ജാതിക്കാ സിക്‌സർ

ക്രിക്കറ്റ് കളി പാതിവച്ച് നിർത്തിയതിന്റെ വിഷമം രഞ്ജുവിന്റേയും ആൽബിയുടേയുമെല്ലാം മുഖത്തുണ്ടായിരുന്നു. രാവിലെ വി.കുർബ്ബാന കഴിഞ്ഞപ്പോൾ തുടങ്ങിയ കളിയാണ്. വെള്ളാനിക്കോട് പള്ളിക്കു മുമ്പിലെ സ്റ്റേജ് പരിസരമാണ് ക്രിക്കറ്റ് ഗ്രൗണ്ട്. ബാറ്റ്‌സ്മാന്റെ ഇടതുവശം ചേർന്ന് കനാലാണ്. കനാൽ പകുതിയോളം വെള്ളം നിറഞ്ഞൊഴുകുകയാണ്. ആൽബി സ്റ്റേജിന്റെ മുമ്പിൽ നിന്ന് പന്തെറിയാൻ ഓടി വരുന്നു. അമലാണ് ബാറ്റ് ചെയ്യുന്നത്. പന്തെത്തിയ പാടെ അമൽ ആഞ്ഞടിച്ചു. പക്ഷെ പന്ത് അമലിന്റെ ബാറ്റിനെ പറ്റിച്ചു. ക്ലീൻ ബൗൾഡ്!. ആൽബിയും കൂട്ടുകാരും ആർപ്പുവിളിച്ചു. നോബോളായിരുന്നു, ആൽബിയുടെ കാൽ ക്രീസിനു വെളിയിലായിരുന്നു എന്നെല്ലാം അമൽ പറഞ്ഞു നോക്കി. പക്ഷെ എല്ലാവരും ചേർന്ന് അവനെ 'ഔട്ടാക്കി'. വിഷമത്തോടെ അവൻ മടൽ ബാറ്റ് തോളിൽ വച്ച്, എന്നാൽ സെഞ്ച്വറിയടിച്ച് സച്ചിൻ പോകുന്ന പോലെ, ആകാശത്തേക്കൊന്ന് നോക്കി, പിന്നെ തലതാഴ്ത്തി 'പവലിയനി'ലേയ്ക്ക്, സ്റ്റേജിലേയ്ക്ക് കയറിപ്പോയി.

കളിയുടെ ആവേശം കാരണം വീട്ടിൽപോകാനുള്ള സമയം പോലും പലരും മറന്നുപോയി. ഇപ്പോൾ ആൽബിയുടെ ടീമിന്റെ ബാറ്റിങ്ങാണ്. പന്തെറിയുന്നത് അമൽ. ബാറ്റ്‌സ്മാൻ രഞ്ജു. ആൽബിയുടെ ടീമിന് ജയിക്കാൻ ഇന് പന്ത്രണ്ടു റൺസുകൂടി വേണം. രഞ്ജു അമലിന്റെ പന്ത് ആഞ്ഞടിച്ചു. പന്ത് അമലിന്റെ തലയ്ക്കു മുകളിലൂടെ സ്റ്റേജും കടന്ന് പറന്നു. സിക്‌സർ. അമൽ തലയ്ക്ക് കൈയ്യും വച്ച് നിന്നുപോയി. ഭാഗ്യത്തിന് അമലിന്റെ ഓവർ തീർന്നു.

അടുത്ത ഓവർ എറിയാൻ വരുന്നത് ഡെൽവിൻ. ആൽബിയാണ് ബാറ്റ്‌സ്മാൻ. 'അമ്പയർ കുഞ്ഞു' ബൗളിങ്ങ് തുടങ്ങാൻ ആങ്ങ്യം കാണിച്ചു. ഡെൽവിൻ ഓടിവന്ന് എറിഞ്ഞു. ഫുൾടോസ്. ആൽബി മടൽബാറ്റ് ഉയർത്തിയടിച്ചു. അടികിട്ടിയ പന്ത്, അമൽ ഫീൽഡ് ചെയ്യുന്ന സ്റ്റേജിനരികിലേയ്ക്ക് പറന്നു. അമ്പയർ കുഞ്ഞു ഓടിവന്ന് അമലിനോട് ചോദിച്ചു: ''ടാ അത് ഫോറാണോ?''. ആ സമയം അമൽ പന്ത് തിരയുകയാണ്. പൊന്തക്കാട്ടിൽ ബാറ്റുകൊണ്ടിളക്കി കൂട്ടുകാരെല്ലാവരും ചേർന്ന് പന്ത് നോക്കി. ഡെൽവിൻ ഓടിപ്പോയി കനാലിൽ നോക്കി. പക്ഷെ പന്ത് കാണാനില്ല.

