കുന്തുരുക്കത്തിന്റെ മണമുള്ളവര്‍

വീട്ടിലേക്കു ഇനിയുമേറെ നടക്കാനുണ്ട്. നടന്നു നടന്നു ശരീരമാകെ തളര്ന്നപ്പോള്‍ വഴിയോരത്തെ കുന്നിന്‍ ചെരിവില്‍ റോബിന്‍ ഇരുന്നു. ദൂരെ ആകാശനീലിമയെ തൊട്ടുരുമ്മി മേഘങ്ങള്‍ ഒഴുകി നടന്നു. തൊട്ടരികിലെ വാഴക്കൂട്ടങ്ങള്‍ക്കിടയിലേക്ക് പലതരം കിളികള്‍ പറന്നിറങ്ങി.തലേന്നത്തെ അത്താഴം കഴിഞ്ഞു റോബിന്‍ ഒന്നും കഴിച്ചിരുന്നില്ല. ചാക്കോ, റോബിന്റെ അപ്പ രണ്ടു വര്ഷം മുമ്പ് മരിച്ചുപോയി. മമ്മിയുടെ അധ്വാനം കൊണ്ട് മാത്രം അനിയനും അവനുമടങ്ങുന്ന കുടുംബത്തിനു ഒന്നിനും  തികയുമായിരുന്നില്ല. ഇനിയുമങ്ങനെ നെടുനീളെ കിടക്കുന്ന വഴിയിലേക്ക് നോക്കി റോബിന്‍ ദീര്‍ഘ നിശ്വാസമിട്ടു.

വാഴക്കൂട്ടങ്ങള്‍ക്കിടയിലേക്ക് പറന്നിറങ്ങിയ കിളികള്‍ അപ്പോഴും പറന്നു പോയിരുന്നില്ല. പഴുത്തു തുടങ്ങിയ വാഴക്കുലയില്‍ അവ വട്ടമിട്ടു പറന്നു കൊത്തിതിന്നുകൊണ്ടിരുന്നു. വേലിക്കരികിലൂടെ നടന്നു റോബിന്‍ വാഴക്കരികിലെത്തിയപ്പോള്‍ കിളിക്കൂട്ടം മടിച്ചു മടിച്ചു പറന്നു പോയി. പക്ഷിക്കൂട്ടം ബാക്കിവച്ച പഴങ്ങളോരോന്നായി റോബിന്‍ ഇരിഞ്ഞു തിന്നു. വിശപ്പിനു തെല്ലാശ്വാസമായപ്പോള്‍ അവന്‍ തിരികെ നടന്നു. വേലിക്കഴ മാറ്റിവച്ച് പുറത്തു കടക്കുമ്പോഴും കയ്യിലൊരു പഴം ബാക്കിയുണ്ടായിരുന്നു. ഈ സമയം പുറത്തു നിന്ന് ഒരാള്‍ ചോദിച്ചു ; "ആരാടാ നീ ? ". അവന്‍ മറുപടി പറഞ്ഞു " വെള്ളിലംകാട്ടെ ചാക്കോയുടെ മകന്‍ റോബിന്‍ " . റോബിന്റെ ചെവിയില്‍ പിടിച്ചു വലിച്ച് അയാള്‍ അവനെ വഴിയിലേക്ക് തള്ളിയിട്ടു. സ്കൂള്‍ ബാഗെടുത്ത് അവന്‍ നടക്കാനൊരുങ്ങുമ്പോള്‍ അയാള്‍ അവനെ നിലത്തിട്ടു ചവിട്ടി. എന്നിട്ട് പറഞ്ഞു; " കാവുംമ്പാടന്‍ വര്‍ക്കിയുടെ പറമ്പില്‍ കയറി ഇനി നീ കക്കുമോടാ? " ഇതെല്ലാം കണ്ടു റോബിന്റെ സഹപാഠികള്‍ അമ്പരന്നു നില്‍ക്കുന്നുണ്ടായിരുന്നു.

