ചക്കപ്പഴം

വെള്ളാനിക്കോട്‌ പള്ളിക്കു മുമ്പിലെ വരിയ്ക്കപ്ലാവില്‍ ഒരു മുഴുത്ത ചക്കപ്പഴം ഇപ്പോ വീഴും... ഇപ്പോ വീഴും... എന്ന മട്ടില്‍ ചാഞ്ചാടിക്കൊണ്ടിരുന്നു. കീഴെ ആല്‍ബിയും, ഡെല്ലയും, വിനിലും , രഞ്ചുവുമടക്കം അഞ്ചെട്ടു കുരുന്നുകള്‍, കൊന്ന വടികൊണ്ട് തോട്ടിയുണ്ടാക്കി ചക്കപ്പഴത്തിനെ ഉന്നം വെച്ച് കുത്താന്‍ തുടങ്ങി. ഓരോ കുത്തും ചക്കപ്പഴത്തില്‍ അവിടവിടെ ചെറിയ തുളകളുണ്ടാക്കി. പരിസരമാകെ ചക്കപ്പഴത്തിന്റെ മാസ്മരഗന്ധം പരന്നു.

രഞ്ചുവിന്റെ വായില്‍ നിന്നൂറിയ തേന്‍ തുള്ളിയിലൊന്ന് നിലത്തുവീഴും മുമ്പെ, ചക്കപ്പഴം ഞെട്ടുപൊട്ടി കനാലിലേക്ക് വീണു. ചുണ്ടില്‍ തങ്ങി നിന്ന തേന്‍കുടം രഞ്ചു തുടച്ചു നീക്കുന്നേരം, വിനില്‍ രഞ്ചുവിനോട് പറഞ്ഞു : ''നീ കൊതി വിട്ടത് കൊണ്ടാ ചക്കപ്പഴം കനാലില്‍ വീണത്‌ !". ഇതുകേട്ട രഞ്ചു സങ്കടം സഹിക്കാതെ കരയാന്‍ തുടങ്ങി. ഏന്തിയേന്തി കരഞ്ഞ രഞ്ചുവിനെ ആല്‍ബി ആശ്വസിപ്പിച്ചു. കനാല്‍ വെള്ളത്തിലെ ഓളങ്ങളില്‍ ആടിയാടി ചക്കപ്പഴം യാത്ര തുടങ്ങി, ഒപ്പം ആല്‍ബിയും കൂട്ടുകാരും പ്ലാവിന്‍ ചുവട്ടില്‍നിന്നു വീടുകളിലേക്കും പോയി.

ഇന്നു ഞായറാഴ്ച്ച. കുര്‍ബ്ബാനയ്ക്ക് കൂട്ടുകാരെല്ലാവരും അണിനിരന്നു പ്രാര്‍ത്ഥനാഗീതങ്ങള്‍ ആലപിക്കാന്‍ തുടങ്ങി. തലേന്ന് കനാലില്‍വീണ ചക്കപ്പഴം, മാക്രി നക്കിയും പെരുച്ചാഴി തിന്നും പോയതോര്‍ത്ത് 'ചക്കപ്പഴക്കൂട്ടുകാരെ' ല്ലാവരും ഇടക്കിടെ നെടുവീര്‍പ്പിട്ടു. കുര്‍ബ്ബാന തീരുംവരെയും രഞ്ചു ആരുടേയും മുഖത്തേക്കു നോക്കിയില്ല. പിന്നെ പരസ്പരം നോക്കി എല്ലാവരും പുഞ്ചിരിച്ചു.

കുര്‍ബ്ബാന തീര്‍ന്നതും വികാരിയച്ചന്‍ കുഞ്ഞുകൂട്ടുകാരുടെ അരികില്‍ വന്ന്, തിങ്കളാഴ്ച്ച തുടങ്ങുന്ന സ്കൂള്‍ പരീക്ഷകള്‍ക്ക് എല്ലാവരും പഠിച്ചു തീര്‍ന്നോ എന്ന് ചോദിച്ചു. എല്ലാവരുടെയും തലയില്‍ കൈവച്ചു പ്രാര്‍ത്ഥിച്ചതിനു ശേഷം അദ്ദേഹം ഒരു കഥ പറഞ്ഞു. കഥയില്‍ നിറഞ്ഞുനിന്നത് തലേന്ന് നടന്ന 'ചക്കപ്പഴസംഭവ' മായിരുന്നു. വാര്‍ഷികപരീക്ഷയുടെ മാര്‍ക്കുകളെ ചക്കപ്പഴമായും, തോട്ടികൊണ്ട്‌ കുത്തിയവരെ പരീക്ഷാര്‍ത്ഥികളായും അദ്ദേഹം ഉപമിച്ചു. ഓരോരുത്തരും താന്താങ്ങളുടെ ' മാര്‍ക്ക് 'എന്ന ചക്കപ്പഴത്തിനായി ശ്രദ്ധയോടെ തോട്ടി വലിക്കാന്‍ അച്ചന്‍ ഉപദേശിച്ചു. ഇതുകേട്ടിരുന്ന 'ചക്കപ്പഴക്കൂട്ടുകാര്‍' പരസ്പരം നോക്കി. ചക്കപ്പഴം പറിക്കുന്നതിനിടെ വികാരിയച്ചൻ നടന്നു പോയത് കുഞ്ഞു കൂട്ടുകാർ കണ്ടിരുന്നില്ല. ഒരാള്‍ കൊതി വിട്ടതുകൊണ്ടല്ല, ചക്ക കനാലില്‍ വീണു പോയത് എന്നുകൂടി അച്ചന്‍ പറഞ്ഞപ്പോള്‍ എല്ലാവരും ഊറി ഊറി ചിരിക്കാന്‍ തുടങ്ങി.