മഴവീട്



      നിറഞ്ഞൊഴുകുന്ന തോടിനു കുറുകെ ഒരു തെങ്ങിന്‍ പാലം. പിടിക്കുവാന്‍ ഒരു കൈവരി പോലുമില്ലാത്ത ഒറ്റ തെങ്ങിന്‍ പാലം. ഇടയ്ക്കിടെ പെയ്ത മഴയില്‍ തെങ്ങില്‍ പലയിടങ്ങളിലും പൂപ്പല്‍ പിടിച്ചിട്ടുണ്ട്. തെങ്ങിൻ പാലത്തിലൂടെ  മുമ്പില്‍ നടക്കുന്നത് അനിയന്‍ ലിയോ. "എടാ നല്ല വഴുക്കലുണ്ട്"  എന്നോര്‍മ്മിപ്പിച്ച് ചേട്ടന്‍ ജോണ്‍കുട്ടി പുറകിലും. കര്‍ക്കിടക മാസത്തിലെ മഴ ഇത്തവണ കുറച്ച് കടുത്ത മട്ടിലാണ്.

"മണ്‍കട്ടകള്‍ നനഞ്ഞ് കുതിര്‍ന്ന് വീട് വീഴാറായി. ഇന്ന് നമ്മുക്കും കുറച്ച് മണലെടുക്കണം. ഇനി നമ്മുടെ വീട് നന്നാക്കിയില്ലെങ്കില്‍ ഇടിഞ്ഞ് വീഴും...ഉറപ്പാ... നീ കണ്ടില്ലെ ക്ലാസിലെ കൂട്ടുകാര്‍ കഴിഞ്ഞാഴ്ച്ച ക്രിക്കറ്റ് കളിക്കാന്‍ വന്നപ്പോള്‍ വീട്ടിലേയ്ക്കു വരാമെന്നു പറഞ്ഞത്... ഭാഗ്യത്തിനു ആ മഴ വന്നപ്പോള്‍ നമ്മള്‍ ഓടി രക്ഷപ്പെട്ടതല്ലെ!"   നടക്കുന്നതിനിടയില്‍  ലിയോ പറഞ്ഞു. " വേഗം വാ... ഇല്ലെങ്കില്‍ വിശ്വേട്ടനും കുട്ടനും ഒക്കെ വന്ന് മണലെല്ലാം വാരിക്കൊണ്ടുപോകും".  ലിയോ തിടുക്കം കൂട്ടാന്‍ തുടങ്ങി.

തറവാട്ടിലായിരുന്നപ്പോള്‍ സുഖമായിരുന്നു. ഇടയ്ക്കിടെ ഇളയപ്പന്‍മാരുടെ കയ്യില്‍ നിന്നും കിട്ടിയിരുന്ന അടികളൊഴിച്ചാല്‍ പ്രൗഢമായ ജീവിതമായിരുന്നു. ഇന്നിപ്പോള്‍, മഴയൊന്നു കനത്തു പെയ്താല്‍ വീഴാന്‍ തയ്യാറായി നില്‍ക്കുന്ന വീട് അവർക്ക് വലിയ തലവേദനയാണ്. പ്രധാനമായി സ്‌കൂള്‍ അവധിദിനങ്ങളില്‍ കൂട്ടുകാരുടെ മുമ്പില്‍ മാനംപോകാതെ നോക്കാന്‍ അവര്‍ പാടുപെടുമായിരുന്നു. കഴിഞ്ഞ വേനലിന് വീടിന്റെ മച്ച് പൊളിച്ച് പുതിയതായി മേയേണ്ടതായിരുന്നു. തെങ്ങിന്‍ തടികൊണ്ടുള്ള കഴുക്കോലും പട്ടികകളും ചിതലരിച്ചു പോയിരുന്നു. ഒരു ദിവസം അമ്മ മാറാല തട്ടുന്ന വടികൊണ്ട് ചിതലരിച്ചു കയറിയ പട്ടികയിലൊരെണ്ണത്തില്‍ തട്ടിയതും രണ്ട് മൂന്ന് ഓടുകള്‍ ചിതല്‍പുറ്റുമടക്കം താഴെ വീണു. അതില്‍ പിന്നെ അമ്മ ഞങ്ങളെ അവിടെ കിടത്താറില്ല. ചിതലരിച്ചു കയറുന്ന ഭാഗങ്ങള്‍ക്കനുസരിച്ച് ഞങ്ങളുടെ കിടക്കയുടെ സ്ഥാനവും മാറിയിരുന്നു.

