സീഗൾ അഥവാ കടൽകാക്ക

വെള്ളാനിക്കോടു പള്ളിയിൽ നിന്നും ഇന്ന് രാത്രി വീട്ടിലേക്കു നടക്കുമ്പോഴാണ് എന്റെ പുറം ഭാഗത്ത് ചെറിയൊരു കിരു കിരുപ്പും തൊലിപ്പുറത്ത് വേദനയും അനുഭവപ്പെട്ടത്.

 ആ സമയം ഞാൻ നടക്കുമ്പോഴും പുറത്തു തുളഞ്ഞു കയറിവരുന്ന എന്തോ ഒന്ന്, പക്ഷെ അത് എന്റെ മുതുകിൽ രണ്ടു വശത്തേക്ക് വളര്ന്നു വരുന്നുണ്ടായിരുന്നു.

ചുങ്കൻ വര്ക്കിചേട്ടന്റെ വീടിനരികിലുള്ള ആ വളവിലെത്തിയപ്പോഴേ ഞാൻ പതിയെ വായുവിലുയര്ന്നു തുടങ്ങിയിരുന്നു. ഞാനിതാ ചിറകടിച്ചുയരുന്നു.

ഇതു അല്പ്പം ബുദ്ധിമുട്ടാണ്, ഇലക്ട്രിക് കമ്പികളിൽ മുട്ടാതെ പറക്കുക എന്നത്. എന്നാലും കയ്യാലപ്പടി ഇറക്കം ഞാൻ ശരിക്കും ആസ്വദിച്ചു. പിന്നെ അല്പ്പമെങ്കിലും എന്റെ കാൽ നിലത്തു മുട്ടിയത്‌ പാലയ്ക്കൽ ദേവസ്സിക്കുട്ടി ചേട്ടന്റെ വീടിനരികിലെത്തിയപ്പോഴാണ്.

പിന്നീട് പറന്നു പറന്നു വീട്ടിലെത്തിയപ്പോഴേക്കും നേരം വെളുത്തിരുന്നു.

വീണ്ടും സന്ധ്യയായി. പള്ളിപരിസരത്തേയ്ക്ക് പോകാന്‍ കൂട്ടുകാരേയും കാത്ത് ഞാന്‍ വെള്ളാനിക്കോട് ആലിന്റെ അരികില്‍ നില്‍ക്കുകയാണ്. വൈകീട്ടുള്ള നാടകപ്രാക്ടീസ് ആണ് ലക്ഷ്യം. 'ആകാശപ്പറവകള്‍'  നാടകം, പെരുന്നാളിന് തകര്‍ക്കണം. പക്ഷെ ആലിനരികിലുള്ള ഈ നില്‍പ്പ് തുടങ്ങിയിട്ട് അരമണിക്കൂറായി. ആരേയും കാണാനില്ല. ആല്‍മരത്തിനരികെ കുണ്ടായി രാമേട്ടന്റെ ചായക്കടയുടെ വാതില്‍ പൂട്ടിക്കിടക്കുകയാണ്. ഒരാളനക്കവുമില്ല. കുറച്ചുകഴിഞ്ഞ് സീഗള്‍ ബസ് വന്നു. രണ്ടാളിറങ്ങി. അവര്‍ വട്ടക്കൊട്ടായി ഭാഗത്തേയ്ക്ക് നടന്നുപോയി. വീണ്ടും നിശബ്ദത.

കുറച്ചുകഴിഞ്ഞ്, മഞ്ഞനിറത്തിലുള്ള ഷര്‍ട്ടും പൂക്കൾ നിറഞ്ഞ കൈലിയും മടക്കിയുടുത്ത് ഒരാള്‍ നടന്നു വരുന്നു. ഞാന്‍ വീണ്ടും വീണ്ടും നോക്കി. നല്ല പരിചയമുള്ള മുഖം. പക്ഷെ വെള്ളാനിക്കോടു വച്ച് മുമ്പ് കണ്ടിട്ടേയില്ല. നല്ല കുസൃതിയും ഓമനത്തവുമുളള മുഖം. മുന്‍നിരയിലെ പല്ലുകളിലൊന്ന് കൂടുതലായി പൊന്തിനില്‍ക്കുന്നുണ്ട്. ആ ചിരികൂടി കണ്ടപ്പോള്‍ എനിക്കാളെ പിടികിട്ടി. റൊണാള്‍ഡീന്യോ!. അതെ റൊണാള്‍ഡീന്യോ... പെട്ടെന്ന് ഞാന്‍ അവനോടു ചോദിച്ചു: "ടാ... നീ എന്താ ഇവിടെ?" മറുപടിയായി സ്വതസിദ്ധമായ അവന്റെ ഒരു ചിരി മാത്രം. പിന്നെ മാവറ ബിജുവിന്റെ വീടും കഴിഞ്ഞ് കനാലോരം പിടിച്ച് ഞങ്ങള്‍ പള്ളിയിലേയ്ക്കു നടക്കുമ്പോഴും അവന് ഒരുപാട് വിശേഷങ്ങള്‍ പറയാനുണ്ടായിരുന്നു.