പന്ത് ഫോറായി എന്നുറപ്പാണ്. എന്നാൽ അമൽ സമ്മതിക്കുന്നില്ല. പന്ത് ബൗണ്ടറി കടന്നിട്ടില്ല എന്നവൻ ഉറപ്പിച്ചു പറയുന്നു. ആൽബിയ്ക്കും രഞ്ജുവിനും  വലിയ സങ്കടമായി. മൂന്ന് റൺ കൂടി നേടിയാൽ അവരുടെ ടീം ജയിക്കും. എന്നാൽ പന്തില്ലാതെ എന്തു ചെയ്യും. ഇതിനിടയിൽ അമലും ഡെൽവിനും ചേർന്ന് ഗൂഢാലോചന നടത്തി ഒരു തീരുമാനത്തിലെത്തി. പന്തുപോയതു കാരണം കളി സമനില. ആൽബിയും ടീമും ഈ തീരുമാനത്തോട് യോജിച്ചില്ല. കാരണം കഴിഞ്ഞ ദിവസം കളി തോൽക്കാറായപ്പോൾ, അമൽ പന്ത് ചെളിയിൽ ചവിട്ടിത്താഴ്ത്തി. എന്നിട്ട് പന്ത് കാണാനില്ല എന്ന് പറഞ്ഞ് ആൽബിയുടെ ടീമിനെ പറ്റിച്ചു.  അന്ന് അമലിന്റെ ടീമിലുണ്ടായിരുന്ന രഞ്ജു ഇന്ന് ആൽബിയുടെ ടീമിലാണ്. അങ്ങനെ അമലിന്റെ കള്ളത്തരം പൊളിഞ്ഞു.

ക്രിസ്റ്റിയുടെ വീട് പള്ളിയ്ക്കു പുറകിലെ കനാൽ പാലവും കടന്ന് വലിയ അയനിപ്ലാവു നിൽക്കുന്നതിന്റെ അരികിലാണ്. ഇന്ന് ക്രിസ്റ്റിയും അനിയനും പള്ളിയിൽ വന്നിട്ടില്ല. ക്രിസ്റ്റിയ്ക്ക് പപ്പ പുതിയ പന്ത് വാങ്ങിക്കൊടുത്ത കാര്യം കഴിഞ്ഞ വേദപാഠക്ലാസ്സിൽ ആൽബിയോട് അവൻ പറഞ്ഞിരുന്നു. ഇക്കാര്യം ഓർത്തെടുത്ത് ആൽബി പറഞ്ഞു. നമ്മുക്ക് ക്രിസ്റ്റിയുടെ വീട്ടിൽ പോകാം. അവന്റെ കയ്യിൽ പന്തുണ്ട്. എന്നാൽ അമൽ പറഞ്ഞു: ''ഞാനില്ല. വീട്ടിൽ പോകണം. ഇനി വൈകിയാൽ അമ്മ വഴക്കു പറയും''. പന്തുകിട്ടിയാൽ കളി തോൽക്കുമെന്ന് അമലിന് ഉറപ്പായിരുന്നു. അവസാനം ആൽബിയുടെയും രഞ്ജുവിന്റെയും നിർബന്ധത്തിന് വഴങ്ങി എല്ലാവരും ചേർന്ന് ക്രിസ്റ്റിയുടെ വീട്ടിലേയ്ക്ക് നടന്നു. ഊഹം വച്ചുള്ള യാത്രയാണ്. ഇതിനു മുമ്പ് ആരും ക്രിസ്റ്റിയുടെ വീട് കണ്ടിട്ടില്ല. മഴവെള്ളം ഒലിച്ചുപോയതിന്റെ ബാക്കിയായി വഴിനീളെ ഇലകളും മരച്ചില്ലകളും ചെറിയ കമ്പുകളും പരന്നുകിടന്നിരുന്നു.