ഒരു കണക്കിനു പാലം കടന്ന്, കരയ്‌ക്കെത്തിയതും ലിയോ ഓടാന്‍ തുടങ്ങി. പുറകെ ചേട്ടന്‍ ജോണ്‍കുട്ടി. തോട്ടുവക്കിലൂടെ നടന്ന് കൈതക്കൂട്ടങ്ങളെത്തിയപ്പോള്‍ ലിയോ അവിടെ നിന്നു. എന്നിട്ടു പറഞ്ഞു:  " ടാ ഇവിടെ വലിയ ആഴമില്ലാ. നമ്മുക്ക് ഇവിടുന്ന് മണലു കോരാം". ജോണ്‍കുട്ടി തലയാട്ടി. കയ്യില്‍ കരുതിയ മണ്‍വെട്ടിയും ചൂരല്‍ കൊട്ടയും കൈതക്കാടിനടുത്ത് വച്ച് ജോണ്‍കുട്ടി തോട്ടിലേക്കിറങ്ങി. പതിയെ പരല്‍മീനുകള്‍ വന്ന് അവന്റെ കാലുകളില്‍ ഇക്കിളിയിടാന്‍ തുടങ്ങി. "എടാ കുഴപ്പമില്ലാ... നമ്മുക്കിവിടെ കോരാം". ജോണ്‍കുട്ടി പറഞ്ഞു.

ചൂരല്‍കുട്ടയില്‍ മണ്‍വെട്ടികൊണ്ട് മണല്‍ വാരിയിട്ട്  കുട്ടയുടെ കാതുകളില്‍ രണ്ടുപേരും ചേര്‍ന്ന് പിടിച്ച് ഓടും, മണല്‍ തട്ടിയിട്ട് തിരിച്ചോടി ജോണ്‍കുട്ടി വെള്ളത്തിലിറങ്ങും. എട്ടാം ക്ലാസുകാരന്‍ ജോണ്‍കുട്ടിയും ഏഴാം ക്ലാസുകാരന്‍ ലിയോയുംകൂടി ആദ്യമായി അങ്ങനെ മണല്‍ വാരല്‍ നടത്തി. ഇരുപതോളം കുട്ട മണല്‍ വാരിയപ്പോഴേക്കും ലിയോ തളര്‍ന്നു. "മതീടാ ഇനി നാളെ മണല്‍ വാരാം". മണല്‍കുട്ട ചുമന്ന് രണ്ടുപേരുടേയും കൈവെള്ള ചുമന്ന് വീര്‍ത്ത് പലയിടത്തും പൊട്ടിയൊലിച്ചു. മണല്‍കൂട്ടിയിട്ട സ്ഥലത്ത് ഒരു മരക്കമ്പ് കുത്തി അടയാളം വച്ചു. എന്നിട്ട് രണ്ടുപേരും കുളിച്ച് വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ വളരെ സന്തോഷമായിരുന്നു. ജീവിതത്തിലാദ്യമായി വലിയ ഒരു ജോലി ചെയ്ത സന്തോഷം.