അഞ്ചാം ക്ലാസ്സിലേക്ക് ഹെഡ്മാസ്റ്റര്‍ വരുമ്പോള്‍ റോബിനു ചുറ്റും കുട്ടികള്‍ കള്ളാ...കള്ളാ... പഴം കള്ളാ.. എന്നും വിളിച്ചു കളിയാക്കുന്നതാണ് കണ്ടത്. അങ്ങനെ തലേന്ന് വൈകീട്ട് നടന്ന സംഭവമറിഞ്ഞ ഹെഡ്മാസ്റ്റര്‍ മറ്റു കുട്ടികള്‍ക്ക് മുമ്പില്‍ വച്ച് അവനെ ഒരുപാട് ശകാരിച്ചു. സ്കൂളിനുണ്ടായ മാനഹാനി തീര്‍ക്കാന്‍ മാഷ്‌ അവനെ ചൂരല്‍ ഒടിയുവോളം തല്ലി. മിഴിനീര്‍ വറ്റിവരണ്ട മുഖവുമായി അന്നുരാത്രി അത്താഴത്തിനു ശേഷം റോബിന്‍ അമ്മയുടെ അരികിലെത്തി. എല്ലുകള്‍ ഉന്തിനിന്ന അവരുടെ മുഖത്തു നോക്കി അവന്‍ പറഞ്ഞു ; " അമ്മേ, വിശന്നപ്പോള്‍ ഞാനറിയാതെ ചെയ്തതാണ്..." ആ അമ്മ അവനെ കെട്ടിപ്പിടിച്ച് നെറുകയില്‍ ഒരു ഉമ്മ കൊടുത്തു. മറ്റൊന്നും ആ അമ്മയുടെ കയ്യിലുണ്ടായിരുന്നില്ല.

ഞായറാഴ്ച്ച അമ്മയും റോബിനും അനിയനും കൂടി പള്ളിയില്‍ പോയി. പള്ളിപരിസരത്തു കോഴികളും വാഴക്കുലകളും ചേന ചേമ്പ് ഇത്യാദി വര്‍ഗങ്ങളും കൊണ്ട് നിറഞ്ഞിരുന്നു.  ഇവയെല്ലാം വി.കുർബാന കഴിഞ്ഞ് ലേലം വിളിക്കാനുള്ളതാണ് . ജനങ്ങള്‍ക്കിടയില്‍ കാവുംമ്പാടന്‍ വര്‍ക്കിയെ കണ്ടതും റോബിന്‍ തല താഴ്ത്തി മുമ്പോട്ട്‌ നടന്നു. എല്ലാവരും കേള്‍ക്കെ കള്ളാ എന്ന് അയാള്‍ വിളിക്കല്ലേ എന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. ഓരോ കാലടിയും നീങ്ങുന്നതിനു മണിക്കൂറുകളുടെ ദൈര്‍ഘ്യമുള്ളതുപോലെ അവനു തോന്നി.

വി. കുര്‍ബ്ബാനക്കുള്ള മണി മുഴങ്ങി . വികാരിയച്ചന്‍ അള്‍ത്താരയില്‍ വന്നു. അന്നാപ്പെസഹാ തിരുനാളില്‍ കര്‍ത്താവരുളിയ കല്പ്പനയനുസരിച്ച്
സമൂഹം വി.ബലിയില്‍ സഹകാര്‍മ്മികരായി. "നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ" എന്ന സുവിശേഷ ഭാഗം അച്ഛന്‍ വായിച്ചുകൊണ്ടിരിക്കെ താൻ കള്ളനാക്കപ്പെട്ട സംഭവം റോബിൻ ഓർത്തു. പെട്ടെന്ന് കാവുംമ്പാടന്‍ വര്‍ക്കിയും സഹപാഠികളും നാട്ടുകാരും ചേര്‍ന്ന് റോബിനെ തുരു തുരാ കല്ലെറിയുന്നതായി അവന് തോന്നി. പെട്ടെന്ന് ഒരു കൂര്‍ത്ത കല്ല്‌ അവന്റെ കണ്ണില്‍ തറച്ചതും അവന്‍ ബോധരഹിതനായി നിലത്തു വീണു.

