ലവ് യു, ഡിയര്‍ മമ്മി



അവധി ദിവസങ്ങളിലെ ആഘോഷങ്ങള്‍ തകൃതിയായി നടക്കുന്നതിനിടെ ഒരു ദിവസം ആല്‍ബിയും ഡെല്ലയും കുര്‍ബാന കഴിഞ്ഞു നടന്നു വരികയായിരുന്നു. കനാലോരത്ത് കിളിര്‍ത്തു നില്‍ക്കുന്ന പുല്‍ചെടികള്‍ തിന്ന് മറിയച്ചേടത്തിയുടെ ആട്ടിന്‍കൂട്ടം ചാടി ചാടി നടക്കുന്നുണ്ട്. കാവിയില്‍ ഇടക്കിടെ കറുത്ത പുള്ളികളുള്ള കുഞ്ഞാട്ടിന്‍കുട്ടിയുടെ കഴുത്തില്‍ ഒരുമണി തൂങ്ങിക്കിടന്നിരുന്നു. ആല്‍ബിയെ കണ്ടതും കുഞ്ഞാട്ടിന്‍കുട്ടി കുതിച്ചുചാടി, രണ്ടു കയ്യും പൊക്കി അവന്റെ തോളില്‍ വച്ചു. ഇതുകണ്ട് ഡെല്ല ഓടി വന്ന് കുഞ്ഞാടിന്റെ കൈകള്‍ പിടിച്ച് അതിനെ നിലത്തു നിര്‍ത്തി. മണി കിലുക്കികൊണ്ട്‌ കുഞ്ഞാട്ടിന്‍കുട്ടി തൊട്ടാവാടികൂട്ടത്തിലേക്ക് ഓടിപ്പോയി. അതിന്റെ കുതിച്ചു ചാടിയുള്ള ഓട്ടം കണ്ട് ആല്‍ബി കുറേനേരം നോക്കിനിന്നു. ഡെല്ല അവന്റെ കൈപിടിച്ചുവലിച്ചപ്പോള്‍ തെല്ലൊന്ന് അമാന്തിച്ച് തലകീഴ്പ്പോട്ടാക്കി ആല്‍ബി നടന്നു.


വീട്ടിലെത്തിയപ്പോള്‍ ഡെല്ലയുടെ കുറച്ച് കുപ്പിവളകള്‍ നൂലില്‍ കോര്‍ത്ത്‌ കഴുത്തില്‍കെട്ടി, ആല്‍ബി കുഞ്ഞാട്ടിന്‍കുട്ടിയായി തുള്ളിച്ചാടി കളിച്ചു. ടാപ്പിംഗ്‌ കഴിഞ്ഞു വന്ന് കഞ്ഞി കുടിച്ചുകൊണ്ടിരുന്ന പപ്പ ഇതുകണ്ട് ചിരിച്ചപ്പോള്‍, ഡെല്ല മറിയച്ചേടത്തിയുടെ കുഞ്ഞാട്ടിന്‍കുട്ടിയെപ്പറ്റി വിശദീകരിച്ചുകൊടുത്തു. കുറച്ചുനേരം കഴിഞ്ഞു ആവേശമൊക്കെ തീര്‍ന്നപ്പോള്‍ ആല്‍ബി റബര്‍ മരച്ചോട്ടിലെ പൊന്തി നിന്നിരുന്ന ഒരു വേരില്‍ കയറിയിരുന്നു. കയ്യിലിരുന്ന കുപ്പിവളപ്പൊട്ടുകൊണ്ട് വേരില്‍കുത്തി റബ്ബര്‍ പാല് വരുന്നതും നോക്കിയിരുന്നു.


പിറ്റേന്ന് രാവിലെ പപ്പ മറിയച്ചേടത്തിയുടെ വീട്ടില്‍പോയി കുഞ്ഞാട്ടിന്‍കുട്ടിയെ വാങ്ങി. വഴി നീളെ മെഹെ...മെഹെ... എന്ന് കരഞ്ഞു വിളിച്ച്, കഴുത്തിലെ മണി തുള്ളികിലുക്കി ആട്ടിന്‍കുട്ടി നടന്നു. ഇടയ്ക്കിടെ രണ്ടുകാലിലും ബലം കൊടുത്ത് മൂടുഭാഗം പിന്നോട്ടാഞ്ഞു കുഞ്ഞാട്ടിന്‍കുട്ടി സഡന്‍ ബ്രേക്കിടും. അപ്പോഴെല്ലാം പുതുതായി സ്കൂളില്‍പോകുന്ന കുട്ടികളെയെന്നപോലെ, പപ്പ അതിനെ തള്ളി വലിച്ച് നടത്തിക്കും. അങ്ങനെ ഒരു കണക്കിന് വീട്ടിലെത്തിയതും ആല്‍ബി ഓടിവന്ന് കുഞ്ഞാടിന്റെ കൈകള്‍ രണ്ടും പിടിച്ച് അവന്റെ തോളില്‍ വച്ചു. മണികള്‍ പിടിച്ചാട്ടി കിലുകിലെ ശബ്ദമുണ്ടാക്കിയിട്ട് 'കിങ്ങിണി' എന്നതിനെ പേര് വിളിച്ചു. എന്നിട്ട്  കിങ്ങിണി കുഞ്ഞാടിന്റെ കഴുത്തിലെ കയര്‍ അവന്‍ അഴിച്ചു കളഞ്ഞു. സന്തോഷംകൊണ്ട് തുള്ളിച്ചാടിയ കുഞ്ഞാടിന്റെ കൂടെ ആല്‍ബിയും ഡെല്ലയും ആ പരിസരമാകെ ഓടിക്കളിച്ചു.