പപ്പ ജോലിയ്ക്കു പോയിരിക്കുകയാണ്. അമ്മ അടുക്കളയിലും. നേരെ രണ്ടുപേരും ഊണുമേശയ്ക്കരികിലെത്തി. രാവിലെ കാപ്പി കുടിച്ചു പോയ പോക്കാണ്. സാധാരണ ശനിയാഴ്ച്ചകളില്‍ പോകുന്നത് ക്രിക്കറ്റ് കളിക്കാനാണ്. കളിയുടെ ആവേശം മൂത്ത് നില്‍ക്കുമ്പോഴായിരിക്കും പലദിവസങ്ങളിലും അമ്മയുടെ വരവ്. നീരോലിച്ചെടിയുടെ ഒരു വടിയും അമ്മയുടെ കയ്യിലുണ്ടാവും. "എടാ ജോണ്‍കുട്ടി..." ഒരു സൈറണ്‍ പോലെ അമ്മ ഉറക്കെ വിളിക്കും. ഈ വിളി കാതിലെത്തിയാല്‍ ഉറപ്പാ, ജോണ്‍കുട്ടിയും ലിയോയും കളപ്പറമ്പന്‍മാരുടെ പറമ്പിലൂടെ ഓടി കുറുക്കുവഴി ചാടി വീട്ടിലെത്തും. പിന്നെ അടിയെപ്പേടിച്ച് അമ്മ വരുന്നതും കാത്ത് പതുങ്ങി നില്‍ക്കും.

 "അമ്മേ... ചോറ്..." രണ്ടു പേരും ഒറ്റസ്വരത്തില്‍  വിളിച്ചുകൂവി. "എന്തേ പതിവിലും നേരത്തെ രണ്ടുപേരും എത്തിയല്ലോ. രണ്ടു മണിയാണല്ലോ കണക്ക്". അമ്മ അരികില്‍ വന്ന് ചോദിച്ചു. മുഖഭാവം കണ്ട് അമ്മ വീണ്ടും ചോദിച്ചു: "എന്തേ ഇന്ന് ക്രിക്കറ്റ് കളിയുണ്ടായില്ലെ?".    "അത് അമ്മേ... ഞങ്ങള്‍ കളിച്ചു. പിന്നെ നേരത്തെ കളി നിര്‍ത്തിയതാ". ജോണ്‍കുട്ടി പറഞ്ഞൊപ്പിച്ചു. "ഞാന്‍ അങ്ങോട്ട് വരാതെ നിങ്ങള്‍ കളി നിര്‍ത്താറില്ലല്ലോ!" അമ്മ സംശയം മാറാതെ വീണ്ടും പറഞ്ഞു.

രാത്രി നല്ല മഴയാണ്. സന്ധ്യ നേരത്ത് തുടങ്ങിയ മഴ, കുടുംബപ്രാര്‍ത്ഥനയടെ സമയവും കഴിഞ്ഞ് കനത്ത് പെയ്യുകയാണ്. പോരാത്തതിന് ആഞ്ഞുവീശുന്ന കാറ്റില്‍ റബ്ബര്‍ മരങ്ങള്‍ ഒടിഞ്ഞുവീഴുന്ന ശബ്ദവും കേള്‍ക്കുന്നുണ്ട്. മിന്നിയും മങ്ങിയും നിന്ന വൈദ്യുതിയും പോയി. വീടിനകത്ത് പലയിടത്തും ചോര്‍ന്നൊലിക്കുകയാണ്. ചോര്‍ച്ചയുള്ളതിനു കീഴിലെല്ലാം പഴയ പാത്രങ്ങള്‍ വച്ച്, മുറിയിൽ വെള്ളം വീഴാതിരിക്കാന്‍ അമ്മ ആവതു ശ്രമിക്കുന്നുണ്ട്. മഴ നേര്‍ത്ത് വരാന്‍ തുടങ്ങി. ഭക്ഷണം കഴിച്ച് മക്കളെയെല്ലാം അടുക്കളയുടെ അടുത്ത്  ചോര്‍ച്ചയില്ലാത്ത ഒരു സ്ഥലം നോക്കി അമ്മ കിടത്തി.