ഫാ.വര്‍ഗീസ്‌ പോള്‍ വികാരിയച്ഛനായിട്ടു ഇരുപതോളം വര്‍ഷങ്ങളായി. ആനമല പള്ളിയില്‍ വികാരിയായിട്ടു ഏതാണ്ട് ഒരു മാസവും. ഇടവക ജനങ്ങളെ പരിചയപ്പെട്ടു വരുന്നതേയുള്ളൂ. വി.കുര്‍ബ്ബാന കഴിഞ്ഞു അദ്ദേഹം പള്ളിമേടയില്‍ വന്നപ്പോള്‍ ഇടവകപ്രമാണിമാരെല്ലാം കാത്തുനിന്നിരുന്നു. കൂടിനിന്നിരുന്നവരോട് അച്ഛന്‍ ചോദിച്ചു; " ആ പയ്യന് വല്ലതും പറ്റിയോ? അവന്‍ ഏതാ?" കൂട്ടത്തില്‍ കാവുംമ്പാടന്‍ വര്‍ക്കിയുണ്ടായിരുന്നു. ചോദ്യം കേട്ടപാടെ അയാള്‍ മറുപടി ഗംഭീരമായി പറഞ്ഞു കൊടുത്തു. ഒപ്പം കള്ളനെന്ന ഒരു പട്ടവും റോബിന് അയാള്‍ ചാര്‍ത്തിക്കൊടുത്തു.


എല്ലാ ഞായറാഴ്ച്ചയും ഉച്ചയൂണ് കഴിഞ്ഞുള്ള പതിവ് ഉറക്കം, അന്ന് അച്ഛന്‍ വേണ്ടെന്നു വച്ചു. പള്ളിപ്പറമ്പും കഴിഞ്ഞ് തേക്കിന്‍ മരങ്ങളുടെ ഓരം ചേര്‍ന്ന്‍നടന്ന് കമുകും കശുമാവും കുരുമുളക് വള്ളികളും നിറഞ്ഞ തോട്ടങ്ങള്‍ക്കരികിലെത്തി. ‍ വഴിയില്‍ വച്ച് അച്ഛനെ കണ്ട ഒരു വല്യപ്പച്ഛന്‍  അദ്ദേഹത്തിനു സ്തുതി കൊടുത്തു. നാട്ടിടവഴിയിലൂടെയുള്ള ആ നടപ്പ് വര്‍ഗീസ്‌ പോളച്ഛന്റെ മാത്രം ശൈലിയാണ്. തരുന്ന സ്തുതികള്‍ക്ക് ചിരിച്ചുകൊണ്ടുള്ള അനുഗ്രഹവും അച്ഛനെ ഈശോയെപ്പോലെയാക്കി. അച്ഛന്‍ വരുന്നത് റോബിന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ആ സമയത്ത് അവന്‍ ഉച്ചയൂണു കഴിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. മീന്‍ കറിയുടെ ഗന്ധം പരിസരമാകെ നിറഞ്ഞിരുന്നു. റോബിന്റെ നിര്‍ബന്ധത്തിനു വഴങ്ങി അച്ഛന്‍ അവനോടൊത്തു ഊണു കഴിച്ചു.
ശേഷം രാവിലത്തെ കാര്യങ്ങള്‍ അച്ഛന്‍ വിശദമായി അന്വേഷിച്ചു.  നാട്ടുകാര്‍ക്കിടയില്‍ കള്ളനാകപ്പെട്ട കഥ റോബിന്‍ വിശദീകരിച്ചു. എന്നിട്ട് അച്ഛനു മുമ്പില്‍ ‍ മുട്ടുകുത്തിയിട്ട് അവന്‍ പറഞ്ഞു;


" പറന്നുപോയ ആ കിളികള്‍ക്ക് അറിയാമായിരുന്നു എന്റെ വിശപ്പിന്റെ വേദന..."

ആ കൊച്ചുപയ്യന്റെ ഉള്ളു തേങ്ങുന്നത്‌ അച്ഛനു കാണാമായിരുന്നു. അവനെ തോളോട് ചേര്‍ത്തുപിടിച്ച് അച്ഛന്‍ പറഞ്ഞു; "സാരമില്ല മകനേ..." എന്നിട്ട് കുറച്ചു മിഠായി അവനു കൊടുത്തിട്ട് അച്ഛന്‍ പോകാനൊരുങ്ങവെ റോബിന്‍ പറഞ്ഞു,

"അച്ഛന് കുന്തുരുക്കത്തിന്റെ മണമാണ്‌ ! "

ഒന്ന് ചിരിച്ചുകൊണ്ട് അച്ഛന്‍ മറുപടിപറഞ്ഞു ;

"റോബിനു സ്നേഹത്തിന്റെ മണമാണ്‌...!!!............. ".