തുണിയില്‍ കിടക്കുന്ന ഉണ്ണിയേശുവിനെയാണു. പുറത്ത്‌ കരോള്‍ സംഘത്തില്‍ ആല്‍ബിയും ഡെല്ലയും ജിതിനും നിവ്യയുമെല്ലാം പാട്ടുപാടുമ്പോള്‍, ഉണ്ണീശോ പ്രിന്‍സണെ നോക്കി പുഞ്ചിരിച്ചു.