"അത്, പിന്നെ വീട് നന്നാക്കണമെന്ന് എനിക്കാഗ്രഹമില്ലാഞ്ഞിട്ടല്ല. വീടും പറമ്പും വാങ്ങിയ വകയിലുള്ള കടമടച്ചു തീര്‍ക്കാന്‍ തന്നെ ഞാന്‍ കഷ്ടപ്പെടുകയാണ്. പോരാത്തതിനു മരത്തിനും മണലിനും സിമന്റിനുമെല്ലാം എന്താ വില!   മണല്‍ കിട്ടാനുമില്ല". പപ്പ തന്റെ വേദന മമ്മിയോട് പറയുന്നത് ലിയോ കേട്ടു. തിരിഞ്ഞും  മറിഞ്ഞും കിടന്നിട്ടും പിന്നെ ലിയോയ്ക്ക് ഉറക്കം വന്നില്ല.

ഇന്ന് ഞായറാഴ്ച്ച. രാവിലെ വി. കുര്‍ബ്ബാന കഴിഞ്ഞാല്‍ പിന്നെ വേദപാഠം. വി.കുര്‍ബ്ബാനയ്ക്കിടയില്‍ ലിയോ ഈശോയോട് പറഞ്ഞു:  "കുഞ്ഞീശോ! ഞങ്ങടെ വീട് നന്നാക്കി തരണേ..." വേദപാഠ ക്ലാസു കഴിഞ്ഞയുടന്‍ ലിയോ, ജോണ്‍കുട്ടിയുടെ ക്ലാസിനരികിലേയ്ക്കുപോയി. രണ്ടുപേരും ചേര്‍ന്ന് വീട്ടിലേയ്ക്കു നടക്കുന്നതിനിടയില്‍ ലിയോയുടെ സംസാരം മുഴുവന്‍ തലേന്ന് പപ്പ മമ്മിയോടു പറഞ്ഞ കാര്യമായിരുന്നു. "ചേട്ടാ, നമ്മുക്ക് ഇന്ന് തന്നെ മണല്‍ വീട്ടിലെത്തിക്കണം". ലിയോ പറഞ്ഞു.

ഉച്ചയ്ക്ക് ചായകുടി കഴിഞ്ഞ് ലിയോയും ജോണ്‍കുട്ടിയും വീടിന്റെ ഉമ്മറത്തിരിക്കുമ്പോള്‍ അതാ ഒരു ലോറി വരുന്നു.  അത് അവരുടെ വീടിനരികെ നിര്‍ത്തി. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഡ്രൈവറുടെ അരികിലതാ ജോണ്‍കുട്ടിയുടെ കൂട്ടുകാരന്‍ സഞ്ജു. സഞ്ജു വലിയ വീട്ടിലെ കുട്ടിയാണ്. അവര്‍ക്ക് വലിയ വീടും കാറും ലോറിയുമെല്ലാമുണ്ട്. അവന്റെ മുമ്പിലിതാ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീടിന്റെയുള്ളിലിരിക്കുന്ന ഞാനും അനിയനും. താനും അനിയനും നാണം കെടാന്‍ പോകുന്നു. പോരാത്തതിന്  സഞ്ജു സ്ഥിരമായി അവരുടെ കൂടെ ക്രിക്കറ്റു കളിക്കുന്നതുമാണ്. അവന്‍ കണ്ടാല്‍ എല്ലാവരോടും ഇത് പറയും. വീടിന്റെ അവസ്ഥ കാണാനും കളിയാക്കാനും എല്ലാവരും വരും. പെട്ടെന്ന് തന്നെ ജോണ്‍കുട്ടി ലിയോയെ വിളിച്ചു. "വാടാ... നമ്മുക്ക് മുങ്ങാം..." വീടിന്റെ അടുക്കള വാതിലിലൂടെ കടന്ന് വെറ്റില കൃഷിചെയ്യുന്ന പറമ്പിലൂടെ അവര്‍ കളി സ്ഥലത്തെത്തി. അമ്പലത്തിനു മുമ്പിലെ പൂന്തുരുത്തിക്കാരുടെ തെങ്ങിന്‍തോട്ടമാണ് ക്രിക്കറ്റ് ഗ്രൗണ്ട്. ലിയോയും ജോണ്‍കുട്ടിമല്ലാതെ മറ്റാരും എത്തിയിട്ടില്ല. കളി തുടങ്ങാന്‍ ഇനിയും സമയമുണ്ട്. അവര്‍ ആരെങ്കിലും വരാന്‍വേണ്ടി കാത്തിരുന്നു. തലതാഴ്ത്തിയിരുന്ന ജോണ്‍കുട്ടി പെട്ടെന്ന് ലിയോയോടു പറഞ്ഞു. " എടാ, നമ്മുക്ക് വീട്ടിലേയ്ക്കു മണല്‍കൊണ്ടു പോകാം. കേട്ടപാടെ ലിയോ എണീറ്റ് നടക്കുന്നതിനിടയില്‍ പറഞ്ഞു. "വേഗം വാ..."