അയനിപ്ലാവിനടുത്തായി  ക്രിസ്റ്റിയും അനിയനും പപ്പയും നിൽക്കുന്നു. ക്രിസ്റ്റിയും അനിയനും തലതാഴ്ത്തി നിൽക്കുകയാണ്. പപ്പയുടെ കയ്യിൽ ഒരു വലിയ വടിയുണ്ട്. പപ്പ ദേഷ്യത്തിൽ ചോദിച്ചു: ''എന്താടാ നിങ്ങൾ ജാതിക്കാ പെറുക്കാതിരുന്നത്?''. ക്രിസ്റ്റിയും അനിയനും ഒന്നും മിണ്ടുന്നില്ല. ''ചോദിച്ചതിനു മറുപടി പറയെടാ ''എന്നും പറഞ്ഞ് പപ്പ ക്രിസ്റ്റിയുടെ തുടയിൽ ആഞ്ഞ് ഒരു അടി അടിച്ചു. അടി കിട്ടിയ പാടെ കരഞ്ഞുകൊണ്ട് ക്രിസ്റ്റി മറുപടി പറഞ്ഞു: ''ഞങ്ങൾ സൈക്കിൾ ചവിട്ടി കളിക്കുകയായിരുന്നു... '' ഇതുകേട്ട പാടെ പപ്പ ക്രിസ്റ്റിയ്ക്കും അനിയനും ഓരോ അടികൂടി കൊടുത്ത് ''വേഗം പോയി ജാതിക്കാ പെറുക്കടാ ''എന്നു പറഞ്ഞ് വീട്ടിനകത്തേയ്ക്ക് പോയി. ക്രിസ്റ്റിയും അനിയനും അടികിട്ടിയ വേദനയുടെ ഒപ്പം അത് കൂട്ടുകാർ കണ്ടല്ലോ എന്ന വേദനയിൽ നിൽക്കുകയാണ്. പെട്ടെന്ന് ആൽബി ഓടിച്ചെന്ന് ക്രിസ്റ്റിയുടെ കൈയ്യിൽ പിടിച്ച് പറഞ്ഞു: ''സാരമില്ലടാ നമ്മുക്ക് എല്ലാവർക്കും ചേർന്ന് ജാതിക്കാ പെറുക്കാം...'' കൂട്ടുകാരെല്ലാവരും ജാതിമരങ്ങൾക്കുചുറ്റും ഓടി നടന്ന് ജാതിക്കായെല്ലാം നിമിഷനേരംകൊണ്ട് പെറുക്കികൂട്ടി. ഇതുകണ്ട പപ്പ എല്ലാവരേയും വിളിച്ചിട്ടു പറഞ്ഞു: ''നിങ്ങൾ മിടുക്കരാണ്. കൂട്ടുകാർക്ക് അടികിട്ടിയപ്പോൾ അവരെ കളിയാക്കി ഓടുകയല്ല നിങ്ങൾ ചെയ്തത്. പകരം അവരെ സഹായിക്കുകയാണ് ചെയ്തത്''. എന്നിട്ട് പപ്പ എല്ലാവർക്കും മിഠായി കൊടുത്തു.

''കളിച്ചുകൊണ്ടിരുന്നപ്പോൾ പന്ത് കാണാതെപോയി. നിന്റെ പന്തു വാങ്ങാനാണ് ഞങ്ങൾ വീട്ടിലേക്കു വന്നത്. ഇനി നമ്മുക്ക് നാളെ കളിയ്ക്കാം. നാളെ നീയും അനിയനും കളിക്കാൻ വരുമ്പോൾ പന്തു കൊണ്ടു വരണം. ഇനി ഞങ്ങൾ വീട്ടിലേയ്ക്കു പോകട്ടെ''. ആൽബി ക്രിസ്റ്റിയോടു പറഞ്ഞു. കൂട്ടുകാരെല്ലാവരും ക്രിസ്റ്റിയോടും അനിയനോടും യാത്രപറഞ്ഞ് തിരികെ നടന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഡെൽവിൻ പറഞ്ഞു. ''നമ്മളെല്ലാവരും കൂടിയപ്പോൾ ജാതിക്കാ എത്ര പെട്ടെന്നാ പെറുക്കി തീർന്നത് അല്ലേ''. ''അതെ... '' കൂട്ടുകാരെല്ലാവരും പറഞ്ഞു. ഓരോരുത്തരുടേയും മുഖത്ത് കൂട്ടുകാരെ സഹായിച്ചതിന്റെ സന്തോഷമുണ്ടായിരുന്നു. അമൽ മാത്രം ഒന്നും മിണ്ടിയില്ല. കുറച്ചു ദൂരം കൂടി കഴിഞ്ഞ് പള്ളിയുടെ അരികിലെത്തിയപ്പോൾ അമൽ അവരോടു പറഞ്ഞു: ''പന്തു കിടക്കുന്ന സ്ഥലം ഞാൻ കണ്ടതാ. പക്ഷെ കളി തോൽക്കുമെന്ന് ഭയന്ന് ഞാൻ നിങ്ങളെ പറ്റിച്ചതാ. ഇനിയൊരിക്കലും ഞാൻ നിങ്ങളെ പറ്റിക്കില്ല''. കൂട്ടുകാരെല്ലാവരും കെട്ടിപ്പിടിച്ച് തുള്ളിച്ചാടി.