കുറച്ചു ദിവസം കഴിഞ്ഞ് ആല്‍ബിയും ഡെല്ലയും അതിരാവിലെ പള്ളിയില്‍ പോകുമ്പോള്‍ മണികള്‍ കിലുക്കി കിങ്ങിണിയും കൂടെവന്നു. നടന്നു നടന്നു കനാല്‍വഴിയിലെ പച്ചപ്പിനരികിലെത്തിയപ്പോള്‍, തൊട്ടാവാടി കൂട്ടത്തിനിടയിലേക്ക് കുഞ്ഞാട്ടിന്‍കുട്ടി ഓടിപ്പോയി. കുറേനേരം കിങ്ങിണീ...മേ...മേ...എന്നുവിളിച്ച് ആല്‍ബിയും ഡെല്ലയും അതിനെ കാത്തുനിന്നു. കുര്‍ബ്ബാനക്കുള്ള മണി മുഴങ്ങിയപ്പോള്‍ ഡെല്ല അവനെ പള്ളിയിലേക്ക് നിര്‍ബ്ബന്ധിച്ചു കൊണ്ടുപോയി. കുര്‍ബ്ബാന മുഴുവനും കുഞ്ഞാടിനെ ഓര്‍ത്ത്‌ ആല്‍ബി പ്രാര്‍ത്ഥിച്ചു. എന്തെ അവന്റെ അരികില്‍നിന്നും കിങ്ങിണികുഞ്ഞാട് ഓടിപ്പോയത് എന്ന് ഈശോയോട് ചോദിച്ചുകൊണ്ടിരുന്നു.


കുര്‍ബ്ബാന കഴിഞ്ഞതും ആല്‍ബി കനാലോരത്തുകൂടെ ഓടി. ഓട്ടത്തിനിടയില്‍ പാണല്‍ചെടികള്‍ക്കിടയിലേക്കും കൊങ്ങിണിത്തലപ്പുകളുടെ മറവിലേക്കും നോക്കിക്കൊണ്ടിരുന്നു. കിതച്ചുകൊണ്ട് ഓടിവന്ന് അവന്‍ തൊട്ടാവാടികൂട്ടത്തിനപ്പുറത്തേക്ക് ചാടിക്കടന്നു. വെളുപ്പില്‍ കറുത്ത പുള്ളികളുള്ള, നെറ്റിയില്‍ വളഞ്ഞ കൊമ്പുകളുള്ള ഒരു ആട് അവിടെ കിടക്കുന്നുണ്ടായിരുന്നു. കുറച്ചുകൂടി അടുത്ത്‌ ചെന്നപ്പോള്‍, കുഞ്ഞാട്ടിന്‍കുട്ടി തലചായ്ച്ച് അമ്മയാടിന്റെ ചൂടുംപറ്റി കൂനിക്കൂടി കിടക്കുന്നതാണ് കണ്ടത്. കിങ്ങിണിയുടെ തലക്കുമീതെ അമ്മയാട് നക്കിത്തുടച്ചു. പതിയെ തിരിഞ്ഞു കനാലോരത്തേക്ക് ആല്‍ബി നടക്കുമ്പോള്‍, ഡെല്ല അവനെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ''കിങ്ങിണികുഞ്ഞാട് അമ്മയുടെ കൂടെ കളിച്ചോട്ടെ...പാവം...!" ആല്‍ബി ഡെല്ലയോടു പറഞ്ഞു.
--------

Mother of Compassion
O Mother of Compassion,
I am Your sweet infant child,
Like Jesus looking far into the skies
From the lap of Mary.
You love me infinitely more
Than anybody else.
Friends and neighbours wonder
At your loving preference.
I call You Mother,
You call me darling.
I give You a sweet little smile
And kiss Your Feet again and again.
- A poem by Sri Chinmoy