ഒറ്റച്ചക്രവണ്ടിയില്‍ മണല്‍ കയറ്റി ജോണ്‍കുട്ടി വണ്ടി മെല്ലെയൊന്നു പൊക്കി. വണ്ടി നിയന്ത്രിക്കാന്‍ പറ്റാതെ അരികിലേക്കൊന്ന് ചാഞ്ഞു. വീണ്ടും മണലെല്ലാം കയറ്റി സര്‍വ്വശക്തിയുമെടുത്ത് ജോണ്‍കുട്ടി വണ്ടിയുയര്‍ത്തി. ഒറ്റച്ചക്രവണ്ടി പതിയെ ഉരുളാന്‍ തുടങ്ങി. പരിചയക്കുറവു മൂലം പലപ്പോഴും വീഴാന്‍ പോകും. അപ്പോള്‍ വണ്ടി നിര്‍ത്തും. പിന്നെ വീണ്ടും ഉന്തും. കുറച്ചു വഴി ലിയോയും വണ്ടിയുന്തി. വീടിനരികില്‍ ചെറിയ ഒരു കയറ്റവും വളവുമുണ്ട്. കയറ്റം പെട്ടെന്ന് കയറാന്‍ വേണ്ടി വണ്ടിയുമായി ജോണ്‍കുട്ടി പതിയെ ഓടാന്‍ തുടങ്ങി. പിന്നാലെ ലിയോയും ഓടി. കയറ്റം കയറി, എന്നാല്‍ വളവു തിരിയുന്നതിനിടെ ഉന്തുവണ്ടി ഒരു കല്ലില്‍ കയറി തൊട്ടടുത്ത കാനയിലേയ്ക്ക് മറിഞ്ഞു. ഒപ്പം ജോണ്‍കുട്ടിയും. കാല്‍മുട്ട് കാനയിൽ  ഇടിച്ചപ്പോൾ  ജോണ്‍കുട്ടി ഉച്ചത്തില്‍ കരഞ്ഞു. ലിയോ ഓടിച്ചെന്ന് ചേട്ടായിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. ശബ്ദം കേട്ട് പപ്പയും മമ്മിയും ഓടിവരുമ്പോള്‍ കാണുന്നത്, ജോണ്‍കുട്ടിയുടെ ദേഹത്ത് ചോരയൊലിക്കുന്നതാണ്. "എന്തു പറ്റി മക്കളെ?"  മമ്മി പെട്ടെന്ന് ചോദിച്ചു. അപ്പോള്‍ പപ്പയെ നോക്കി ജോണ്‍കുട്ടി പറഞ്ഞു: "പപ്പാ... നമ്മുക്ക് വീട് നന്നാക്കാം... ഞങ്ങളും പപ്പയെ സഹായിക്കാം..."